റോവിങ് ചാംപ്യൻഷിപ്: സായ് പുന്നമട പരിശീലന കേന്ദ്രത്തിന് ഓവറോൾ
Mail This Article
ആലപ്പുഴ∙ അവസാന ദിവസത്തെ അട്ടിമറിയോടെ ഓൾ ഇന്ത്യ ഇന്റർ സായ് റോവിങ് ചാംപ്യൻഷിപ് സായ് പുന്നമട പരിശീലന കേന്ദ്രം സ്വന്തമാക്കി. 11 സ്വർണം, 8 വെള്ളി, 2 വെങ്കലം എന്നിവയുമായി 124 പോയിന്റ് നേടിയാണ് ആതിഥേയരായ പുന്നമട സായ് ഓവറോൾ ചാംപ്യൻഷിപ് നേടിയത്. ചാംപ്യൻഷിപ്പിന്റെ ആദ്യ രണ്ടു ദിവസങ്ങളിലും മുന്നിൽ നിന്ന സായ് ജഗത്പുർ പരിശീലന കേന്ദ്രം 120 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. 11 സ്വർണം, 8 വെള്ളി, ഒരു വെങ്കലം എന്നിവയാണു ജഗത്പുർ സായി നേടിയത്.
സായ് എൻടിപിസി ജലകായിക കേന്ദ്രം ബിലാസ്പുർ 29 പോയിന്റുമായി മൂന്നാം സ്ഥാനം നേടി. 28 പോയിന്റ് വീതമുള്ള മധ്യപ്രദേശ് സ്റ്റേറ്റ് അക്കാദമി, ബിഎസ്‌സി കിർക്കി എന്നിവയ്ക്കാണു യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ. സീനിയർ വിഭാഗത്തിൽ സായ് ജഗത്പുർ പരിശീലന കേന്ദ്രം 61 പോയിന്റുമായി ചാംപ്യനായപ്പോൾ പുന്നമട സായ് 32 പോയിന്റുമായി റണ്ണറപ്പായി. മധ്യപ്രദേശ് സ്റ്റേറ്റ് അക്കാദമി 18 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ സായ് പുന്നമട പരിശീലന കേന്ദ്രം ചാംപ്യൻമാരായി. ജഗത്പുർ സായിക്കാണു രണ്ടാം സ്ഥാനം.
ഇന്നലെ നടന്ന മത്സരങ്ങളിൽ ജൂനിയർ മെൻസ് സിംഗിൾ സ്കൾ, സബ് ജൂനിയർ ബോയ്സ് ഫോർ, ജൂനിയർ വിമൻസ് സിംഗിൾ സ്കൾ, സബ് ജൂനിയർ ഗേൾസ് ക്വാഡ്രപ്പിൾ, സീനിയർ വിമൻസ് പെയർ എന്നിവയിൽ പുന്നമട സായ് സ്വർണം നേടി. ജൂനിയർ വിമൻസ് ഡബിൾ സ്കൾ, സീനിയർ മെൻസ് ഫോർ എന്നിവയിൽ ജഗത്പുർ സായ് സ്വർണം നേടി. ജൂനിയർ മെൻസ് ഡബിൾ സ്കൾ, ജൂനിയർ മെൻസ് 8 എന്നിവയിൽ ബിഎസ്‌സി കിർക്കിയും സ്വർണം നേടി. സായ് നാഷനൽ സെന്റർ ഓഫ് എക്സലൻസ്, സ്പോർട്സ് ട്രെയ്നിങ് സെന്റർ, ഖേലോ ഇന്ത്യ സെന്ററുകൾ എന്നിവിടങ്ങളിൽ നിന്നായി ഇരുന്നൂറിലേറെ കായികതാരങ്ങളാണു ചാംപ്യൻഷിപ്പിൽ പങ്കെടുത്തത്.
സമാപന സമ്മേളനത്തിൽ ഡപ്യൂട്ടി കലക്ടർ പി.സുനിൽകുമാർ വിജയികൾക്കു മെഡലുകൾ സമ്മാനിച്ചു. പുന്നമട സായ് പരിശീലന കേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ പി.എഫ്.പ്രേംജിത്ത് ലാൽ അധ്യക്ഷത വഹിച്ചു. പി.ടി.പൗലോസ്, സജി തോമസ് എന്നിവർ പ്രസംഗിച്ചു. സായ് പുന്നമട പരിശീലന കേന്ദ്രം ഈ വർഷം ആതിഥ്യം വഹിച്ച രണ്ടാമത്തെ ദേശീയ ചാംപ്യൻഷിപ്പായിരുന്നു ഇത്. ഒക്ടോബറിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ സായ് കനോയിങ് ചാംപ്യൻഷിപ്പിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പുന്നമട സായ് ഒന്നാം സ്ഥാനവും ജഗത്പുർ സായ് രണ്ടാം സ്ഥാനവും നേടിയിരുന്നു.