മുണ്ടക്കൈ, ചൂരൽമല: ബിരിയാണി ചാലഞ്ചിന്റെ പേരിൽ തട്ടിപ്പ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
Mail This Article
കായംകുളം ∙ മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ ബിരിയാണി ചാലഞ്ച് നടത്തി 1.2 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്നു സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിലൊരാൾ കാപ്പ കേസ് പ്രതിയാണ്. ദേവികുളങ്ങര പഞ്ചായത്തിൽ കിണർമുക്ക് കേന്ദ്രമാക്കി ‘തണൽ ജനകീയ കൂട്ടായ്മ’ എന്ന സംഘടന ഉണ്ടാക്കി പണം തട്ടിയെന്നാണു പരാതി.
സിപിഎം തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, ഡിവൈഎഫ്ഐ പുതുപ്പള്ളി മേഖലാ പ്രസിഡന്റ് അമൽരാജ്, സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജൻ എന്നിവർക്കെതിരെയാണു കേസ്. സിബി കാപ്പ കേസിൽ പ്രതിയായിരുന്നു. ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം നൽകാനെന്നു പ്രചരിപ്പിച്ച് സെപ്റ്റംബർ ഒന്നിനാണ് ഇവർ ബിരിയാണി ചാലഞ്ച് നടത്തിയത്.
ഒരു ബിരിയാണിക്കു 100 രൂപ വീതം 1200 പേരിൽ നിന്നു പണം പിരിച്ചു. എന്നാൽ, മാസങ്ങൾ കഴിഞ്ഞും പണം അടച്ചില്ല. തുടർന്ന് എഐവൈഎഫ് പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാംലാൽ മുഖ്യമന്ത്രിക്കുൾപ്പെടെ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. ശ്യാംലാൽ ആദ്യം ഡിജിപിക്കാണു പരാതി നൽകിയത്. പക്ഷേ ഇതിൽ അന്വേഷണമുണ്ടായില്ല. നടപടിയുണ്ടായില്ലെന്നു കാണിച്ചു മുഖ്യമന്ത്രിക്കും ഡിജിപിക്കും ശ്യാംലാൽ പരാതി നൽകി. തുടർന്നു ജില്ലാ പൊലീസ് മേധാവി രഹസ്യാന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതോടെയാണു തിങ്കളാഴ്ച രാത്രി കേസെടുത്തത്.
‘വയനാടിന് ഒരു കൈത്താങ്ങ്’ എന്ന പേരിൽ നോട്ടിസ് അച്ചടിച്ചും സമൂഹമാധ്യമങ്ങൾ വഴിയും ബിരിയാണി ചാലഞ്ചിന്റെ പ്രചാരണം നടത്തിയിരുന്നു. വ്യക്തികളിൽ നിന്നു സംഭാവനയായി വൻതുക ഇവർ പിരിച്ചെടുത്തതായും പരാതിയിൽ ആരോപിക്കുന്നു.ഡിവൈഎഫ്ഐ നേതാവ് അമൽരാജിന്റെ വീട്ടിലാണു ബിരിയാണി തയാറാക്കി വിതരണം ചെയ്തത്. ദുരിതാശ്വാസ നിധിയിലേക്കു പണം നൽകാതെയും കണക്ക് അവതരിപ്പിക്കാതെയും സംഘാടകർ ഒഴിഞ്ഞുമാറിയതോടെയാണു സംശയം ഉയർന്നതും ശ്യാംലാൽ പൊലീസിനെ സമീപിച്ചതും. പരാതിക്കാരനായ ശ്യാംലാൽ നേരത്തെ സിപിഎം പ്രവർത്തകനായിരുന്നു. പാർട്ടിയുമായുണ്ടായ അഭിപ്രായ ഭിന്നതയെത്തുടർന്ന് 6 മാസം മുൻപാണു സിപിഐയിൽ ചേർന്നത്.