പാടത്ത് തീറ്റയ്ക്ക് ഇറക്കാനാവുന്നില്ല; താറാവുകർഷകർ വലയുന്നു
Mail This Article
എടത്വ ∙താറാവുകളെയും കൊണ്ട് തീറ്റ തേടി അലഞ്ഞുതിരിയേണ്ട സ്ഥിതിയിലാണ് താറാവു കർഷകർ. രണ്ടാം കൃഷി കഴിഞ്ഞ പാടശേഖരങ്ങളിൽ താറാവുകളെ ഇറക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ അനുവദിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ഡിസംബർ 31 വരെ നിയന്ത്രണം ഉണ്ടെന്ന കാരണം പറഞ്ഞാണ് കർഷകരെ വിലക്കുന്നത്. എന്നാൽ ജില്ലയിൽ താറാവുകളെ കൊണ്ടു പോകുന്നതിനും തീറ്റയ്ക്കായി ഇറക്കുന്നതിനും തടസ്സമില്ലെന്നാണ് കലക്ടറുടെ ഉത്തരവിലുള്ളത്. മുൻകാലങ്ങളിൽ താറാവുകളെ നെൽക്കർഷകർ പാടശേഖരത്ത് തീറ്റയ്ക്ക് ഇറക്കുന്നതിന് അനുവദിച്ചിരുന്നു, ഇത് താറാവു കർഷകർക്ക് ഏറെ ഗുണകരമായിരുന്നു. പാടശേഖരങ്ങളിലെ ചെറുമീനുകളെ തിന്നാൻ ലഭിക്കുമെന്നതും കൊഴിഞ്ഞു വീഴുന്ന നെല്ല് തീറ്റയായി ലഭിക്കുമെന്നതുമായിരുന്നു നേട്ടം. കൂടുതലും വരിനെല്ല് കിടക്കുന്നത് കൂട്ടത്തോടെ താറാവുകൾ തിന്നുന്നതിനാൽ വരിനെല്ലിന്റെ ആധിക്യം കുറയ്ക്കാനും കഴിഞ്ഞിരുന്നു.
2014 ൽ താറാവു പനി ആദ്യമായി റിപ്പോർട്ട് ചെയ്തതോടെയാണ് താറാവു കർഷകരുടെ കഷ്ടകാലം തുടങ്ങിയത്. ഇത് പല തവണ ആവർത്തിച്ചെങ്കിലും പാടശേഖരങ്ങളിൽ വിലക്ക് ഇല്ലായിരുന്നു. ഇക്കഴിഞ്ഞ സീസണിൽ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയ ശേഷമാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. താറാവുകളെ ഇറക്കാതായതിനെ തുടർന്നും മട വല കെട്ടാൻ അനുവദിക്കാഞ്ഞതോടെയും പാടത്തെ വെള്ളത്തിനൊപ്പം തോട്ടിൽ എത്തുന്ന ചെറുമീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി.
ഇത് ചീഞ്ഞഴുകിയതോടെ പ്രദേശവാസികൾക്ക് പ്രാഥമികാവശ്യത്തിനുള്ള വെള്ളം പോലും ലഭിക്കാതായി. ഇപ്പോൾ താറാവു കർഷകർ കൈത്തീറ്റ നൽകിയാണ് താറാവുകളെ വളർത്തുന്നത്. വൻനഷ്ടമാണ് ഇതു കാരണം ഉണ്ടാകുന്നത്. അതിനിടയിൽ താറാവുകളെ കൊന്നു നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം പോലും വിതരണം ചെയ്തിട്ടില്ലെന്നും കർഷകർ പറയുന്നു. അടിയന്തര നടപടി വേണം എന്ന് കർഷകനായ കുട്ടപ്പായി വിഴാപ്പുറത്ത് ആവശ്യപ്പെട്ടു.