കൃഷ്ണപുരം കൊട്ടാരം മ്യൂസിയം സമഗ്രമായി നവീകരിക്കും: മന്ത്രി
Mail This Article
കായംകുളം∙ കൃഷ്ണപുരം കൊട്ടാരം കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കൃഷ്ണപുരം കൊട്ടാരത്തിന്റെ സംരക്ഷണ, പരിസര വികസന പ്രവൃത്തികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ വികസന പ്രവൃത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക് മ്യൂസിയം സമഗ്രമായി നവീകരിക്കുന്നതിനുള്ള പദ്ധതി കൂടി തയാറാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു.
പൈതൃക സംരക്ഷണത്തിന് സർക്കാർ ഉയർന്ന പരിഗണനയാണു നൽകുന്നത്. സ്മാരകങ്ങൾ സംരക്ഷിച്ചും മ്യൂസിയങ്ങൾ സ്ഥാപിച്ചും പഠന ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ചരിത്രാഖ്യാനങ്ങൾ ആർക്കും നിഷേധിക്കാനും നിരോധിക്കാനുമാവില്ല. അതു വരും തലമുറയ്ക്കായി സൂക്ഷിക്കുകയാണ് വകുപ്പിന്റെ പ്രധാന ചുമതലയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് 28.2 ലക്ഷം രൂപ ചെലവിൽ കൃഷ്ണപുരം കൊട്ടാരത്തിന്റെ സംരക്ഷണ പരിസര വികസന പ്രവർത്തനങ്ങൾ പുരാവസ്തു വകുപ്പ് നടപ്പാക്കുന്നത്. യു.പ്രതിഭ എംഎൽഎ അധ്യക്ഷയായി.
കൗൺസിലർ ബിനു അശോക്, കൺസർവേഷൻ എൻജിനീയർ എസ്.ഭൂപേഷ്, പി. അരവിന്ദാക്ഷൻ, ഇ. സമീർ, ഐ. ഷിഹാബുദീൻ, കൃഷ്ണകുമാർ രാംദാസ്, ഇർഷാദ്, ലിക്കായത്ത് പറമ്പി, സക്കീർ മല്ലഞ്ചേരി, കെ.മോഹനൻ, എൻ.സത്യൻ, സലീം മുരിക്കുംമൂട്, സി.അനൂപ് എന്നിവർ പ്രസംഗിച്ചു.