ADVERTISEMENT

പൂച്ചാക്കൽ∙ എൽഡിഎഫ് ഭരിക്കുന്ന പാണാവള്ളി പഞ്ചായത്ത് ഓഫിസിനു മുന്നിൽ സിപിഎം സമരം. പാണാവള്ളി പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, തെരുവുവിളക്കുകൾ തെളിക്കുക, തൊഴിലുറപ്പ് പദ്ധതി പ്രവർത്തനം കാര്യക്ഷമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സിപിഎം ജില്ലാ കമ്മിറ്റി അംഗം എൻ.ആർ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഉദ്യാഗസ്ഥർ മുന്നറിയിപ്പില്ലാതെ നടത്തുന്ന സമരം തെറ്റായ നടപടിയാണെന്നും കൃത്യവിലോപം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമപ്രകാരമുള്ള ഇടപെടലുകൾ സിപിഎം നടത്തുമെന്നും എൻ.ആർ.ബാബുരാജ് പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം.പ്രമോദ് അധ്യക്ഷത വഹിച്ചു. സിപിഎം ചേർത്തല ഏരിയ സെക്രട്ടറി ബി.വിനോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ.കുഞ്ഞുമോൻ, കെ.ബി.ബാബുരാജ്, വി.എ.അനീഷ്, ജി.ധനേഷ് കുമാർ, രാജേഷ് വിവേകാനന്ദ തുടങ്ങിയവർ പ്രസംഗിച്ചു. വ്യാഴാഴ്ച വൈകിട്ട് പഞ്ചായത്ത് കമ്മിറ്റിക്കു ശേഷം സിപിഎം അംഗമായ സ്ഥിരസമിതി അധ്യക്ഷൻ ജി.ധനേഷ്കുമാർ വനിതാ സീനിയർ ക്ലാർക്ക് ആർ.ശ്രീനിത്യയോട് തെരുവുവിളക്കുകൾ തെളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കയർത്തു സംസാരിച്ചിരുന്നു. തുടർന്നു ശ്രീനിത്യ ബോധരഹിതയായി ആശുപത്രിയിൽ ചികിത്സ തേടി.

ഇതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ഉച്ചവരെ ജോലി ബഹിഷ്കരിച്ച് സമരം ചെയ്തിരുന്നു. ഇതിലെ പ്രതിഷേധം കൂടിയാണു സിപിഎമ്മിനെ സമരത്തിലേക്കു നയിച്ചതെന്നാണു വിവരം. വനിതാ ഉദ്യോഗസ്ഥയോട് കയർത്തു സംസാരിച്ചത് ശരിയായില്ലെന്ന നിലപാടാണു പഞ്ചായത്ത് പ്രസിഡന്റും സിപിഐ അംഗവുമായ രാഗിണി രമണൻ സ്വീകരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി വെള്ളിയാഴ്ച പഞ്ചായത്ത് ഓഫിസിനു മുന്നിൽ സമരവും നടത്തി. ഇതെല്ലാം സിപിഎമ്മിനെ ചൊടിപ്പിപ്പിച്ചതായും സൂചനയുണ്ട്.

ബഹിഷ്കരിക്കൽ, പ്രതിഷേധം, വിജിലൻസ് പരിശോധന
പൂച്ചാക്കൽ∙ പാണാവള്ളി പഞ്ചായത്ത് ഓഫിസിനു മുന്നിൽ സിപിഎം നടത്തിയ സമരത്തിനു പിന്നാലെ തദ്ദേശ സ്വയംഭരണ വകുപ്പ് വിജിലൻസ് വിഭാഗം പഞ്ചായത്ത് ഓഫിസിൽ പരിശോധനയ്ക്ക് എത്തി. വെള്ളിയാഴ്ച്ചയുണ്ടായ ഉദ്യോഗസ്ഥരുടെ പ്രതിഷേധം, സമരം തുടങ്ങിയവ സംബന്ധിച്ച് അന്വേഷണത്തിനാണു വിജിലൻസ് എത്തിയതെന്നാണു സൂചന. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി.

ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു പദ്ധതി പ്രവർത്തനങ്ങൾ സംബന്ധിച്ച് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതും അന്വേഷണ വിധേയമായേക്കും. മുന്നറിയിപ്പില്ലാതെ ജീവനക്കാർ റജിസ്റ്ററിൽ ഒപ്പിട്ട ശേഷം ജോലി ബഹിഷ്കരിച്ചതു തെറ്റായ നടപടിയായി സിപിഎം പ്രതിനിധിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ.കുഞ്ഞുമോൻ മൊഴി നൽകിയതായാണു വിവരം. ഉദ്യോഗസ്ഥരുടെ മേൽ പ്രത്യേകിച്ച് വനിതാ ഉദ്യോഗസ്ഥരുടെ മേൽ ജനപ്രതിനിധികൾ ക്ഷോഭിക്കാൻ പാടില്ലെന്ന മുൻ അഭിപ്രായത്തിൽ സിപിഐ പ്രതിനിധിയായ പ്രസിഡന്റ് രാഗിണി രമണൻ ഉറച്ചുനിന്നതായും സൂചനയുണ്ട്.

English Summary:

The Communist Party of India (Marxist) staged a protest at the Panavally Panchayat office in Kerala, alleging inefficiency and demanding improved services. Key concerns include malfunctioning street lights and inadequate implementation of the employment guarantee scheme.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com