അമ്പലപ്പുഴ ഗവ.കോളജിൽ എസ്എഫ്ഐ, കെഎസ്‌യു സംഘർഷം
Mail This Article
അമ്പലപ്പുഴ ∙ ഗവ.കോളജിൽ എസ്എഫ്ഐ, കെഎസ്‌യു സംഘർഷം. പരുക്കേറ്റ കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്റ് ആദിത്യൻ സാനുവിനെ (22) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദിത്യൻ സാനുവിനെ കാണാനെത്തിയ ജില്ലാ വൈസ് പ്രസിഡന്റുമാരായ ആര്യ കൃഷ്ണൻ (24), തൻസിൽ(23) ജില്ലാ കമ്മിറ്റി അംഗം അർജുൻ ഗോപകുമാർ(23) എന്നിവരെ എസ്എഫ്ഐ പ്രവർത്തകർ ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിലിട്ട് ആക്രമിച്ചു. ഇവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആര്യ കൃഷ്ണന്റെയും തൻസിലിന്റെയും തലയിലും മുഖത്തും മുറിവുകളുണ്ട്.
അർജുൻ ഗോപകുമാറിന്റെ കൈകൾക്കാണു പരുക്ക്. പരുക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്തു.
ഗവ. കോളജിൽ യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കെഎസ്‌യു പ്രതിനിധികൾ വിജയിച്ചു. വിജയിപ്പിച്ച വിദ്യാർഥികൾക്ക് അഭിവാദ്യം അർപ്പിച്ച് കെഎസ്‌യു കോളജിനു സമീപം ഉയർത്തിയ ബോർഡ് ഇന്നലെ രാവിലെ തകർത്ത നിലയിൽ കണ്ടതിനെ തുടർന്ന് കെഎസ്‌യു, എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും തുടർന്നു കയ്യേറ്റവും ഉണ്ടായി. കൊടിമരവും തകർത്തു. ആദിത്യൻ സാനുവിനും എസ്എഫ്ഐ ഏരിയ പ്രസിഡന്റ് സദാമിനും(24) പരുക്കേറ്റു. സദാമും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കായി എത്തി.
മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റിലെ പൊലീസുകാരുടെ സാന്നിധ്യത്തിൽ ആയിരുന്നു ആക്രമണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹാമിദ് ആരോപിച്ചു. എസ്എഫ്ഐയുടെയും സിപിഎമ്മിന്റെയും നേതാക്കൾ കോളജിനുള്ളിൽ കടന്നു കെഎസ്‌യു നേതാക്കളെയും യൂണിയൻ ഭാരവാഹികളെയും ആക്രമിച്ചതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ കോളജ് അധികൃതർ പുറത്തു വിടണമെന്നും ഹാമിദ് ആവശ്യപ്പെട്ടു.
ബി.ബാബു പ്രസാദ് പ്രതിഷേധിച്ചു
ആലപ്പുഴ∙ മെഡിക്കൽ കോളജ് വളപ്പിൽ കെഎസ്‌യു നേതാക്കളെ ക്രൂരമായി മർദിച്ച എസ്എഫ്ഐ അതിക്രമത്തിൽ ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ് പ്രതിഷേധിച്ചു. കഴിഞ്ഞ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് ഡി കോളജിൽ ചെയർമാൻ സ്ഥാനം 28 വർഷത്തിനു ശേഷം പിടിച്ചെടുത്തതും അമ്പലപ്പുഴ ഗവ.കോളജിൽ കെഎസ്‌യു യൂണിയൻ ഭരണം നേടിയതും മൂലം എസ്എഫ്ഐക്ക് സമനില തെറ്റിയിരിക്കുകയാണ്. സ്വന്തം മുഖം വികൃതമായ സിപിഎം ആയുധം കൊടുത്ത് വിദ്യാർഥി സംഘടനയെ പ്രതിയോഗികളെ അമർച്ച ചെയ്യാൻ നിയോഗിച്ചിരിക്കുകയാണെന്നും ഇതിനു കനത്ത വില നൽകേണ്ടി വരുമെന്നും ബാബു പ്രസാദ് പറഞ്ഞു.
ഇന്ന് വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം
ആലപ്പുഴ∙ കെഎസ്‌യു പ്രവർത്തകർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന എസ്എഫ്ഐ-ഡിവൈഎഫ്ഐ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെഎസ്‌യു ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തുമെന്നു ജില്ലാ പ്രസിഡന്റ് എ.ഡി തോമസ് അറിയിച്ചു. ജില്ലയിലെ ക്യാംപസുകളിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.
അമ്പലപ്പുഴ ഗവ. കോളജിൽ ഇന്ന് എസ്എഫ്ഐ പഠിപ്പ് മുടക്ക്
ആലപ്പുഴ∙ അമ്പലപ്പുഴ കോളജിൽ ബോധപൂർവം സംഘർഷം സൃഷ്ടിച്ച് കോളജിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് കെഎസ്‌യു നടത്തുന്നതെന്നും ഇതിനെതിരെ ഇന്ന് അമ്പലപ്പുഴ കോളജിൽ പഠിപ്പു മുടക്കുമെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.