മണ്ണാറശാല ആയില്യം മുഴുക്കാപ്പ് ചാർത്തൽ ഇന്ന് ആരംഭിക്കും
Mail This Article
ഹരിപ്പാട്∙ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിനു മുന്നോടിയായുള്ള മുഴുക്കാപ്പ് ചാർത്തൽ ഇന്ന് ആരംഭിക്കും. പുണർതം നാളായ 24നു സമാപിക്കും. 24നു മണ്ണാറശാല വല്യയമ്മയുടെ കാർമികത്വത്തിലാണ് മുഴുക്കാപ്പ് ചാർത്തൽ നടക്കുന്നത്. പുണർതം നാളിൽ എരിഞ്ഞാടപ്പള്ളിക്കാവിലും മറ്റ് അനുബന്ധ കാവുകളിലെ പൂജകളും പൂർത്തിയാകും. കാവുമാറ്റം വഴി മണ്ണാറശാലയിലെത്തിയ നാഗങ്ങൾക്കുള്ള പൂജയാണിത്.
നാളെ തിരുവാതിര നാളിൽ രാവിലെ ക്ഷേത്രത്തിൽ നാഗരാജാവിന് ഏകാദശ രുദ്രാഭിഷേകവും തുടർന്ന് ഇല്ലത്ത് നിലവറയ്ക്കു സമീപം സർപ്പം പാട്ടുതറയിൽ രുദ്രമൂർത്തിയായ മഹാദേവനു 11 വൈദിക ശ്രേഷ്ഠരുടെ കാർമികത്വത്തിൽ രുദ്രഏകാദശിനി കലശാഭിഷേകവും നടക്കും. വിശേഷാൽ കളമെഴുത്തും പുള്ളുവൻ പാട്ടും ഉണ്ടാകും. കളമെഴുത്ത് പൂർത്തിയായ ശേഷം ഭഗവത് പ്രീതികരമായ പുള്ളുവൻ പാട്ട് ആരംഭിക്കും.
മണ്ണാറശാല ആയില്യം 26നാണ്. മണ്ണാറശാലയിൽ കന്നി, തുലാം മാസങ്ങളിലെ ആയില്യം തുല്യപ്രാധാന്യത്തോടെയാണു കൊണ്ടാടുന്നതെങ്കിലും തുലാമാസത്തിലെ ആയില്യമാണു മണ്ണാറശാല ആയില്യം എന്നറിയപ്പെടുന്നത്. മണ്ണാറശാല ആയില്യത്തിന് തിരുവിതാംകൂർ രാജാക്കൻമാർ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നു.
ഒരിക്കൽ കന്നിയിലെ ആയില്യത്തിന് എത്തിച്ചേരാൻ മഹാരാജാവിനു സാധിച്ചില്ല. തുലാമാസത്തിലെ ആയില്യത്തിന് മഹാരാജാവ് ക്ഷേത്രത്തിൽ എത്തുന്നതിനാൽ കന്നിമാസത്തിലെ അതേ പ്രാധാന്യത്തോടെ തുലാമാസത്തിലെ ആയില്യത്തിനും ചടങ്ങുകൾ നടത്താൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണു തുലാമാസത്തിലെ ആയില്യം മണ്ണാറശാല ആയില്യമായി അറിയപ്പെടുന്നത്.