ചമ്പക്കുളം 3–ാം വാർഡ്: ശുദ്ധജലം കിട്ടാനില്ല; 3 പേർക്കു മഞ്ഞപ്പിത്തം, ആശങ്കയിൽ നാട്ടുകാർ
Mail This Article
കുട്ടനാട് ∙ ശുദ്ധജലം കിട്ടാക്കനിയായി, ചമ്പക്കുളം 3–ാം വാർഡ് നിവാസികൾ ദുരിതത്തിൽ. പ്രദേശത്തു 3 പേർക്കു മഞ്ഞപ്പിത്തം പിടിപെട്ടതോടെ ആശങ്കയിൽ നാട്ടുകാർ. ഒരു കുടുംബത്തിലെ 3 പേർക്കാണു രോഗം പിടിപെട്ടത്. ഒരാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജലഅതോറിറ്റിയുടെ ശുദ്ധജലം നാളുകളായി പ്രദേശത്തു ലഭിക്കുന്നില്ല. താൽക്കാലിക പരിഹാരത്തിനായി പൊതു ജലാശയത്തിൽ നിന്നു നാട്ടുകാരുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ജലവിതരണ പദ്ധതിയും കാര്യക്ഷമമല്ലാതായതോടെ കടുത്ത ശുദ്ധജല ക്ഷാമമാണു പ്രദേശത്തുള്ളത്.
മുന്നുറ്റി അൻപതോളം കുടുംബങ്ങളാണ് ഈ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. ഇതിൽ പലർക്കും നിലവിൽ വെള്ളം ലഭിക്കുന്നില്ല. ചിലർക്കു തീരെ കുറഞ്ഞ അളവിൽ ലഭിക്കുന്ന വെള്ളം ശേഖരിച്ചു വച്ചാണ് ഉപയോഗിക്കുന്നത്. പാടശേഖരങ്ങളിൽ പുഞ്ചക്കൃഷിക്കായുള്ള പമ്പിങ് നടക്കുന്നതിനാൽ പ്രദേശത്തെ ജലാശയങ്ങൾ ആകെ മലിനജലം ആണുള്ളത്. പാടശേഖരങ്ങളിൽ നിന്നു പുറംതള്ളുന്ന വെള്ളത്തിനൊപ്പം മത്സ്യങ്ങളും ചത്തു പൊങ്ങുന്നതിനാൽ തീർത്തു ഉപയോഗ ശൂന്യമായ വെള്ളമാണു പൊതുജലാശയത്തിലുള്ളത്. മറ്റുമാർഗം ഇല്ലാത്തതിനാൽ ചിലർ ഈ വെള്ളമാണ് ഉപയോഗിക്കുന്നത്.
കടുത്ത ശുദ്ധജല ക്ഷാമം നേരിട്ടതോടെ ചിലർ സ്വന്തം വീട് ഉപേക്ഷിച്ചു ശുദ്ധജലം ലഭ്യമാകുന്ന ബന്ധുവീടുകളിലും വാടക വീടുകളിലും അഭയം തേടിയിട്ടുണ്ട്. ജലഅതോറിറ്റിയുടെ ഓവർ ഹെഡ് ടാങ്ക് പള്ളിക്കൂട്ടുമ്മയിൽ നോക്കുകുത്തിയായി നിൽക്കാൻ തുടങ്ങിയിട്ടു കാലംകുറേയായി. ഏതാനും വർഷം മുൻപു നീരേറ്റുപുറത്തു നിന്നുള്ള പ്രദേശത്തെ പൊതു ടാപ്പുകളിൽ ലഭിച്ചിരുന്നതു ശേഖരിച്ചു പ്രദേശവാസികൾ ഉപയോഗിച്ചിരുന്നു. എന്നാൽ അതു നാളേറെയായി ലഭിക്കുന്നില്ല. ഇപ്പോൾ മഴവെള്ളം ശേഖരിച്ചും വാഹനങ്ങളിൽ എത്തുന്ന വെള്ളം വിലകൊടുത്തു വാങ്ങിയുമാണു പ്രദേശവാസികൾ ദാഹം അകറ്റുന്നത്.