ADVERTISEMENT

അമ്പലപ്പുഴ ∙ പുന്നപ്ര വയലാർ വാർഷികത്തിന് ഇന്ന് പുന്നപ്രയിലെ സമരഭൂമിയിൽ പതാക ഉയരുമ്പോൾ സമരനായകൻ വി.എസ് അച്യുതാനന്ദന് ഇന്ന് 101ാം പിറന്നാൾ കൂടിയാണ്. വിഎസ് സമര ഭൂമിയിലും പറവൂരിലെ വേലിക്കകത്ത് വീട്ടിലും എത്തിയിട്ട് 5 വർഷം കൂടിയാകുന്നു. 2019യിൽ പുന്നപ്ര വയലാർ വാർഷികാഘോഷം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായത്.പുന്നപ്ര വയലാർ വാർഷികത്തിന്റെ പുന്നപ്രയിലെ പരിപാടിയുടെ സമാപന ദിവസം പുന്നപ്ര സമരഭൂമിയിൽ വിഎസ് എത്തി അണികൾക്ക് ആവേശം പകർന്ന് ബലി കുടീരത്തിൽ പുഷ്പചക്രം അർപ്പിച്ചിരുന്നു. വൈകിട്ട് പറവൂരിലെ രക്തസാക്ഷി നഗറിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും വിഎസ് ആയിരുന്നു. വിഎസ് പറവൂരിലെ വീട്ടിൽ വരാതിരുന്ന കാലം മുതൽ വീടിനോടു ചേർന്ന് ജന്മനാളിൽ നാട്ടുകാർ പായസം തയാറാക്കി വിതരണം ചെയ്യുന്നതു പതിവാണ്.

വീടിനോടു ചേർന്ന് പഴയ നടക്കാവ് റോഡ് അരികിൽ ഇന്ന് 3ന് പായസ വിതരണം നടക്കും.‍‍ രാവിലെ 10ന് സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിൽ ജന്മദിനാഘോഷം നടക്കും. ജില്ലാ സെക്രട്ടറി ആർ.നാസർ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് മകൻ വി.എ.അരുൺകുമാറിന്റെ വീട്ടിൽ ഇന്ന് രാവിലെ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കും.വേലിക്കകത്ത് വീട്ടിലെത്തി വിഎസ് തിരുവോണസദ്യ ഉണ്ടിട്ടും 5 വർഷം കഴിഞ്ഞു. ഉത്രാട നാളിൽ എത്തുന്ന അദ്ദേഹം അവിട്ടം നാളിലാകും തിരികെ പോയിരുന്നത്. ഈ ദിവസങ്ങളിൽ നാട്ടുകാരും പാർട്ടി പ്രവർത്തകരും വീട്ടിൽ എത്തി വിഎസുമായി വിശേഷങ്ങൾ പങ്കുവച്ചിരുന്നതും പതിവായിരുന്നു.

‘പിറന്നാൾ ദിനത്തിൽ കുടുംബാംഗങ്ങൾ പറവൂരിലെത്തില്ല’ 
ആലപ്പുഴ ∙ പിറന്നാൾ ദിനത്തിൽ കുടുംബനാഥനെ വിട്ടു പറവൂരിലെത്താൻ കഴിയില്ലല്ലോ, അതിനാൽ കുടുംബാംഗങ്ങൾ വരുന്നില്ല. ‘കഴിഞ്ഞദിവസം പറവൂരിലെത്തിയിരുന്നു. ഏതാനും ദിവസം കഴിഞ്ഞു വീണ്ടും എത്തും’ – മകൻ വി.എ.അരുൺകുമാർ പറഞ്ഞു. വിഎസിന്റെ സഹോദരി ആഴിക്കുട്ടി നാട്ടിലുണ്ടെങ്കിലും അനാരോഗ്യം കാരണം കിടപ്പിലാണ്. വിഎസിന്റെ ഭാര്യാസഹോദരിയുടെ മകനും കുടുംബവുമാണു വേലിക്കകത്തു വീട്ടിൽ താമസിക്കുന്നത്. പിറന്നാൾ ദിനത്തിൽ അവർ പാർട്ടി നേതാക്കൾക്കും നാട്ടുകാർക്കും ആതിഥേയരാകും.

English Summary:

Celebrate the 101st birthday of VS Achuthanandan during the Punnapra Vayalar anniversary. Events include flag hoisting, payasa distribution, and a birthday celebration led by the CPM Ambalapuzha Area Committee. Engage in commemorations at Raktasakshi Nagar and learn more about this influential political figure in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com