ADVERTISEMENT

ഹരിപ്പാട് ∙ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിന് മഹാദീപക്കാഴ്ചയോടെ തുടക്കമായി. ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്ന് പകർന്ന ദീപം ക്ഷേത്രനടയിലെ വിളക്കിൽ ഇളയ കാരണവർ എം.കെ. കേശവൻ നമ്പൂതിരി തെളിച്ചതോടെയാണ് മഹാദീപക്കാഴ്ചയ്ക്ക് തുടക്കമായത്.ക്ഷേത്രത്തിലും പരിസരത്തുമായി ഒരുക്കിയ ആയിരക്കണക്കിന് വിളക്കുകളിലേക്ക് ദീപം പകർന്നതോടെ പുണർതം സന്ധ്യയിൽ ക്ഷേത്രവും കാവുകളും ദീപപ്രഭയിൽ ശോഭിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ദീപം തെളിച്ച് ദീപക്കാഴ്ചയിൽ സജീവ സാന്നിധ്യമായി. 

ഇല്ലത്തെ കുടുംബാംഗങ്ങളും ഭക്തരും ചേർന്ന് വിളക്കുകളെല്ലാം തെളിച്ചു. ദീപക്കാഴ്ചയ്ക്കു ശേഷം  ക്ഷേത്രത്തിൽ ദീപാരാധന നടന്നു. ആയില്യത്തിനു മുന്നോടിയായി നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും ചാർത്തുന്ന നാലു ദിവസത്തെ കളഭമുഴുക്കാപ്പും കാവിൽ പൂജകളും പൂർണമായി. മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനത്തിന്റെ കാർമികത്വത്തിൽ  മുഴുക്കാപ്പ് ചാർത്തിയത് ദർശിക്കാൻ വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.  തുടർന്ന് രചന നാരായണൻകുട്ടിയുടെ നടനാഞ്ജലി നടന്നു. പത്താമത് ശ്രീനാഗരാജ പുരസ്കാര ദാന സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. 

ദീപക്കാഴ്ചയിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപി വിളക്ക് തെളിക്കുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ക്ഷേത്രം ട്രസ്റ്റ് അംഗം എസ്. നാഗദാസ് എന്നിവർ സമീപം. ചിത്രം: മനോരമ
ദീപക്കാഴ്ചയിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപി വിളക്ക് തെളിക്കുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ക്ഷേത്രം ട്രസ്റ്റ് അംഗം എസ്. നാഗദാസ് എന്നിവർ സമീപം. ചിത്രം: മനോരമ

ഇന്ന് നട അടയ്ക്കുന്നത് രാത്രി പത്തിന്
അനന്ത–വാസുകീ ചൈതന്യങ്ങൾ ഏകീഭാവത്തിൽ കുടികൊള്ളുന്ന മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ   അനന്തഭഗവാന്റെ ദർശന പുണ്യമായ പൂയം തൊഴൽ ഇന്നു  നടക്കും. രാത്രി 10ന് നട അടയ്ക്കുന്നതുവരെ പൂയം തൊഴാം. ഭഗവാന്റെ തിരുനാളായ ആയില്യത്തിന് പുലർച്ചെ 4ന് നട തുറക്കും. രാവിലെ 9 മുതൽ ഇല്ലത്ത് നിലവറയ്ക്ക് സമീപം വലിയമ്മ ഭക്തജനങ്ങൾക്ക് ദർശനം നൽകും. 12 ന് വലിയമ്മയുടെ നേതൃത്വത്തിൽ  ആയില്യം എഴുന്നള്ളത്ത് ഇല്ലത്ത് എത്തിയതിനുശേഷം വലിയമ്മയുടെ കാർമികത്വത്തിലുള്ള ആയില്യം പൂജ നടക്കും. വലിയമ്മയുടെ പൂജകൾ പൂർത്തിയായ ശേഷം നൂറും പാലും, ഗുരുതി, തട്ടിൻമേൽ നൂറും പാലും എന്നിവ നടക്കും 

നാളെ അവധി  
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യ ഉത്സവ ദിവസമായ നാളെ ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയാണ്. പൊതു പരീക്ഷകൾക്ക് മാറ്റമില്ല.

English Summary:

The renowned Mannarasala Nagaraja Temple in Haripad, Kerala, celebrated the commencement of the Aayilyam festival with the breathtaking Mahadeepa Kazhcha (illumination ceremony). Thousands of devotees witnessed the temple and surrounding groves bathed in the radiant glow of countless lamps. Union Minister Suresh Gopi graced the occasion, adding to the festival's grandeur.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com