അനാസ്ഥയിൽ കുത്തി അവഗണനയിലേക്കൊരു ചാട്ടം
Mail This Article
ആലപ്പുഴ ∙ കീറിപ്പറിഞ്ഞ ജംപിങ് ബെഡിലേക്കു മുളയും ജിഐ പൈപ്പും കുത്തിച്ചാടുന്ന കായികതാരങ്ങൾ. ജില്ലയിലെ കായികമേഖലയുടെ ദുരവസ്ഥയുടെ നേർച്ചിത്രമായിരുന്നു ജില്ലാ സ്കൂൾ കായികമേളയിൽ ഇന്നലെ നടന്ന പോൾവോൾട്ട് മത്സരം. ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസ് ഗ്രൗണ്ടിലായിരുന്നു മത്സരം. ജില്ലയിൽ ഇവിടെ മാത്രമാണ് പോൾവോൾട്ടിനുള്ള ജംപിങ് ബെഡ് ഉള്ളത്. വർഷങ്ങൾക്കു മുൻപു വാങ്ങിയ ബെഡ് കീറിപ്പറിഞ്ഞ നിലയിലായി.
മത്സരത്തിന് ഉപയോഗിക്കുന്ന ഫൈബർ പോളിന് ഒരു ലക്ഷത്തോളം രൂപ വില വരും. ഇതിനു പണമില്ലാത്തതിനാൽ വിദ്യാർഥികൾ മുളവടിയും ജിഐ പൈപ്പുമായാണു മത്സരിക്കാനെത്തിയത്. പാലായിലെ പരിശീലന കേന്ദ്രത്തിൽ നിന്നു സംഘടിപ്പിച്ച പോളിന്റെ ഒടിഞ്ഞ പാതിയുമായാണു കലവൂർ സ്കൂളിലെ വിദ്യാർഥികൾ മത്സരിച്ചത്. യഥാർഥ ഫൈബർ പോളിൽ മത്സരിച്ചത് ഒരു വിദ്യാർഥി മാത്രം.
മത്സരത്തിലെ ഏറ്റവും മികച്ച ഉയരം സ്വന്തമാക്കിയത് ഈ വിദ്യാർഥി തന്നെ. ഫൈബർ പോൾ ഉപയോഗിച്ചു ചാടുമ്പോൾ കായികതാരം പോളിനുമേൽ പ്രയോഗിക്കുന്ന ഊർജം ഇരട്ടിയിലധികമായി പോൾ തിരിച്ചുനൽകും. പോൾ വളഞ്ഞു നിവരുമ്പോൾ ലഭിക്കുന്ന കരുത്തിൽ കൂടുതൽ ഉയരങ്ങളിലേക്കു പറക്കാം. എന്നാൽ മുളയും ജിഐ പൈപ്പുമൊന്നും വേണ്ട രീതിയിൽ വളഞ്ഞുകിട്ടില്ല. ഇവ ഉപയോഗിക്കുന്നത് അപകടത്തിനും കാരണമാകുമെന്നു വിദഗ്ധർ പറയുന്നു. ജില്ലയിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്കും മികച്ച ജംപിങ് പിറ്റും ജംപിങ് ബെഡുമൊന്നും ഇല്ലാത്തതിനാൽ പല വേദികളിലായാണ് ജില്ലാ സ്കൂൾ കായിക മേള നടക്കുന്നത്.