ADVERTISEMENT

ഹരിപ്പാട് ∙ മേഖലയിൽ അനധികൃത ഇറച്ചി കടകൾ വ്യാപകമാകുന്നു. ലൈസൻസോ  പരിശോധനകളോ ഇല്ലാതെ നഗര,  ഗ്രാമപ്രദേശങ്ങളിൽ മലിനമായ അന്തരീക്ഷത്തിലാണു മിക്ക ഇറച്ചിക്കടകളും പ്രവർത്തിക്കുന്നത്. സാധാരണക്കാരുടെ തീൻമേശയിൽ  ഇറച്ചി പ്രധാന വിഭവമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം മുതലാക്കിയാണ് അനധികൃത ഇറച്ചിക്കച്ചവടം തകൃതിയായി നടക്കുന്നത്. രോഗം വന്നതും ചത്തതുമായ ആടുമാടുകളുടെ ഇറച്ചി വിൽക്കുന്നതായും ആക്ഷേപമുണ്ട്. ഇറച്ചിക്കടകൾ നടത്തണമെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസ് വേണം.

ആരോഗ്യ വിഭാഗം പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകിയ മൃഗങ്ങളെ മാത്രമേ കശാപ്പ് ചെയ്ത് വിൽക്കാൻ പാടുള്ളൂ. എന്നാ ഈ നിയമം കാറ്റിൽ പറത്തി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അനധികൃത ഇറച്ചിക്കടകൾ പ്രവർത്തിക്കുന്നത്. വീടുകളിലും മൃഗങ്ങളെ വളർത്തുന്ന കേന്ദ്രങ്ങളിലും അസുഖം ബാധിച്ചും മറ്റും ചാകുന്ന ആടുമാടുകളെ കുഴിച്ചിടാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഇറച്ചി വ്യാപാര ഏജന്റുമാർ ഉടമയുമായി ബന്ധപ്പെടും. പിന്നീടു ചത്ത മൃഗങ്ങളെ രാത്രി വാഹനങ്ങളിൽ കയറ്റി കൊണ്ടുപോയി അറുത്ത് മാംസം പുലർച്ചെ ഇറച്ചിക്കടകളിൽ എത്തിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. 

ഹരിപ്പാട് ഡാണാപ്പടി, കുമാരപുരം, താമല്ലാക്കൽ, കരുവാറ്റ, പള്ളിപ്പാട്, ചെറുതന തുടങ്ങിയ പ്രദേശങ്ങളിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന നിരവധി ഇറച്ചിക്കടകളുണ്ട്.  ദേശീയപാതയ്ക്കരികിൽ ഉന്തുവണ്ടികളിൽ പോലും ഇറച്ചി കച്ചവടം നടത്തുന്നുണ്ട്. പുലർച്ചെ ആരംഭിക്കുന്ന ഇറച്ചി ക്കടകൾ പത്തുമണിയോടെ കച്ചവടം അവസാനിപ്പിക്കുന്നതിനാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നടപടിയെടുക്കാൻ പലപ്പോഴും കഴിയാറില്ല. ദേശീയപാതയുടെ സമീപം മാംസാവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നതു മൂലം     തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാകുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഹരിപ്പാട്, ഡാണാപ്പടി, കുമാരപുരം തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി ആളുകൾക്കാണ് തെരുവ് നായ്ക്കളുടെ  കടിയേറ്റത്. പല ഇറച്ചിക്കടകളിലും  മാംസം തൂക്കി വിൽക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ വർഷങ്ങളായി പുതുക്കാത്തവയും   തൂക്കം കൃത്യമല്ലാത്തതുമാണെന്ന ആക്ഷേപവുമുണ്ട്.

English Summary:

A surge in unlicensed meat shops operating in unhygienic conditions in Haripad, Kerala is raising serious concerns about food safety and public health. These shops often sell meat from diseased and dead animals, putting consumers at risk of foodborne illnesses.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com