ADVERTISEMENT

ഹരിപ്പാട് ∙ നാഗദൈവങ്ങൾക്ക് ഉപ്പും മഞ്ഞളും സമർപ്പിച്ച് അനുഗ്രഹം വാങ്ങാൻ ആയിരങ്ങൾ ഇന്ന് പൂയം നാളിൽ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ എത്തും. അനന്ത, വാസുകി ചൈതന്യങ്ങൾ ഏക‌ഭാവത്തിൽ കുടികൊള്ളുന്ന മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ വിശേഷാൽ പൂജാദി നൈവേദ്യങ്ങളാൽ സംപ്രീതനായിരിക്കുന്ന അനന്തഭഗവാന്റെ ദർശന പുണ്യമായ പൂയം തൊഴലിന് രാത്രി 10ന് നട അടയ്ക്കുന്നതുവരെ അവസരമുണ്ട്. 

അനന്തഭാവത്തിലുള്ള തിരുവാഭരണമാണ് പൂയം നാളിൽ ഭഗവാന് ചാർത്തുന്നത്. രാവിലെ 9.30ന് നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും തിരുവാഭരണം ചാർത്തി വലിയമ്മ സാവിത്രി അന്തർജനത്തിന്റെ കാർമികത്വത്തിൽ നടക്കുന്ന ചതുശ്ശത നിവേദ്യത്തോടെയുള്ള ഉച്ച പൂജ ദർശിക്കാൻ ആയിരങ്ങൾ ക്ഷേത്രത്തിലെത്തും. 

ക്ഷേത്രത്തിന്റെ തെക്കേ നടയിലെ മണ്ണാറശാല യുപി സ്കൂളിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ രാവിലെ 11മുതൽ ഉച്ചയ്ക്ക് 2 വരെ പൂയസദ്യ നടക്കും. രാവിലെ ക്ഷേത്രനടയിൽ മേള വാദ്യ സേവയ്ക്കു ശേഷം ഉച്ചയ്ക്ക് സർപ്പം പാട്ട് തറയിലും മേള വാദ്യ സേവ നടക്കും. തൃശൂർ എരവത്ത് അപ്പു മാരാരും സംഘവുമാണ് പഞ്ചവാദ്യസേവ നടത്തുന്നത്. അമ്പലപ്പുഴ വിജയകുമാറും സംഘവും ഇടയ്ക്ക വാദ്യസേവ നടത്തും. രാത്രി 7ന് പൂയം തൊഴലിന്റെ ഭാഗമായി ഇളംതലമുറയിൽപ്പെട്ട അന്തർജനങ്ങൾക്കൊപ്പം വലിയമ്മയുടെ ആചാരപരമായ ക്ഷേത്രദർശനം നടക്കും. പൂയം നാളിൽ ദർശനം നടത്തിയാൽ സർപ്പദോഷങ്ങൾ അകലുമെന്നാണ് വിശ്വാസം.

ഉത്സവ വേദിയിൽ ഇന്ന്
രാവിലെ 6ന് ഭാഗവതപാരായണം, 8ന് ഏവൂർ രഘുനാഥൻ നായരുടെ ഓട്ടൻതുള്ളൽ, 9.30ന് കലാമണ്ഡലം ബിലഹരിയുടെ സോപാനസംഗീതം. 11ന് ഡോ. മണക്കാല ഗോപാലകൃഷ്ണന്റെ സംഗീതസദസ്സ്, ഉച്ചയ്ക്ക് ഒന്നിന് പ്രഫ.ടി.ഗീതയുടെ ആധ്യാത്മിക പ്രഭാഷണം, 2ന് ശ്രീരാഗം ഓർക്കസ്ട്രയുടെ ഭക്തിഗാനസുധ, വൈകിട്ട് 4ന് തൃക്കാർത്തിക തിരുവാതിര സംഘത്തിന്റെ പിന്നൽ തിരുവാതിര, 5ന് ധന്യ നന്ദകുമാർ കാരിക്കാ മഠത്തിന്റെ ഭരതനാട്യം, 6.30ന് രാമകൃഷ്ണൻ മൂർത്തിയുടെ സംഗീതസദസ്സ്, 9.30ന് കഥകളി.

ആയില്യം നാളിൽ 4ന് നട തുറക്കും
ഹരിപ്പാട്∙ ഭഗവാന്റെ തിരുനാളായ ആയില്യത്തിന് പുലർച്ചെ 4ന് നട തുറക്കും. നിർമാല്യ ദർശനം, അഭിഷേകം, ഉഷ പൂജ, നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ എന്നിവ നടക്കും. രാവിലെ 10 മുതൽ മണ്ണാറശാല യുപി സ്കൂൾ അങ്കണത്തിൽ മഹാപ്രസാദമൂട്ട് നടക്കും. 

ആയില്യം നാളിൽ കുടുംബ കാരണവരുടെ കാർമികത്വത്തിലാണ് ക്ഷേത്രത്തിലെ പൂജകൾ നടക്കുന്നത്. ഭഗവാൻ വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യം നാളിൽ ചാർത്തുന്നത്. രാവിലെ 9 മുതൽ ഇല്ലത്ത് നിലവറയ്ക്ക് സമീപം വലിയമ്മ ഭക്തജനങ്ങൾക്ക് ദർശനം നൽകും. 10ന് കുടുംബ കാരണവരുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നുള്ള തളത്തിൽ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും.

കളം പൂർത്തിയാകുമ്പോൾ വലിയമ്മ സാവിത്രി അന്തർജനം ക്ഷേത്രത്തിലെത്തും. ഇളയമ്മ, കുടുംബത്തിലെ ഏറ്റവും മുതിർന്ന കാരണവന്മാർ എന്നിവർ വലിയമ്മയെ അനുഗമിക്കും. വലിയമ്മ ശ്രീകോവിലിൽ പ്രവേശിച്ച് ശ്രീകോവിലിൽ നിന്നും കുത്തുവിളക്കിലേക്ക് ദീപം പകരുന്നതോടെ ആയില്യം എഴുന്നള്ളത്തിന് മുന്നോടിയായി ശംഖ്, തിമിലപ്പാണി, വായ്ക്കുരവ എന്നിവ മുഴങ്ങും.

12 ന് വലിയമ്മ നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും, ഇളയമ്മ സർപ്പയക്ഷിയമ്മയുടേയും കാരണവന്മാർ, നാഗചാമുണ്ഡിയമ്മ, നാഗയക്ഷിയമ്മ എന്നിവരുടെ വിഗ്രഹങ്ങളുമായി ക്ഷേത്രത്തിന് വലം വച്ച് ഇല്ലത്തേക്ക് എത്തും. പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്ത് ഇല്ലത്ത് എത്തിയതിനുശേഷം വലിയമ്മയുടെ കാർമികത്വത്തിലുള്ള ആയില്യം പൂജ നടക്കും. ആയില്യം എഴുന്നള്ളത്ത് കാണാൻ ആയിരക്കണക്കിനു ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. വല്യമ്മയുടെ പൂജകൾ പൂർത്തിയായ ശേഷം നൂറും പാലും, ഗുരുതി, തട്ടിൻമേൽ നൂറും പാലും എന്നിവ നടക്കും 

പൊലീസ് കൺട്രോൾ റൂം 
∙ ആയില്യത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ് കൺട്രോൾ റൂം പ്രവർത്തിക്കും. ക്ഷേത്രത്തിലും പരിസരത്തും സിസിടിവി നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കായംകുളം ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, ഹരിപ്പാട് എസ്എച്ച്ഒ വൈ. മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിൽ 200 സിവിൽ പൊലീസ് ഓഫിസർമാരെയും വനിതാ പൊലീസിനെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. മഫ്തിയിലും പൊലീസിനെ വിന്യസിക്കും. ഷാഡോ പൊലീസിന്റെ നിരീക്ഷണവും ഉണ്ടായിരിക്കും. ക്ഷേത്രവും പരിസരവും ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും, 

ഗതാഗത നിയന്ത്രണം
∙പൂയം, ആയില്യം ദിവസങ്ങളിൽ ചെറിയ വാഹനങ്ങൾക്ക് മണ്ണാറശാല ക്ഷേത്രത്തിലേയ്ക്ക്‌ ടൗൺ ഹാൾ ജംക്‌ഷൻ - ഹരിപ്പാട് ക്ഷേത്രം വഴി മാത്രമായിരിക്കും പ്രവേശനം. 
∙ടൗൺ ഹാൾ ജംക്‌ഷൻ, ഹരിപ്പാട് ക്ഷേത്രം, തുലാംപറമ്പ് ജംക്‌ഷൻ, മണ്ണാറശാല ക്ഷേത്രം, ബ്ലോക്ക്‌ ജംക്‌ഷൻ, എസ് എൻ തിയറ്റർ റോഡ് വരെ ഗതാഗതം വൺവേ ആയിരിക്കും. 
∙കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ എസ്എൻ തിയറ്റർ ഭാഗത്ത് യാത്രക്കാരെ ഇറക്കിയതിനു ശേഷം ഹുദാ ട്രസ്റ്റ് ആശുപത്രി വഴി ദേശീയപാതയിൽ കയറി സർവീസ് നടത്തണം. 
∙നിലവിൽ വൺവേ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്ന ടൗൺ ഹാൾ– എഴിക്കകത്ത്– ആശുപത്രി ജംക്‌ഷൻ വരെയുള്ള റോഡിന്റെ വശങ്ങളിൽ ആയില്യ ദിവസം ഇരുചക്രവാഹനം ഒഴികെ മറ്റു വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ അനുവദിക്കില്ല.

മണ്ണാറശാലയിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് 
ഹരിപ്പാട് ∙ പൂയം, ആയില്യം ദിവസങ്ങളിൽ കെഎസ്ആർടിസി മണ്ണാറശാലയിലേക്ക് പ്രത്യേക സർവീസ് നടത്തും. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, പന്തളം, കൊല്ലം, ആലപ്പുഴ, തിരുവല്ല, കോട്ടയം ഡിപ്പോകളിൽ നിന്നു പ്രത്യേക സർവീസ് നടത്തും. ഹരിപ്പാട് ഡിപ്പോയിൽ നിന്നു പുലർച്ചെ മുതൽ മണ്ണാറശാലയിലേക്ക് സർവീസ് ഉണ്ടാകും.

ഇന്നും നാളെയും കിഴക്കേ നടയിലൂടെ പ്രവേശനം 
ഹരിപ്പാട് ∙ പൂയം, ആയില്യം നാളുകളിൽ ഭക്തജനങ്ങൾക്കു ക്ഷേത്രത്തിന്റെ കിഴക്കേ നടയിലൂടെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പടിഞ്ഞാറേ നടയിൽ പ്രത്യേകം തയാറാക്കിയ ബാരിക്കേഡിനുള്ളിലൂടെ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലൂടെ വേണം ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ. ക്ഷേത്ര ദർശനത്തിനു ശേഷം വടക്കേനട കടന്ന് ഇല്ലത്തെ നിലവറയിൽ തൊഴാം. 

English Summary:

Experience the vibrant festivities at Mannarasala Nagaraja Temple on Pooyam as devotees offer salt and turmeric to serpent deities. Witness special pujas and seek blessings from Lord Anantha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com