കാടത്തത്തിന്റെ ക്രൂരതയ്ക്കിരയായ മാവ് ഉണങ്ങി; പക്ഷേ തൊട്ടടുത്ത് മറ്റൊരു കുഞ്ഞുമാവ് കിളിർത്തു തളിർക്കുന്നു
Mail This Article
കൊട്ടാരക്കര∙ കാടത്തത്തിന്റെ ക്രൂരതയ്ക്കിരയായ പാതയോരത്തെ മാവ് ഉണങ്ങി. പക്ഷേ തൊട്ടടുത്ത് മറ്റൊരു കുഞ്ഞുമാവ് കിളിർത്തു തളിർക്കുന്നു. പാതയോരത്തെ ഹരിത പ്രതീക്ഷയുടെ നാമ്പുകൾ ഇനിയെങ്കിലും തല്ലിക്കെടുത്തരുതേ എന്നാണ് പ്രകൃതിസ്നേഹികളുടെ അപേക്ഷ. ദേശീയപാതയോരത്ത് ചന്തമുക്ക് ഹെഡ്പോസ്റ്റ് ഓഫിസിന് എതിർഭാഗത്ത് റവന്യു ഭൂമിയിൽ നിന്ന മാവിനെ രണ്ട് വർഷം മുൻപ് ചില സാമൂഹിക വിരുദ്ധർ ഇലക്ട്രിക് വാൾ കൊണ്ട് ആഴത്തിൽ മുറിച്ചും തീയിട്ട് നശിപ്പിക്കാനും ശ്രമിച്ചു. എന്നാൽ പ്രകൃതിസ്നേഹികളുടെ കൂട്ടായ്മയുടെ അഭ്യർഥന പ്രകാരം വൃക്ഷവൈദ്യൻ നടത്തിയ ചികിത്സയിൽ മാവ് അതിജീവിച്ചു.
മുറിവുകളിൽ ആയുർവേദ ഔഷധക്കൂട്ടുകൾ പുരട്ടി വെള്ളവും നൽകിയായിരുന്നു ചികിത്സ. പിന്നീട് ഒരു വർഷം കൂടി മാവ് തളിർത്തു മാങ്ങയും വന്നു. വൈകാതെ മാവ് ഉണങ്ങി. ഇതിനിടെയാണ് സമീപത്ത് കുഞ്ഞുമാവ് വളരുന്നത്. ദേശീയപാതയുടെ സ്ഥലത്താണ് മാവിന്റെ സ്ഥാനം. സ്ഥലം ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് റവന്യു വകുപ്പും കൊട്ടാരക്കര നഗരസഭയും പല തവണ ഉറപ്പ് നൽകിയെങ്കിലും ഒന്നും നടന്നില്ല. ദേശീയപാത വകുപ്പും ഉറക്കത്തിലാണ്. സ്ഥലത്ത് സംരക്ഷണ വേലി നിർമിച്ച് മാവിനെ സംരക്ഷിക്കണമെന്നാണ് ആവശ്യം.