ഹാവൂ: തകഴി ലവൽക്രോസിലെ അറ്റകുറ്റപ്പണി ഇന്നു തീരും
Mail This Article
ആലപ്പുഴ∙ അൽപം ആശ്വസിക്കാം; തകഴി ലവൽക്രോസിലെ നവീകരണവും അറ്റകുറ്റപ്പണികളും ഇന്നു പൂർത്തിയാകും. പണികൾ പൂർത്തിയായതോടെ ഗേറ്റ് അടയ്ക്കേണ്ട സാഹചര്യം ഇനി ഉണ്ടാകില്ലെന്നാണു റെയിൽവേ അധികൃതർ പറയുന്നത്.റെയിൽപാളം നവീകരണത്തിനു വേണ്ടി മാത്രം രണ്ടു മാസത്തിനിടെ പത്തു ദിവസത്തോളം റെയിൽവേ ഗേറ്റ് അടച്ചിട്ട ശേഷമാണു പണി പൂർത്തിയാകുന്നത്. ആദ്യം പാളം അറ്റകുറ്റപ്പണിക്കായി 3 ദിവസം അടച്ചിട്ടു. പിന്നീടു പടിഞ്ഞാറുവശത്തെ റെയിൽവേ പാളം ഇളക്കി യന്ത്രസഹായത്തോടെ പുതിയതു സ്ഥാപിക്കാൻ 3 ദിവസം അടച്ചിട്ടു. തുടർന്നാണു 26നു രാവിലെ മുതൽ 28നു രാത്രി വരെ അടച്ചിട്ട് ലവൽക്രോസിലെ ടാർ ഇളക്കി മെറ്റൽ വിരിച്ചത്. തുടർന്നു ടാറിങ്ങിനായി ഇന്നലെ രാവിലെ മുതൽ ഇന്നു വൈകിട്ടു വരെയും അടച്ചിട്ടു.
ഇന്നു വൈകിട്ടോടെ ലവൽക്രോസിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുമെന്നാണു റെയിൽവേ അധികൃതർ പറയുന്നത്.മെറ്റൽ വിരിച്ചതോടെയുണ്ടായ ഉയരവ്യത്യാസം കാരണം ഒട്ടേറെ വാഹനങ്ങളുടെ അടിഭാഗം തട്ടി കേടുപാടുണ്ടായിരുന്നു. പരാതികൾ ഉയർന്നതോടെയാണു ലവൽക്രോസ് ടാർ ചെയ്യൽ വേഗത്തിലാക്കിയത്.വന്ദേഭാരത് ട്രെയിൻ വന്നതോടെ ട്രെയിനുകളുടെ വേഗം കൂട്ടാനായി പണി തുടങ്ങുകയായിരുന്നു. തീരദേശ പാതയിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കുകയാണ് ലക്ഷ്യം.
വാഹനം ഇടിച്ച് ഗേറ്റ് കേടായത് പലവട്ടം
റെയിൽവേ ഗേറ്റ് താഴ്ത്തുന്നതിനിടെ വേഗത്തിലെത്തുന്ന വാഹനങ്ങൾ ഇടിച്ച് പലതവണ ഗേറ്റിനു കേടുപാടുണ്ടായിട്ടുണ്ട്. ഗേറ്റ് അടച്ചാൽ 10 മിനിറ്റോളം കാത്തുകിടക്കണം. ഈ സമയം ലാഭിക്കാൻ വാഹനങ്ങൾ പാഞ്ഞെത്തുന്നതാണ് അപകടമുണ്ടാക്കുന്നത്. ഓരോ തവണ വാഹനം ഇടിക്കുമ്പോഴും ഒരു ദിവസം ഗേറ്റ് അടച്ചിടും. ആലപ്പുഴയിൽ നിന്നു കരാർ ജീവനക്കാർ എത്തി വേണം ഗേറ്റ് ശരിയാക്കാൻ. അറ്റകുറ്റപ്പണികൾക്കൊപ്പം അപകടങ്ങളും കൂടിയാകുമ്പോൾ ഓരോ മാസവും രണ്ടിലേറെ തവണ ഗേറ്റ് അടച്ചിടാറുണ്ട്.