വൈദ്യുതി പുനഃസ്ഥാപിക്കാൻ നടപടിയില്ല: ഒടിഞ്ഞ വൈദ്യുതക്കാൽ; അനങ്ങാതെ കെഎസ്ഇബി
Mail This Article
മാന്നാർ ∙ വൈദ്യുതക്കാൽ ഒടിഞ്ഞു നിലംപൊത്തി, വൈദ്യുതിയില്ലാത്തതിനാൽ മാന്നാർ കുടവെള്ളാരി ബി പാടശേഖരത്തിൽ കൃഷിയിറക്കുന്നതിനു തടസ്സം. മാന്നാർ കുരട്ടിശേരി പാടശേഖരത്തിലെ കുടവെള്ളാരി എ ബ്ലോക്ക് പാടശേഖരത്തിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോമറിൽ നിന്നുമുള്ള വൈദ്യുതിയാണ് കുടവെള്ളാരി എ, കുടവെള്ളാരി ബി, കണ്ടങ്കരി എന്നീ മോട്ടർ പമ്പുകൾ പ്രവർത്തിക്കുന്നതിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ കുടവെള്ളാരി എയിൽ നിന്നും കുടവെള്ളാരി ബിയിലേക്കും, കണ്ടങ്കരിയിലേക്കും കടന്നു പോകുന്ന ലൈനിലെ 2 തൂണുകൾ ഇലമ്പലം തോട്ടിലേക്ക് ഒടിഞ്ഞു വീണിട്ട് നാളുകളായി.
വൈദ്യുതി മുടങ്ങിയതോടെ കുടവെള്ളാരി ബി ബ്ലോക്കിലെ മോട്ടർ പ്രവർത്തിപ്പിക്കാൻ കഴിയാതായി. ആലപ്പുഴയിൽ നിന്നും അധികൃതർ വന്ന് വൈദ്യുതി നൽകുന്നതിന് അനുവാദം കൊടുക്കുകയും തുടർന്നു മാന്നാർ കെഎസ്ഇബി ഓഫിസിൽ പണം അടയ്ക്കുകയും ചെയ്തിട്ടു മാസങ്ങളായി. മാന്നാറിലെ കെഎസ്ഇബിയിൽ നിന്ന് ഉദ്യോഗസ്ഥരെത്തി എസ്റ്റിമേറ്റ് എടുത്താൽ മാത്രമേ ശേഷിക്കുന്ന പണമടക്യ്കാൻ പാടശേഖര സമിതിക്ക് കഴിയൂ.
കർഷകരുടെ നിരന്തരമുള്ള ആവശ്യപ്രകാരം ഉദ്യോഗസ്ഥരെത്തി എസ്റ്റിമേറ്റ് എടുത്ത് പോയെങ്കിലും എത്ര തുക അടയ്ക്കണമെന്ന് ഇതുവരെ പാടശേഖര സമിതിയെ അറിയിച്ചിട്ടില്ല. കർഷകർ കെഎസ്ഇബി ഓഫിസ് കയറിയിറങ്ങിയിട്ടും പ്രയോജനമില്ലെന്ന് സമിതി പ്രസിഡന്റ് ബേബി കുര്യൻ, കർഷകരായ ബിജു, ഗിരീഷ് എന്നിവർ പറഞ്ഞു. ഇലമ്പലം തോട്ടിലേക്കു വീണു കിടക്കുന്ന വൈദ്യുതക്കാലുകൾ പുനഃസ്ഥാപിച്ചു വൈദ്യുതി ലഭ്യമാക്കാൻ തയാറാകാതെ കെഎസ്ഇബി അധികൃതർ അനാസ്ഥ കാട്ടുകയാണെന്നും കർഷകർ ആരോപിച്ചു.
വരിനെല്ലു കിളിർപ്പിക്കൽ നടക്കുന്നില്ല.
∙ പാടശേഖരത്തിലെ ഉയർന്ന ജലനിരപ്പും പാടമാകെ വളർന്നു നിൽക്കുന്ന വരിനെല്ലും മൂലം കൃഷി ഇറക്കുന്നതിനു കാലതാമസം നേരിടുകയാണ്. പാടത്തെ വെള്ളം വറ്റിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു മോട്ടർ പ്രവർത്തിക്കുന്നതിനുള്ള വൈദ്യുതി ഇല്ലാത്തതാണ് കുടവെള്ളാരി ബി പാടശേഖരം ഇപ്പോൾ നേരിടുന്ന പ്രശ്നം. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതു ചെയ്തില്ലെങ്കിൽ കൃഷിയിറക്കാൻ തന്നെ ബുദ്ധിമുട്ടാകും.
മാന്നാർ കെഎസ്ഇബിയിൽ നിന്നും കർഷകർക്ക് ആശ്വാസകരമായ നടപടികൾ ഉണ്ടാകുന്നില്ലെന്നു കർഷകർ ആരോപിച്ചു. കൃഷി വകുപ്പ് ഇടപെട്ട് വൈദ്യുതി എത്തിക്കുകയും വരിനെല്ലു കിളിർപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യണമെന്നാണു കർഷകരുടെ ആവശ്യം. അല്ലാത്തപക്ഷം കൃഷി ഉപേക്ഷിക്കാനും കുടവെള്ളാരി ബി പാടശേഖരത്തിലെ കർഷകർ ആലോചിക്കുന്നു.