അരൂർ– തുറവൂർ ഉയരപ്പാത നിർമാണ സ്ഥലത്തെ യാത്രാദുരിതം: മുന്നൊരുക്കമില്ലാത്തത് തിരിച്ചടിയായെന്നു പിഎസി
Mail This Article
ആലപ്പുഴ∙ വേണ്ടത്ര തയാറെടുപ്പുകൾ നടത്താതെയുള്ള നിർമാണപ്രവർത്തനങ്ങളാണ് അരൂർ– തുറവൂർ ഉയരപ്പാത നിർമാണ സ്ഥലത്തെ ഗതാഗതക്കുരുക്കിനും യാത്രാക്ലേശത്തിനും കാരണമെന്നു പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി). അധ്യക്ഷൻ കെ.സി.വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ ഉയരപ്പാത നിർമാണ സ്ഥലം സന്ദർശിച്ച ശേഷമാണു കമ്മിറ്റിയുടെ വിലയിരുത്തൽ.അരൂർ- തുറവൂർ ഭാഗത്തു സർവീസ്, അപ്രോച്ച് റോഡുകളും ഗതാഗതം തിരിച്ചു വിടുന്ന റോഡുകളും സഞ്ചാരയോഗ്യമാക്കാതെയുള്ള ദേശീയപാത വികസന പ്രവർത്തനങ്ങളാണു ഗതാഗതക്കുരുക്കിനു പ്രധാനകാരണമെന്നു പിഎസിക്കു ബോധ്യപ്പെട്ടതായി കെ.സി.വേണുഗോപാൽ പറഞ്ഞു.ഉയരപ്പാത നിർമാണം തുടങ്ങിയ ശേഷം അരൂർ– തുറവൂർ ഭാഗത്ത് ഇതിനകം 27 പേർ അപകടങ്ങളിൽ മരിച്ചു.
പൊതുമരാമത്ത് വകുപ്പ് വിശദമായ റിപ്പോർട്ട് നൽകിയാൽ ഉടൻ സർവീസ് റോഡുകൾ ശക്തിപ്പെടുത്തി ഉപയോഗയോഗ്യമാക്കുമെന്നു ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായും കെ.സി പറഞ്ഞു.പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗങ്ങളായ ജഗദാംബിക പാൽ, ഡോ. അമർ സിങ്, ബാലഷോരി വല്ലഭനേനി, ഡോ. സി.എം.രമേഷ്, ശക്തിസിൻഹ് ഗോഹിൽ എന്നിവരാണു സ്ഥലം സന്ദർശിച്ചത്. അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലക്, ദേശീയപാത അതോറിറ്റി അംഗം വിശാൽ ചൗഹാൻ, പൊതുമരാമത്ത് സെക്രട്ടറി കെ.ബിജു, കലക്ടർ അലക്സ് വർഗീസ്, ദേശീയപാത അതോറിറ്റി കേരള റീജനൽ ഓഫിസർ മീന എന്നിവർ പിഎസി സംഘത്തെ അനുഗമിച്ചു.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി സന്ദർശിച്ചപ്പോൾ ഗതാഗതക്കുരുക്കില്ല!
∙ പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സന്ദർശനം നടന്ന സമയത്ത് അരൂരിൽ ഗതാഗതക്കുരുക്കില്ല! സമിതിയുടെ സന്ദർശനത്തോടനുബന്ധിച്ച് അത്രയും ഭാഗത്ത് ഇരുവശത്തെയും സർവീസ് റോഡുകൾ വൃത്തിയാക്കി. സമിതിയുടെ ബസ് നിർത്തിയിടാനും അംഗങ്ങൾക്കു ചർച്ച ചെയ്യാനുമായി അരൂരിനു സമീപം 72–ാം നമ്പർ തൂണിന്റെ ഭാഗത്തു പ്രത്യേക സജ്ജീകരണങ്ങളുമൊരുക്കി. സമിതി അംഗങ്ങൾ എത്തുന്നതിനു തൊട്ടുമുൻപ് ടാങ്കറിൽ വെള്ളം തളിച്ചാണു പൊടിശല്യം പരിഹരിച്ചത്.
ഇന്നലെ വൈകിട്ട് 4.30നാണ് അരൂർ പള്ളി ജംക്‌ഷൻ മുതൽ തെക്കോട്ടുള്ള ഭാഗം പിഎസി എംപിമാരുടെ സംഘം സന്ദർശിച്ചത്. ഇന്നലെ ഉച്ചയ്ക്കും തുറവൂർ മുതൽ അരൂർ വരെയുള്ള 12.75 കിലോമീറ്റർ ദൂരം പിന്നിടാൻ ഒരു മണിക്കൂറിലേറെ വേണ്ടിയിരുന്നു. തുറവൂർ മുതൽ അരൂരിനു തൊട്ടടുത്ത് വരെയും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. സമിതിയുടെ സന്ദർശനത്തോടനുബന്ധിച്ചു ജംക്‌ഷനുകളിൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണു ഗതാഗതം നിയന്ത്രിച്ചത്. എംപിമാർ യാത്ര ചെയ്ത ബസിനു പൈലറ്റ് വാഹനവും ഉണ്ടായിരുന്നു. എങ്കിലും ചിലയിടങ്ങളിൽ മുന്നിലെ വാഹനത്തെ മറികടക്കാനാകാതെ ബസ് പതുക്കെയാണ് പോയത്. ബസ് കടന്നു പോകുമ്പോൾ ഇടറോഡുകളിൽ നിന്നു വാഹനങ്ങൾ കയറുന്നതു തടഞ്ഞതു ഗതാഗതക്കുരുക്ക് കുറച്ചു.