തൈക്കാട്ടുശേരി റോഡ്: യാത്രക്കാരുടെ നടുവൊടിഞ്ഞാലും അധികൃതർക്ക് അനക്കമില്ല
Mail This Article
പൂച്ചാക്കൽ ∙ തൈക്കാട്ടുശേരി പി.എസ്. കവലയ്ക്കു പടിഞ്ഞാറ് റോഡിലെ കുഴികളിൽ വീണ് നടുവൊടിഞ്ഞ് യാത്രക്കാർ. കുഴി അടയ്ക്കാൻ നടപടി ഇല്ലാത്തതിൽ പ്രതിഷേധം ശക്തം. ഇവിടെ നേരത്തെ കുഴിയായിരുന്ന 10 മീറ്റർ ഭാഗം ടൈൽസ് ഇട്ട് ഉയർത്തിയിരുന്നു. ഇതിന്റെ പടിഞ്ഞാറ് – കിഴക്ക് ഭാഗങ്ങളിൽ കുത്തനെ താഴ്ചയായ സ്ഥലത്താണ് കുഴികളുള്ളത്. മഴയിൽ ഇവിടെ വെള്ളക്കെട്ട് ശക്തമാണ്. മഴ ഇല്ലാത്തപ്പോൾ പൊടി ശല്യവും രൂക്ഷം. മാസങ്ങളായി ഇൗ സ്ഥിതി തുടരുകയാണ്. തുറവൂർ – അരൂർ ഉയരപ്പാത നിർമാണം നടക്കുന്നതിനാൽ ദേശീയപാതയിലെ വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന റോഡ് കൂടിയാണ് തൈക്കാട്ടുശേരി റോഡ്.
ഇതിനാൽ ഇൗ റോഡിന്റെ സംരക്ഷണം ഉയരപ്പാത നിർമാണ കരാറുകാർക്കാണ്. ഉയരപ്പാത നിർമാണ കരാറുകാർ ഇതിൽ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. നേരത്തെ 10 മീറ്റർ ഭാഗത്ത് കുഴിയായതിൽ പ്രതിഷേധം ഉയർന്നപ്പോൾ ദലീമ ജോജോ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പാണ് ടൈൽസ് ഇട്ടത്. ഇതിനു കിഴക്ക് തൈക്കാട്ടുശേരി പഞ്ചായത്ത് ഓഫിസിനു സമീപവും വലിയ കുഴിയുണ്ട്. അവിടെ ഒരിക്കൽ ബിജെപി പ്രവർത്തകർ താൽക്കാലികമായി കുഴി അടച്ചെങ്കിലും പിന്നീട് തകർന്നു. തൈക്കാട്ടുശേരിയിൽ രണ്ടിടത്ത് റോഡ് തകർന്നിട്ട് മാസങ്ങളായിട്ടും അധികൃതർ ഇടപെടുന്നില്ലെന്ന് ആരോപണമുണ്ട്.