വൈകി അനുവദിച്ച സ്പെഷൽ ട്രെയിനിൽ യാത്രക്കാർ കുറവ്; 20 കോച്ചുകളുള്ള ട്രെയിൻ യാത്ര തുടർന്നത് കാലിയടിച്ച്
Mail This Article
കോയമ്പത്തൂർ ∙ ദീപാവലിപോലുള്ള ഉത്സവ സീസണുകളിൽ റെയിൽവേയ്ക്കു വൈകി വന്ന വിവേകം കാരണം സ്പെഷൽ ട്രെയിനിൽ യാത്രക്കാരില്ല. ബുധനാഴ്ച മുതൽ കോയമ്പത്തൂർ - ഡിണ്ടിഗൽ സ്പെഷൽ ട്രെയിനാണ് കുറഞ്ഞ യാത്രക്കാരെയും കൊണ്ട് സർവീസ് തുടങ്ങിയത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ശേഷമാണ് പ്രത്യേക ട്രെയിൻ സർവീസിനെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് പോലും നൽകിയത്. ബുധനാഴ്ച രാവിലെ 9.35ന് പുറപ്പെട്ട ട്രെയിനിന് കോയമ്പത്തൂരിൽ നിന്ന് 78 യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. 20 കോച്ചുകളുള്ള ട്രെയിൻ ഡിണ്ടിഗൽവരെയും കാലിയടിച്ചാണ് യാത്ര തുടർന്നത്. ഞായറാഴ്ച ഒഴികെ നവംബർ 6 വരെയാണ് ട്രെയിൻ സർവീസുള്ളത്. ട്രെയിൻ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും മധുര വരെ നീട്ടിയിരുന്നുവെങ്കിൽ സംസ്ഥാനത്തെ തെക്കൻ ജില്ലക്കാർക്ക് ഉപയോഗപ്പെടുമായിരുന്നുവെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
എന്നാൽ ഡിണ്ടിഗൽ എത്തിയാൽ മധുരയിലേക്ക് കൂടുതൽ കണക്‌ഷൻ ട്രെയിനുകൾ ലഭിക്കുമെന്നും ദീപാവലി ഉത്സവ സീസൺ ആയതിനാൽ മധുര സ്റ്റേഷനിൽ ട്രെയിൻ ട്രാഫിക് കൂടിയത് കാരണം ഡിണ്ടിഗൽവരെയാക്കി കുറച്ചതാണെന്നും ഇത് സംബന്ധിച്ച ചോദ്യത്തിന് ഉദ്യോഗസ്ഥർ മറുപടി നൽകി. അവധി കഴിഞ്ഞ് തിരിച്ചെത്തുന്നവർക്ക് തിരക്ക് കുറയ്ക്കാൻ ട്രെയിൻ കൂടുതൽ ഉപയോഗപ്രദമായിരിക്കുമെന്നും അറിയിച്ചു. ഇതിനിടെ ദീപാവലി തലേന്ന് മറ്റൊരു ട്രെയിൻ സർവീസ് കൂടിയുണ്ട്. രാത്രി ചെന്നൈയിൽ നിന്ന് പോത്തന്നൂരിലേക്ക് രാത്രി 10.10ന് ആണ് അപ്രതീക്ഷിത അൺ റിസർവ്ഡ് സ്പെഷൽ ട്രെയിൻ സർവീസ് തുടങ്ങിയത്. ഉച്ചതിരിഞ്ഞ് 4 മണിയോടെയാണ് റെയിൽവേ യാത്രക്കാർക്ക് ഇതുസംബന്ധിച്ചു വിവരം നൽകിയത്.
16 ചെയർകാർ കോച്ചുകളും രണ്ട് ലഗേജ് വാനുമുള്ള ട്രെയിന് പ്രധാന സ്ഥലങ്ങളിലെല്ലാം സ്റ്റോപ്പുകൾ അനുവദിച്ചിരുന്നു. മുൻകൂട്ടി കൃത്യമായ ആസൂത്രണം ഇല്ലാതെയാണ് അവസാന നിമിഷങ്ങളിൽ ബാക്കിവരുന്ന ബോഗികൾ ഉപയോഗിച്ച് താൽക്കാലിക സർവീസ് റെയിൽവേ നടത്തുന്നത്. എന്നാൽ ദീപാവലി തിരക്കിൽ അവസാന നിമിഷം നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഉപയോഗപ്രദമാകുമെന്നാണ് റെയിൽവേ അധികൃതരുടെ മറുപടി. ഇതിൽ ഗുണകരമായ മറ്റൊരു കാര്യം ഈ ട്രെയിൻ നവംബർ 3ന് പോത്തന്നൂരിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങും. ഞായറാഴ്ച രാവിലെ 7.45ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 4.50ന് ചെന്നൈ സെൻട്രലിൽ എത്തും.