ADVERTISEMENT

മാന്നാർ ∙ തോട്ടമുഖപ്പുകടവ് തോടും, കോയിക്കൽപള്ളം തോടും സൗന്ദര്യവൽക്കരിക്കണം എന്നാവശ്യമുയരുന്നു. മാന്നാർ പഞ്ചായത്തിലെ 5, 6, 7, 16, 17 വാർഡുകളിലൂടെ ഒഴുകി പമ്പാ നദിയിലെത്തിച്ചേരുന്ന തോട്ടമുഖപ്പുകടവ് തോടും കോയിക്കൽപള്ളം തോടും വർഷങ്ങളായി നവീകരിക്കാത്തതിനാൽ മാലിന്യപ്പുഴകളായി മാറി. കുട്ടംപേരൂർ കോയിക്കൽ ജംക്‌ഷനു കിഴക്കു തുടങ്ങി പമ്പാ നദിയിലേക്കു നാലര കിലോമീറ്റർ ദൈർഘ്യം വരുന്ന തോടാണ് തോട്ടമുഖപ്പുകടവ് തോട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാൽ നൂറ്റാണ്ടു മുൻപ് തോട്ടമുഖപ്പിൽ കുളിക്കടവ് നിർമിച്ചെങ്കിലും തോടു നവീകരണത്തിന് ഒന്നും ചെയ്തിട്ടില്ല.

പമ്പാനദിയിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന തോടാണ് കോയിക്കൽപള്ളം തോട്.  ഇതിലും കാര്യമായ നവീകരണം നടത്തിയിട്ടില്ല. തോടുകൾ നവീകരിക്കണമെന്ന ആവശ്യവുമായി സാമൂഹിക, പരിസ്ഥിതി സംഘടനയായ മിലൻ–21 രംഗത്തെത്തി. മാന്നാർ പഞ്ചായത്തിലെ 5 വാർഡുകളിലൂടെ കടന്നു പോകുന്ന തോട്ടമുഖപ്പുകടവ് തോടിന്റെയും കുരട്ടിശേരി കോയിക്കൽപള്ളം തോടിന്റെയും ആഴം കൂട്ടി വശങ്ങൾ ബലപ്പെടുത്തി കെട്ടി ആ സ്ഥലത്ത് മുളകൾ വച്ച് സൗന്ദര്യം വർധിപ്പിക്കണം. മണ്ണിടിച്ചിൽ തടയുക മാത്രമല്ല മുള കൊണ്ടുള്ള വസ്തുക്കൾക്ക് വ്യവസായ സാധ്യതയുമുണ്ടെന്നു മിലൻ– 21ന്റെ പ്രത്യേക യോഗം വിലയിരുത്തി. 

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വത്സല മോഹൻ ഉദ്ഘാടനം ചെയ്തു. മിലൻ–21 ചെയർമാൻ പി.എ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, പഞ്ചായത്തംഗങ്ങളായ സുജിത്ത് ശ്രീരംഗം, വി.ആർ. ശിവപ്രസാദ്, ശാന്തിനി ബാലകൃഷ്ണൻ, മിലൻ സെക്രട്ടറി ഡോ. ഒ. ജയലക്ഷ്മി, ജയകുമാർ, ബൈജു വി. പിള്ള എന്നിവർ പ്രസംഗിച്ചു. മിലൻ–21 ഉപദേശക സമിതി ചെയർമാൻ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സുഭാഷ്‌ ചന്ദ്രബോസ് പ്രഭാഷണം നടത്തി. ജയകുമാർ ഊരാളുങ്കൽ കൺവീനറായി ടെക്നിക്കൽ കോർ ഗ്രൂപ്പിനെയും തിരഞ്ഞെടുത്തു.

English Summary:

Thottammukhappukadavu Thodu and Koyikkalpallam Thodu, vital waterways in Mannar Panchayat, Kerala, have fallen into disrepair, becoming polluted and neglected. This article highlights the urgent need for their restoration and beautification, emphasizing the potential benefits for the environment, tourism, and the well-being of the local community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com