പക്ഷിപ്പനി നിയന്ത്രണം: സംസ്ഥാന സർക്കാരിനു വീഴ്ച; കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്രമന്ത്രിക്കു കത്തു നൽകി
Mail This Article
ആലപ്പുഴ ∙ പക്ഷിപ്പനി നിയന്ത്രണത്തിൽ സംസ്ഥാന സർക്കാരിനുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി രാജീവ് രഞ്ജൻ സിങ്ങിനു കൊടിക്കുന്നിൽ സുരേഷ് എംപി കത്തു നൽകി. നിയന്ത്രണത്തിലെ കാലതാമസവും അപര്യാപ്തമായ പ്രതികരണ നടപടികളും സാമ്പത്തികമായും പൊതുജനാരോഗ്യത്തിലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നു കത്തിൽ ആരോപിക്കുന്നു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വ്യാപിച്ച പക്ഷിപ്പനി നേരിടാൻ സംസ്ഥാന സർക്കാരിന്റെ നടപടികൾ വൈകിയതു കാര്യങ്ങൾ കൂടുതൽ വഷളാക്കി.
വൈറസിനെ നേരത്തെ കണ്ടെത്തിയിട്ടും നടപടി എടുക്കുന്നതിലെ ഏകോപനമില്ലായ്മ കോഴിവളർത്തൽ വ്യവസായത്തിനും പ്രാദേശിക കർഷകർക്കും ദോഷമുണ്ടാക്കി. താറാവു ഹാച്ചറികൾ സംബന്ധിച്ചു കേന്ദ്ര സർക്കാരിന്റെ നിർബന്ധിതമല്ലാത്ത നടപടി സംസ്ഥാനം നടപ്പാക്കിയതും പരാജയമാണ്.
പക്ഷിപ്പനി കാരണം ബുദ്ധിമുട്ടിലായ കർഷകർക്ക് ഈ നടപടി വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. കേന്ദ്ര അധികാരികൾ നിർദേശിച്ച പ്രകാരം മതിയായ ജൈവ സുരക്ഷാ നടപടികൾ നടപ്പാക്കിയില്ല. വാക്സിനേഷനിലും വീഴ്ചയുണ്ടായി.ഹാച്ചറികളിലെ അനാവശ്യ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ജൈവ സുരക്ഷാ നടപടികളെടുക്കണമെന്നും കർഷകർക്കു നഷ്ടപരിഹാരം നൽകണമെന്നും എംപി സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചു.