കുട്ടനാടൻ ബ്രാൻഡ് കുത്തരി വിപണിയിലെത്തിക്കാൻ പദ്ധതി; സമഗ്ര പദ്ധതിരേഖ പ്രകാശനം ചെയ്തു
Mail This Article
ആലപ്പുഴ ∙ കുട്ടനാടൻ കുത്തരി ‘കായൽ രത്ന’ എന്ന പേരിൽ വിപണിയിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ജില്ലാ ഭരണകൂടം ചങ്ങനാശേരി എസ്ബി കോളജിലെ കൺസൽറ്റൻസി സെല്ലിന്റെ സഹായത്തോടെ തയാറാക്കിയ പദ്ധതിരേഖ മന്ത്രി പി.പ്രസാദ് പ്രകാശനം ചെയ്തു.ജില്ലയിലെ തിരഞ്ഞെടുത്ത പാടശേഖരങ്ങളിൽ നിന്നും സംഭരിക്കുന്ന നെല്ല് ‘കായൽ രത്ന’ എന്ന ബ്രാൻഡിൽ അരിയാക്കി വിപണിയിൽ എത്തിക്കുകയാണു ലക്ഷ്യം.
ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ കുടുംബശ്രീ മിഷൻ വഴിയാണു പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ 135 ഹെക്ടറിൽ നിന്നുള്ള ജ്യോതി ഇനം നെല്ലാണ് സംഭരിക്കുക. സംഭരിക്കുമ്പോൾ തന്നെ കർഷകർക്ക് വില നൽകും. നിശ്ചിത അളവിൽ തവിട് നിലനിർത്തിയാണ് അരി വിപണിയിലിറക്കുക.പദ്ധതിരേഖയുടെ പ്രകാശനച്ചടങ്ങിൽ കലക്ടർ അലക്സ് വർഗീസ്, പി.പി.ചിത്തരഞ്ജൻ എംഎൽഎ, എസ്ബി കോളജ് ഡീൻ ഡോ. മാത്യു ജോസഫ്, എഡിഎം ആശ സി. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.