എടിഎം കാർഡ് മോഷ്ടിച്ച് പണം കവർന്ന യുവതിക്കായി തിരച്ചിൽ
Mail This Article
ആലപ്പുഴ ∙ ആശുപത്രി ജീവനക്കാരിയുടെ എടിഎം കാർഡ് മോഷ്ടിച്ച് 8500 രൂപ കവർന്ന യുവതിയുടെ കൂടുതൽ വ്യക്തമായ ചിത്രം പൊലീസ് പുറത്തുവിട്ടു. എടിഎമ്മിൽ നിന്നു പണം പിൻവലിക്കുന്നതിനിടെ നേരത്തെ ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ യുവതി ഷാളുകൊണ്ടു മുഖം മറച്ച നിലയിലായിരുന്നു. മുഖം വ്യക്തമാകുന്ന ചിത്രം ലഭിച്ചതോടെ യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ സൗത്ത് പൊലീസ് ഊർജിതമാക്കി. ചങ്ങനാശേരിയിൽ നിന്ന് ആലപ്പുഴയ്ക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത ആലപ്പുഴ ജനറൽ ആശുപത്രിയിലെ ജില്ലാ ടിബി സെന്റർ ജീവനക്കാരി ശ്രീകലാ ഭദ്രന്റെ പഴ്സ് ആണ് മോഷണം പോയത്. കോൺവന്റ് സ്ക്വയറിലെ എടിഎം കൗണ്ടറിൽ കയറിയ യുവതി പണം പിൻവലിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
എടിഎമ്മിന്റെ കവറിൽ തന്നെ പിൻ നമ്പർ എഴുതു വച്ചിരുന്നതിനാലാണ് മോഷ്ടാവിനു പണം പിൻവലിക്കാൻ കഴിഞ്ഞത്.മോഷ്ടാവായ യുവതി സഞ്ചരിച്ച വഴികളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് മുഖം വ്യക്തമായ ചിത്രം ലഭിച്ചത്. എടിഎമ്മിൽ പണം പിൻവലിച്ച സ്ത്രീയോടൊപ്പം മറ്റൊരു യുവതിയുടെയും ചിത്രം പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിൽ ഇവർ മുഖം മറച്ചിരുന്നില്ല. മോഷ്ടാവാണെന്നറിയാതെ ഇവർ ആവശ്യപ്പെട്ട പ്രകാരം മെഷീനിൽ നിന്നു പണം പിൻവലിക്കാൻ യുവതി സഹായിക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.