രാത്രി അടുക്കള വാതിൽ ശ്രദ്ധിക്കുക! വന്നത് തലക്കെട്ടും മുഖം മൂടിയും ധരിച്ച അൽപവസ്ത്രധാരികൾ; വീണ്ടും കുറുവ സംഘം..?
Mail This Article
കലവൂർ∙ നഗരത്തിൽ ആശങ്ക പരത്തി രണ്ടാഴ്ചയ്ക്കിടെ വീണ്ടും കുറുവ സംഘമെന്നു സംശയിക്കപ്പെടുന്നവരുടെ ഭവനഭേദനവും കവർച്ചയും. മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളിൽ രണ്ടു സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ചെടുത്തു. പല വീടുകളിലും മോഷണശ്രമവും നടന്നു. എല്ലായിടത്തും അർധരാത്രിക്കു ശേഷം അടുക്കളവാതിൽ പൊളിച്ചാണ് അകത്തു കയറിയത്. മോഷ്ടാക്കളെന്നു സംശയിക്കപ്പെടുന്ന രണ്ടുപേർ ഓടിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. രണ്ടാഴ്ച മുൻപും ഈ പ്രദേശത്തു സമാനരീതിയിൽ മോഷണശ്രമം നടന്നിരുന്നു.
മണ്ണഞ്ചേരി റോഡുമുക്ക് പടിഞ്ഞാറ് മാളിയേക്കൽ കുഞ്ഞുമോന്റെ ഭാര്യ ഇന്ദുവിന്റെ താലിമാലയും സമീപ വാർഡിൽ കോമളപുരം പടിഞ്ഞാറ് നായിക്യംവെളി അജയകുമാറിന്റെ ഭാര്യ ജയന്തിയുടെ മാലയുമാണു കവർന്നത്. ഇന്ദുവിന്റെ മാലയിൽ താലി മാത്രമായിരുന്നു സ്വർണം. പൊട്ടിച്ചെടുക്കുമ്പോൾ താഴെ വീണ താലി പിന്നീടു വീട്ടിൽ നിന്നു കിട്ടി. രണ്ടാഴ്ച മുൻപത്തെ ദൃശ്യങ്ങളിലുള്ളവർ തന്നെയാണു പുതിയ ദൃശ്യങ്ങളിലും ഉള്ളതെന്നു പൊലീസ് സംശയിക്കുന്നു. മണ്ണഞ്ചേരി നേതാജി ജംക്‌ഷനു സമീപമാണു രണ്ടാഴ്ച മുൻപു മോഷ്ടാക്കളെത്തിയത്.
തലക്കെട്ടും മുഖം മൂടിയും ധരിച്ച, അൽപവസ്ത്രധാരികളായാണ് സിസിടിവി ദൃശ്യങ്ങളിൽ ഇവരെ കാണുന്നത്. തിരിച്ചറിയാൻ പ്രയാസമാണെന്ന് എസ്ഐ കെ.ആർ. ബിജു പറഞ്ഞു. അർധരാത്രി മഴ പെയ്യുന്ന സമയത്തായിരുന്നു ഇന്നലത്തെ മോഷണങ്ങൾ. ഇവർ നടന്നാണ് എത്തിയത്. ദൂരെ എവിടെയെങ്കിലും വാഹനം വച്ച ശേഷം എത്തിയതാകാമെന്നാണു പൊലീസിന്റെ നിഗമനം. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് വീടുകളിലെത്തി വിവരങ്ങൾ തേടി. പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു.
അടുക്കള വാതിൽ ശ്രദ്ധിക്കുക
പലരും വീടിനു മുൻവശത്തെ പ്രധാന വാതിലിനു നൽകുന്ന പ്രാധാന്യം അടുക്കള വാതിലിനു നൽകാത്തതാണു മോഷ്ടാക്കൾക്കു സൗകര്യമാകുന്നതെന്നു പൊലീസ്. കുറുവ സംഘമെന്നു സംശയിക്കുന്നവരുടെ ഭവനഭേദനങ്ങളെല്ലാം അടുക്കള വാതിൽ പൊളിച്ചായിരുന്നു. വേണ്ടത്ര അടച്ചുറപ്പില്ലാത്തതാകും അടുക്കള വാതിലുകൾ. എല്ലാ കുറ്റിയും ഇടാറുമില്ല. ഇക്കാര്യം ശ്രദ്ധിക്കണമെന്ന് എസ്ഐ കെ.ആർ.ബിജു പറഞ്ഞു.
കലവൂർ ∙ മോഷണം നടന്ന ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ വീടുകളിലെല്ലാം മോഷ്ടാക്കൾ എത്തിയത് അടുക്കള വാതിൽ പൊളിച്ചാണ്. മോഷ്ടാക്കൾ ഇരുമ്പുപാരയോ മറ്റോ ഉപയോഗിച്ചു കതക് കട്ടിളയിൽ നിന്നു തിക്കിയാണു തുറക്കുന്നത്. അതോടെ കുറ്റികളുടെയും പൂട്ടിന്റെയും സ്ക്രൂ ഇളകിപ്പോകും. വലിയ ശബ്ദവും ഉണ്ടാകില്ല. രാത്രി 12ന് ശേഷം പുലർച്ചെ 4ന് അകമാണു മിക്ക മോഷ്ടാക്കളും എത്തുന്നതെന്നു എസ്ഐ കെ.ആർ.ബിജു പറഞ്ഞു. മഴയുള്ള സമയം കാര്യങ്ങൾ എളുപ്പമാക്കും.
നടുക്കം മാറാതെ ഇന്ദു
‘‘കഴുത്തിൽ എന്തോ ഇഴയുന്നതു പോലെ തോന്നിയാണ് ഉണർന്നത്. ഞെട്ടിയുണർന്നപ്പോൾ മുന്നിലൊരാൾ. പേടിച്ച് ശബ്ദം പുറത്തേക്കു വന്നില്ല’’– ഉറക്കത്തിനിടെ കഴുത്തിൽ നിന്നു താലിമാല കവർച്ച ചെയ്യപ്പെട്ട മണ്ണഞ്ചേരി പഞ്ചായത്ത് മാളിയേക്കൽ ഇന്ദു ഇപ്പോഴും നടുക്കത്തിലാണ്. നിലവിളിക്കാൻ ശ്രമിച്ചപ്പോൾ നാവു താഴ്ന്നുപോയ അവസ്ഥ. അൽപസമയത്തിനു ശേഷമാണു ശബ്ദം വന്നത്. ഭർത്താവ് ഉണർന്നതോടെ മോഷ്ടാവ് ഓടിപ്പോയി. പിന്നാലെ ഓടിച്ചെന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. മേശപ്പുറത്തു വച്ചിരുന്ന പഴ്സും നഷ്ടപ്പെട്ടു. അതിൽ ആയിരത്തോളം രൂപയുണ്ടായിരുന്നു. പഴ്സും അതിലുണ്ടായിരുന്ന കടലാസുകളും വീടിനു പുറത്ത് ഉപേക്ഷിച്ചതു പിന്നീടു കിട്ടിയെന്നും ഇന്ദു പറഞ്ഞു.സമീപത്തെ പോട്ടയിൽ സിനോജ്, കോമളപുരം ടാറ്റാ വെളിക്കു പടിഞ്ഞാറ് അഭിനവം വീട്ടിൽ വിനയചന്ദ്രൻ എന്നിവരുടെ വീടുകളുടെ അടുക്കള വാതിലുകളും മോഷ്ടാക്കൾ പൊളിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.
അടുത്ത വീട്ടിലെ ഷെഡിൽ ഒളിച്ചിരുന്നു
കലവൂർ ∙ മണ്ണഞ്ചേരി മാളിയേക്കൽ ഇന്ദുവിന്റെ വീട്ടിലെ മോഷണത്തിനു ശേഷം മോഷ്ടാക്കൾ അയൽവീടിനോടു ചേർന്നുള്ള ഷെഡിൽ കുറച്ചുസമയം ഒളിച്ചിരുന്നതായി സൂചന. മോഷണം നടന്ന വീട്ടിൽനിന്നു മണം പിടിച്ച പൊലീസ് നായ അടുക്കളവാതിലിലൂടെ പുറത്തേക്കിറങ്ങി വടക്കുഭാഗത്തു ചെന്ന്, മോഷ്ടാക്കൾ പഴ്സ് വലിച്ചെറിഞ്ഞതിനു സമീപമെത്തി വീണ്ടും മണം പിടിച്ച് അയൽവീടിനു മുന്നിലെ വാതിലില്ലാത്ത ഷെഡിനുള്ളിൽ കയറി. പിന്നീടു നായ പുറത്തിറങ്ങി വീണ്ടും വടക്കോട്ട് ഓടി. മറ്റൊരു വീടിന്റെ ഗേറ്റിന്റെ ഭാഗത്തു മതിലിനോട് ചേർന്ന് ഉപേക്ഷിക്കപ്പെട്ട ഷർട്ട് മണത്ത ശേഷം വീണ്ടും റോഡിന്റെ ഭാഗത്തേക്ക് ഓടി. മോഷ്ടാക്കൾ ഇതുവഴിയാണ് കടന്നുകളഞ്ഞതെന്നാണ് പൊലീസ് നിഗമനം.
രാത്രി പട്രോളിങ് തുടങ്ങും
∙ മോഷണങ്ങൾ വ്യാപകമായതോടെ റസിഡന്റ്സ് അസോസിയേഷനുകളുടെയും മറ്റ് സംഘടനകളുടെയും സഹായത്തോടെ രാത്രി പട്രോളിങ് ആരംഭിക്കുവാൻ പൊലീസ് തീരുമാനം. ഇതിന്റെ ഭാഗമായി മണ്ണഞ്ചേരി പഞ്ചായത്തിലെ വിവിധ സംഘടന ഭാരവാഹികളുടെ യോഗം ചേർന്നു. വഴി വിളക്കുകൾ ഇല്ലാത്ത ഭാഗങ്ങളിൽ സമീപവീടുകളിൽ നിന്നു വെളിച്ചം എത്തിക്കുന്നതിനും വീടുകളുടെ വാതിലുകൾ ഉറപ്പോടെ പൂട്ടുന്നതിനും വീട്ടുകാർക്ക് ജാഗ്രത നൽകുവാൻ തീരുമാനിച്ചു. പ്രദേശവാസികൾ പൊലീസിനൊപ്പം ചേർന്ന് രാത്രി പട്രോളിങ് നടത്തുമെന്നും മണ്ണഞ്ചേരി സിഐ ടോൾസൺ പി.ജോസഫ് പറഞ്ഞു.