മഴയ്ക്കു ശമനമില്ല; കൊയ്ത്തു മുടങ്ങി
Mail This Article
കുട്ടനാട് ∙ മഴയ്ക്കു ശമനമില്ല; രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളിലെ കർഷകർ ദുരിതത്തിൽ. ദിവസങ്ങളായി തുടരുന്ന മഴയ്ക്ക് ഇന്നലെയും ശമനം ഉണ്ടാകാതെ വന്നതോടെയാണു കർഷകരുടെ പ്രതീക്ഷകൾക്കു മങ്ങൽ ഏൽപിച്ചത്. തുടർച്ചയായ രണ്ടാം ദിവസവും വിളവെടുപ്പു മുടങ്ങി. കൊയ്ത്തുയന്ത്രങ്ങളുടെ കുറവു പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ഇരുട്ടടിയായി മഴയെത്തിയത്.
നെടുമുടി, ചമ്പക്കുളം, കൈനകരി കൃഷിഭവൻ പരിധിയിലെ പാടശേഖരങ്ങളിലാണു പ്രധാനമായും രണ്ടാംകൃഷിയുടെ വിളവെടുപ്പു പുരോഗമിച്ചു കൊണ്ടിരുന്നത്. പല പാടശേഖരങ്ങളിലും സമയത്ത് കൊയ്ത്തുയന്ത്രങ്ങൾ ലഭിക്കാത്തതിനാൽ വിളവെടുപ്പു വൈകിയ സാഹചര്യത്തിലാണു മഴ കൂടി എത്തിയത്. മഴയത്തു നെൽച്ചെടികൾ വീണതിനാൽ വിളവിൽ ഗണ്യമായി കുറയുമെന്നതു കർഷകരെ കടക്കെണിയിലേക്കു തള്ളിവിടും.
മികച്ച വിളവാണ് ഒട്ടുമിക്ക പാടശേഖങ്ങളിലും ഇത്തവണയുണ്ടായത്. ഏക്കറിന് 25 ക്വിന്റലിനു മുകളിൽ നെല്ല് ലഭിക്കുമെന്ന പ്രതീക്ഷിച്ച സ്ഥാനത്ത് ഏക്കറിന് 10 ക്വിന്റൽ പോലും ലഭിക്കാത്ത സാഹചര്യമാണു നിലവിലുള്ളത്. വീണു കിടക്കുന്ന നെൽച്ചെടികൾക്കു മുകളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ അവ പൂർണമായി നശിക്കുന്ന അവസ്ഥയിലാണ്.
5 ദിവസത്തെ കാത്തിരിപ്പിനുശേഷം ഇന്നലെ നെടുമുടി കൃഷിഭവൻ പരിധിയിലെ കളത്തിൽ പാടത്തിൽ 2 കൊയ്ത്ത് യന്ത്രങ്ങൾ ലഭിച്ചെങ്കിലും മഴ കാരണം 5 ഏക്കർ സ്ഥലത്തെ വിളവെടുക്കാൻ മാത്രമാണു സാധിച്ചത്. സമീപത്തെ മഠത്തിലാക്കൽ ഗണപതി പാടശേഖരത്തിൽ 7–ാം തീയതി കൊയ്ത്തുയന്ത്രം ഇറക്കുമെന്ന് ഏജന്റ് പറഞ്ഞിരുന്നെങ്കിലും യന്ത്രം ഇതുവരെ ലഭ്യമായിട്ടില്ല.