‘മോഷ്ടിക്കാനായി കൊല്ലാൻ പോലും മടിയില്ലാത്തവരുടെ കൂട്ടം’; ആരാണ് കുറുവ സംഘം
Mail This Article
കലവൂർ ∙ തമിഴ്നാട്ടിലെ കുറുവ മോഷണ സംഘം മണ്ണഞ്ചേരിയിൽ എത്തിയതായി സൂചന ലഭിച്ചതോടെ പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങി. രാത്രി പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെ ചോദ്യം ചെയ്യുകയും സിസിടിവി ക്യാമറകളിലെ രാത്രിദൃശ്യങ്ങൾ പരിശോധിക്കുന്നുമുണ്ട്. മണ്ണഞ്ചേരി നേതാജി ജംക്‌ഷന് സമീപം മണ്ണേഴത്ത് വീട്ടിൽ രേണുക അശോകന്റെ വീട്ടിലാണു കഴിഞ്ഞ ദിവസം മോഷണ ശ്രമം നടന്നത്. പൊലീസ് നടത്തിയ പരിശോധനയിലാണു സമീപത്തെ വീട്ടിലെ സിസിടിവിയിൽ കുറുവ മോഷണ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കളുടെ ദൃശ്യം ലഭിച്ചത്. എന്നാൽ ഇവരെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ആരാണ് കുറുവ സംഘം
കേരളത്തെ ഇപ്പോൾ ഭയപ്പെടുത്തുന്ന കുറുവ സംഘം പഴയ തിരുട്ടു ഗ്രാമത്തിലെ അംഗങ്ങൾ തന്നെയാണ്. തിരുട്ടുഗ്രാമം എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്നത് തിരുച്ചിറപ്പള്ളിക്കടുത്ത റാംജിനഗർ ആണ്. ഇവരെയാണ് ആദ്യം കുറുവ സംഘമെന്നു വിളിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ കുറുവ സംഘത്തിൽ ഉള്ളവർ എല്ലാവരും ഒരേ ഗ്രാമക്കാരല്ല. തിരുട്ടു ഗ്രാമങ്ങൾ എന്ന പേരിൽ കുപ്രസിദ്ധമായ തമിഴ്നാട്ടിലെ പല ഗ്രാമങ്ങളിൽ നിന്നുള്ളവർ ഈ സംഘത്തിലുണ്ട്. ആയുധധാരികളായ സംഘം എന്ന അർഥത്തിലാണ് തമിഴ്നാട് ഇന്റലിജൻസ് ഈ പേര് നൽകിയത്. തമിഴ്നാടൻ തിരുട്ടു ഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണ് കുറുവ സംഘമെന്നു പൊലീസ് പറയുന്നു; മോഷ്ടിക്കാനായി കൊല്ലാൻ പോലും മടിയില്ലാത്തവരുടെ കൂട്ടം.