ദേശീയപാത വികസനം; 8 കിലോമീറ്ററിൽ 3 ദിവസത്തിനകം പൊലിഞ്ഞത് 3 ജീവൻ
Mail This Article
തുറവൂർ∙ ദേശീയപാതയിൽ തുറവൂർ– ഒറ്റപ്പുന്ന ഭാഗത്ത് അപകടങ്ങളുടെ പെരുമഴ. 8 കിലോമീറ്ററിൽ 3 ദിവസത്തിനകം പൊലിഞ്ഞത് 3 ജീവൻ. ദേശീയപാത വികസനത്തിന്റെ ജോലി നടക്കുന്നതിന്റെ ഭാഗമായി റോഡിലെ വഴിവിളക്കുകൾ ഇല്ലാതായതോടെ മതിയായ സുരക്ഷാ സംവിധാനം ഒരുക്കാത്തതാണ് അപകടങ്ങൾക്ക് കാരണം. ദേശീയപാത വികസനത്തിന്റെ ഭാഗമായി ജോലി നടക്കുന്നതിനാൽ പലയിടത്തും സുരക്ഷാ ബോർഡുകൾ ഇല്ല. ഗതാഗതം നിയന്ത്രിക്കാൻ ജീവനക്കാരെയും നിയമിച്ചിട്ടില്ല. രാത്രിയാണ് അപകടങ്ങൾ ഏറെയും.
കഴിഞ്ഞ ദിവസം ബവ്റിജസ് കോർപറേഷൻ ജീവനക്കാരൻ ലോറിക്കടിയിൽപ്പെട്ട് മരിച്ചതും ഇന്നലെ ഇരുചക്രവാഹന യാത്രികർ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചതുമാണ് അവസാനം നടന്ന അപകടങ്ങൾ. തുറവൂർ മുതൽ ഒറ്റപ്പുന്നവരെ 8 കിലോമീറ്റർ റോഡിൽ നാലുവരിപ്പാത പൊളിച്ച് 6 വരിയാക്കുന്നതിന്റെ ജോലി നടക്കുകയാണ്. റോഡ് പൊളിച്ചു നീക്കിയശേഷം മണൽ അടിച്ച് കോൺക്രീറ്റ് മിശ്രിതം ഉറപ്പിക്കുന്ന ജോലിയാണ് നടക്കുന്നത്.
അരക്കിലോമീറ്റർ ഇടവിട്ടാണ് ജോലി നടക്കുന്നത്. ഇതിനാൽ വാഹനങ്ങൾ മീഡിയൻ ഗ്യാപ് വഴി തിരിച്ചു വിടുന്നുണ്ട്. എന്നാൽ വാഹനങ്ങൾ തിരിയേണ്ട ഭാഗങ്ങളിൽ ബ്ലിങ്കറിങ് ലൈറ്റുകളോ സുരക്ഷാ ബോർഡുകളോ ഇല്ല. തുറവൂർ മുതൽ ഒറ്റപ്പുന്നവരെയുള്ള റോഡിൽ നാലുവരിപ്പാത വേർതിരിക്കാൻ നിർമിച്ച മീഡിയനിൽ ഒരടി ഉയരത്തിലുള്ള കോൺക്രീറ്റ് ഭിത്തികൾ പൊളിച്ചു നീക്കിയിട്ടില്ല. കെഎസ്ആർടിസി,സ്വകാര്യ ബസുകളിൽ വന്നിറങ്ങുന്ന യാത്രക്കാർ വഴിവിളക്കില്ലാത്തതിനാൽ രാത്രി കോൺക്രീറ്റ് ഭിത്തികളിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സംഭവവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ബവ്റിജസ് കോർപറേഷൻ ജീവനക്കാരൻ മരിക്കാനിടയായത് ഇതിനാലാണ്.
സ്‌കൂട്ടറിൽ ബസിടിച്ച് ബന്ധുക്കൾ മരിച്ചു
ചേർത്തല∙ ദേശീയപാതയിൽ ചേർത്തല തങ്കി സിഎംഎസിനു സമീപം സ്‌കൂട്ടറിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിടിച്ച് , ബന്ധുക്കളായ രണ്ടു പേർ മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 11ാംവാർഡ് പറമ്പടച്ചിറ മുരുകേശൻ(43), ഭാര്യാ സഹോദരൻ ശിവകുമാർ(28) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് അപകടം.
പെയിന്റിങ് തൊഴിലാളിയായിരുന്ന മുരുകേശനും ശിവകുമാറും കഞ്ഞിക്കുഴിയിൽ നിന്നു തൃശൂരിലേക്കു സ്‌കൂട്ടറിൽ പോകുമ്പോഴാണ് കോഴിക്കോട് തൊട്ടിൽപാലത്തുനിന്നും തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി താൽക്കാലിക ഗതാഗതക്രമീകരണം ഏർപെടുത്തിയിരിക്കുന്ന സ്ഥലത്തായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ തെറിച്ചു വീണു. പട്ടണക്കാട് പൊലീസും അഗ്നിശമനസേനയും മറ്റുവാഹനയാത്രക്കാരും ചേർന്ന് ഇരുവരെയും ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശിവകുമാറാണ് സ്കൂട്ടർ ഓടിച്ചിരുന്നത്.
മരിച്ച മുരുകേശനും ശിവകുമാറും തമിഴ്‌നാട് സ്വദേശികളായിരുന്നു. മുരുകേശൻ വർഷങ്ങളായി കഞ്ഞിക്കുഴിയിൽ സ്ഥിരതാമസമാണ്. വിദേശത്തായിരുന്ന ശിവകുമാർ ഒരുമാസം മുൻപാണ് ചേർത്തലയിൽ എത്തിയത്. ചേർത്തലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സിന്ധുവാണ് മുരുകേശന്റെ ഭാര്യ. മക്കൾ:ഐശ്വര്യ, അഞ്ജു. സംസ്‌കാരം ഇന്ന് കഞ്ഞിക്കുഴിയിലെ വീട്ടുവളപ്പിൽ നടക്കും.