മഴകനത്തു: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി
Mail This Article
മാന്നാർ ∙ വീണ്ടും പെയ്തിറങ്ങിയ തുലാമഴ ജനജീവിതം ദുസഹമാക്കി, ഹരിതകർമ സേനയുടെ ചാക്കുക്കെട്ടുകൾ റോഡിൽ ഒഴുകി നടന്നു, സ്കൂൾ കലോത്സവവും തടസ്സപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ രണ്ടരയോടെ അന്തരീക്ഷം ഇരുട്ടു വ്യാപിച്ചു. ഇടിമിന്നലിനു പിന്നാലെ ചാറ്റൽമഴയും പെയ്തു തുടങ്ങി. മൂന്നു മണിയോടെ തുടങ്ങിയ കനത്ത മഴ നാലര വരെ നിർത്താതെ പെയ്തു. സംസ്ഥാന പാതയിലെ പരുമലക്കടവ്, പോസ്റ്റ് ഓഫിസ് ജംക്‌ഷനടക്കം നിമിഷ നേരം കൊണ്ടു വെള്ളത്തിൽ മുങ്ങി.
മാന്നാർ പുത്തൻപള്ളിക്കു സമീപം കടത്തിണ്ണയിലും ഓടയ്ക്കു മുകളിലായി അടക്കി വച്ചിരുന്നു മാന്നാർ പഞ്ചായത്ത് ഹരിതകർമ സേനയുടെ വക ചാക്കുകെട്ടുകൾ മഴ വെള്ളത്തിൽ മുങ്ങി സംസ്ഥാന പാതയിലൂടെ ഏറെദുരം വരെ ഒഴുകി നടന്നു. പത്തിലധികം ചാക്കുക്കെട്ടുകൾ കണ്ട വാഹനത്തിലെ ഡ്രൈവറും യാത്രക്കാരും അമ്പരന്നു. ചാക്കിനുള്ളിൽ എന്തെന്ന് ആശങ്കയിൽ വാഹനങ്ങൾ നിർത്തിയിട്ടു.
സമീപത്തെ കടക്കാർ എത്തി ചാക്കുക്കെട്ടുകൾ നീക്കിയ ശേഷമാണ് വാഹനങ്ങൾ യാത്ര തുടർന്നത്. മാന്നാർ നായർ സമാജം സ്കൂൾ മൈതാനിയിൽ നടന്നു വന്ന ചെങ്ങന്നൂർ ഉപജില്ലാ കലോത്സവ നഗരിയും മിനിട്ടു കൊണ്ടു വെള്ളത്തിലായി. മത്സരങ്ങൾ നിർത്തി വച്ചു. വൈകിട്ട് 5ന് സമാപിക്കേണ്ട മത്സരങ്ങൾ രാത്രിയിലാണ് അവസാനിച്ചത്.