ചാറ്റ് ചെയ്ത് വിശ്വസിപ്പിച്ചു, 29 ലക്ഷം രൂപ തട്ടി; വ്യാജ ട്രേഡിങ് ആപ് ഉപയോഗിച്ച് തട്ടിപ്പ്: ഹൈദരാബാദ് സ്വദേശി പിടിയിൽ
Mail This Article
ആലപ്പുഴ ∙ ഫെയ്സ്ബുക് വഴി പരിചയപ്പെട്ട ആലപ്പുഴ കളപ്പുര സ്വദേശിയിൽ നിന്നു ഷെയർ ട്രേഡിങ് വഴി ലാഭമുണ്ടാക്കാം എന്നു വിശ്വസിപ്പിച്ച് 29 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഹൈദരാബാദ് ബെണ്ടലഗുഡ, ബാബാ നഗർ സ്വദേശി മുഹമ്മദ് അദ്നാൻ സൈബർ ക്രൈം പൊലീസിന്റെ പിടിയിൽ. ട്രേഡിങ് നടത്താമെന്ന് പറഞ്ഞ് തെലങ്കാന ഹയാത്ത് നഗർ സ്വദേശിയായ ഡോക്ടറിൽ നിന്ന് 2 കോടി 80 ലക്ഷം രൂപയും, തെലങ്കാന നച്ചാരം സ്വദേശിയിൽ നിന്നു 2 കോടി 19 ലക്ഷം രൂപയും തട്ടിയെടുത്തതിന് രജകോണ്ട സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.
ആലപ്പുഴ സ്വദേശിയെ ചാറ്റ് ചെയ്ത് വിശ്വസിപ്പിച്ച് വ്യാജ വെബ് ആപ്ലിക്കേഷൻ ലിങ്ക് അയച്ചുകൊടുത്തു. അതിലൂടെ 2024 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ 29,03,870 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി കൈക്കലാക്കി. ഷെയർ ട്രേഡിങ് വെബ്സൈറ്റിന്റെ 40–ാം വാർഷികം ആണെന്നും 10,000 ഡോളർ നിക്ഷേപിച്ചാൽ 1388 ഡോളർ ലാഭം ലഭിക്കുമെന്നും പറഞ്ഞു ഓൺലൈനിലൂടെയും പണം തട്ടിയെടുത്തു.
ആലപ്പുഴ സ്വദേശിയെ വിശ്വസിപ്പിക്കാൻ വേണ്ടി പ്രതി വ്യാജ വെബ്സൈറ്റിൽ ബോണസ് വന്നതായി കാണിച്ചുകൊണ്ടിരുന്നു. ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ഈ പണം ഹോൾഡ് ചെയ്താൽ കൂടുതൽ ലാഭമുണ്ടാക്കാമെന്നു പറഞ്ഞു പിൻവലിക്കുന്നതിനെ നിരുത്സാഹപ്പെടുത്തി. കൂടുതൽ പണം നിക്ഷേപിക്കാൻ ഇല്ലാത്തതിനാൽ ആലപ്പുഴ സ്വദേശി ലാഭവും മുതലും പിൻവലിക്കാൻ ശ്രമിച്ചപ്പോൾ 30% ഇൻകം ടാക്സ് അടയ്ക്കാൻ ആവശ്യപ്പെട്ടു. തട്ടിപ്പാണെന്നു തോന്നിയതോടെ 1930 എന്ന നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ ബന്ധപ്പെട്ടു. തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി.
നഷ്ടപ്പെട്ട തുകയിൽ 6 ലക്ഷം രൂപ മരവിപ്പിച്ചു
ആലപ്പുഴ സ്വദേശിക്ക് നഷ്ടപ്പെട്ട തുകയിൽ 6 ലക്ഷത്തിൽപരം രൂപ മരവിപ്പിക്കാൻ കഴിഞ്ഞു. നർകോട്ടിക് സെൽ ഡിവൈഎസ്പി ബി.പങ്കജാക്ഷന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ ഡൽഹി, ബിഹാർ, അസം, ജാർഖണ്ഡ്, മധ്യപ്രദേശ്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം എത്തിയതെന്നു മനസ്സിലായി.
തെലങ്കാന പൊലീസിന്റെ സഹായത്തോടെ ഇൻസ്പെക്ടർ ഏലിയാസ് പി.ജോർജ്, എസ്ഐ വി.എസ്.ശരത്ചന്ദ്രൻ, സിപിഓമാരായ കെ.റിയാസ്, ജേക്കബ് സേവ്യർ, കെ.യു.ആരതി എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ ഹൈദരാബാദിൽ നിന്നു അറസ്റ്റ് ചെയ്തത്. ആലപ്പുഴ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബിഹാർ, ജാർഖണ്ഡ്, ഡൽഹി, അസം തുടങ്ങിയ സ്ഥലങ്ങളിൽ മേൽവിലാസവും, ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നു ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ പറഞ്ഞു.