കേട്ടുപരിചയിച്ച ശബ്ദങ്ങൾ; അവർ ആദ്യമായി കണ്ടുമുട്ടി
Mail This Article
ആലപ്പുഴ∙ഫോണിന്റെ അങ്ങേത്തലയ്ക്കൽ കേട്ടു പരിചയിച്ച ശബ്ദം മുഖമായി മാറുന്ന അനുഭവമായിരുന്നു ഇന്നലെ എസ്ഡി കോളജ് അങ്കണത്തിൽ. മസ്കുലർ ഡിസ്ട്രോഫി ബാധിച്ചു വീട്ടകങ്ങളിലും ചക്രക്കസേരകളിലുമായി ജീവിതം ഇഴഞ്ഞു നീങ്ങിയ ആളുകൾ ഒരു കൂട്ടമായി മാറുന്ന കാഴ്ച. സ്വന്തം അനുഭവങ്ങൾ പങ്കുവയ്ക്കാനും പരസ്പരം പ്രചോദിപ്പിക്കാനും സംഘടനയും ഫോൺ വിളികളുമൊക്കെയുണ്ടെങ്കിലും പരസ്പരം കാണുകയെന്നതു സ്വപ്നം തന്നെയായിരുന്നു. ഉച്ചകഴിഞ്ഞ് എത്തിയ മഴയും ഇടിയും വിലങ്ങുതടിയായെങ്കിലും ഏറെ നാളത്തെ സ്വപ്നം ഇന്നലെ യാഥാർഥ്യമാകുകയായിരുന്നു. മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) എന്ന സംഘടനയുടെ നേതൃത്വത്തിലാണു ഡിസ്ട്രോഫി ബാധിതരുടെ ജില്ലാതല സംഗമം നടത്തിയത്. അനുഭവങ്ങൾ പങ്കുവച്ചും തമാശകൾ പറഞ്ഞും അവർ ആഹ്ലാദത്തിന്റെ മറ്റൊരു ലോകത്തെത്തി.
എഡിഎം ആശ സി.ഏബ്രഹാം സംഗമം ഉദ്ഘാടനം ചെയ്തു. മസ്കുലർ ഡിസ്ട്രോഫി ബാധിതരെ സഹായിക്കുന്ന കൂട്ട് വൊളന്റിയേഴ്സ് വിങ്ങിനെ ആദരിച്ചു. വൊളന്റിയർമാർക്ക് എഡിഎം മെമന്റോ വിതരണം ചെയ്തു.
ജില്ലയിലെ പൊതുസ്ഥലങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന് എഡിഎമ്മിനു മെമ്മോറാണ്ടം നൽകി. മസ്കുലർ ഡിസ്ട്രോഫി ബാധിതരായ 20 പേരാണു സംഗമത്തിനെത്തിയത്. എസ്ഡി കോളജിലെ എൻഎസ്എസ് പ്രവർത്തകരും ഭിന്നശേഷിക്കാരുടെ കൂട്ടിരിപ്പുകാരും ഉൾപ്പെടെ നൂറോളം പേർ സംഗമത്തിനുണ്ടായിരുന്നു.