ADVERTISEMENT

കുട്ടനാട് ∙ ജല അതോറിറ്റിയുടെ പൈപ്പ് തകർന്നു ശുദ്ധജലം പാഴായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകാത്തതിനാൽ സ്വന്തം നിലയ്ക്കു തകരാർ പരിഹരിക്കാൻ ഗുണഭോക്താവ് രംഗത്ത്. സ്വന്തം വീട്ടുമുറ്റത്തുനിന്ന് വെള്ളം ഒഴിയാതായതോടെയാണ് 1–ാം വാർഡ് പടവുപുരയ്ക്കൽ വീട്ടിൽ സാമോൻ പൈപ്പ് നന്നാക്കാൻ പണം മുടക്കി രംഗത്തിറങ്ങിയത്. ചമ്പക്കുളം പഞ്ചായത്ത് 1–ാം വാർഡിൽ പനവേലി പമ്പ് ഹൗസിൽ നിന്നുള്ള വിതരണ പൈപ്പാണു തകർന്നത്. 1–ാം വാർഡിലെ ഒട്ടനവധി ആളുകൾക്കു ശുദ്ധജലം ലഭിക്കുന്നത് ഈ പമ്പ് ഹൗസിൽ നിന്നാണ്. കഴിഞ്ഞ 5 ദിവസമായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനാൽ പ്രദേശവാസികൾക്ക് ആവശ്യാനുസരണം വെള്ളം ലഭിക്കുന്നില്ല.

പൈപ്പ് തകർന്നതോടെ സാമോന്റെ കുടുംബം നേരിടുന്നത് ഇരട്ടി ദുരിതമാണ്. പതിറ്റാണ്ടുകൾക്കു മുൻപു സാമോന്റെ പുരയിടത്തിലൂടെ ഇട്ടിരുന്ന പൈപ്പാണു തകർന്നത്. വീടിനോടു ചേർന്നാണു പൈപ്പ് ലൈൻ കടന്നു പോകുന്നത്. പൈപ്പ് പൊട്ടിയതോടെ പമ്പിങ് നടത്തുന്ന സമയത്തു സാമോന്റെ വീടിന്റെ കാർപോർച്ചിൽ അടക്കം വെള്ളക്കെട്ട് രൂപപ്പെടുന്ന അവസ്ഥയാണ്.ജലഅതോറിറ്റി അധികൃതരോടു പരാതി പറഞ്ഞിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ സാമോൻ സ്വന്തം ചെലവിൽ ആളുകളെ നിർത്തി കുഴിയെടുത്തു പൈപ്പ് ലൈൻ കണ്ടെത്താനുള്ള ശ്രമം കഴിഞ്ഞ 4 ദിവസമായി തുടരുകയാണ്. ഒന്നരയാൾ താഴ്ചയിൽ കുഴിയെടുത്തിട്ടും പൈപ്പ് ലൈൻ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. പൈപ്പ് ലൈൻ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരാനാണു സാമോന്റെ തീരുമാനം.

English Summary:

Faced with water shortage due to a broken pipeline, a resident of Ward 1 in Kuttanaad, Sam, took it upon himself to repair the leaking pipeline belonging to the Kerala Water Authority. This highlights the plight of residents who have been experiencing water scarcity for days due to the inaction of authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com