നെഹ്റു ട്രോഫി ഫൈനൽ: പ്രത്യേക സമിതി വിഡിയോ പരിശോധിക്കും: കലക്ടർ
Mail This Article
ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വിഭാഗത്തിന്റെ ഫൈനൽ മത്സരത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രത്യേക സമിതി പരിശോധിക്കുമെന്നു കലക്ടർ. ഫൈനൽ മത്സരത്തിൽ വിജയിയെ തെറ്റായി പ്രഖ്യാപിച്ചതു -യാണു കലക്ടർ പ്രശ്നത്തിൽ ഇടപെട്ടത്. കലക്ടർ അലക്സ് വർഗീസ്, സബ് കലക്ടർ സമീർ കിഷൻ, എഡിഎം ആശ സി.ഏബ്രഹാം തുടങ്ങിയവർ ഉൾപ്പെടെയുള്ള സമിതിയാകും നാളെ ദൃശ്യങ്ങൾ പരിശോധിക്കുക.
ഫൈനൽ മത്സരത്തിൽ ഒരേപോലെ ഫിനിഷ് ചെയ്തിട്ടും അന്തിമ വിശകലനം നടത്താതെ, പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചെന്നാണു രണ്ടാം സ്ഥാനം ലഭിച്ച വീയപുരം ചുണ്ടൻ തുഴഞ്ഞ വിബിസി കൈനകരിയുടെ പരാതി. സ്റ്റാർട്ടിങ് പോയിന്റിലെ അപാകത മൂലം ട്രോഫി നഷ്ടപ്പെട്ടെന്നാണു മൂന്നാമതെത്തിയ നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ആരോപണം.
ഇക്കാര്യങ്ങളടക്കം പരിഗണിച്ചാണു പ്രത്യേക സമിതി രൂപീകരിച്ചു മത്സരത്തിന്റെ ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കുന്നത്. ഫോട്ടോ ഫിനിഷ് സംവിധാനത്തിന്റെ വിശകലനവും നടത്തിയേക്കും. നെഹ്റു ട്രോഫി വള്ളംകളിയിൽ 0.005 സെക്കൻഡ് വ്യത്യാസത്തിലാണു കാരിച്ചാൽ ചുണ്ടൻ (4.29.785 മിനിറ്റ്) ജേതാവായത്. വീയപുരം ചുണ്ടൻ (4.29.790) രണ്ടും നടുഭാഗം ചുണ്ടൻ (4.30.13) മൂന്നും നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ (4.30.56) നാലും സ്ഥാനങ്ങൾ നേടി.