പെരുമ്പളം പാലം: അപ്രോച്ച് റോഡ് നിർമാണം തുടങ്ങി
Mail This Article
പൂച്ചാക്കൽ ∙ പെരുമ്പളം ദ്വീപിലേക്കുള്ള പാലം നിർമാണത്തിന്റെ ഭാഗമായുള്ള അപ്രോച്ച് റോഡ് നിർമാണം തുടങ്ങി. പാലത്തിന്റെ പടിഞ്ഞാറേക്കരയായ വടുതല ജെട്ടി ഭാഗത്താണ് നിർമാണം തുടങ്ങിയത്. ഇവിടെ 79 സെന്റ് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. 300 മീറ്റർ റോഡ്, ഇരുവശത്തും ഓട, കലുങ്ക് എന്നിവ നിർമിക്കുന്നുണ്ട്. ഒരു വശത്ത് ജല അതോറിറ്റിയുടെ പൈപ്പ് കടന്നു പോകുന്നുണ്ട്, ഇത് മാറ്റിസ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
കിഴക്കേക്കരയായ പെരുമ്പളം ഭാഗത്ത് 189 സെന്റ് സ്ഥലം അപ്രോച്ച് റോഡിനായി ഏറ്റെടുത്തിട്ടുണ്ട്. ഇവിടെയും 300 മീറ്റർ നീളത്തിൽ റോഡും ഒരു കലുങ്കും നിർമിക്കും. ഇരുവശങ്ങളിലും ഓരോ മീറ്റർ നടപ്പാതയും കാനയും ഉൾപ്പെടെ 9.5 മീറ്ററാണ് അപ്രോച്ച് റോഡുകളുടെ വീതി. പെരുമ്പളം ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമാണ സാമഗ്രികൾ പാലത്തിലൂടെ തന്നെ വാഹനത്തിൽ കൊണ്ടുപോകുന്നത് ആലോചിക്കുന്നുണ്ട്.
പാലം ജനുവരിയോടെ ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് നീക്കം. 83 ശതമാനം നിർമാണമാണ് പൂർത്തിയായത്. കൈവരികളുടെ നിർമാണം നടക്കുകയാണ്. 1155 മീറ്ററാണ് പാലത്തിന്റെ നീളം. ഇരുവശങ്ങളിലും ഒന്നരമീറ്റർ നടപ്പാത ഉൾപ്പെടെ 11 മീറ്ററാണ് വീതി. പാലത്തിനു മധ്യത്തിൽ മൂന്നു ആർച്ച് ബീമുകൾ സ്ഥാപിച്ചിട്ടുണ്ട്.ഇവിടെ 12 മീറ്റർ വീതിയുണ്ട്. അരൂക്കുറ്റിയിലെ വടുതല ജെട്ടി ഭാഗത്തു തുടങ്ങുന്ന പാലം പെരുമ്പളത്തെ പെരുംചിറ കരിയിലാണ് എത്തിച്ചേരുന്നത്.