കുറുവ സംഘത്തെ പിടികൂടുന്നവർക്ക് സൗജന്യ ഡ്രൈവിങ് പരിശീലനം; വാഗ്ദാനവുമായി ഡ്രൈവിങ് സ്കൂൾ ഉടമ
Mail This Article
ചേർത്തല ∙ മണ്ണഞ്ചേരി– മാരാരിക്കുളം മേഖലയിൽ ഉറക്കം കെടുത്തുന്ന കുറുവ സംഘമെന്നു സംശയിക്കുന്ന മോഷ്ടാക്കളെ പിടികൂടുന്ന ക്ലബ്ബുകളിലെയും സാംസ്കാരിക സംഘടനകളിലെയും ഒരംഗത്തിനു സൗജന്യ ഡ്രൈവിങ് പരിശീലനം നൽകാൻ ഡ്രൈവിങ് സ്കൂൾ ഉടമ. മോഷ്ടാക്കളെ പിടികൂടാൻ യുവാക്കളും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങുന്നതിനു പ്രോത്സാഹനമായാണു കരപ്പുറം ഡ്രൈവിങ് സ്കൂൾ ഉടമയായ മാരാരിക്കുളം വടക്ക് 12–ാംവാർഡ് കരപ്പുറം വീട്ടിൽ രാജശേഖരൻ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
2012 ഓഗസ്റ്റ് മാസത്തിൽ മാരാരിക്കുളം മേഖലയിൽ തുടർച്ചയായി മോഷ്ടാക്കളുടെ ശല്യം വർധിച്ചതോടെ മോഷ്ടാക്കളെ പിടികൂടുന്ന സംഘടനയ്ക്ക് ഇത്തരത്തിൽ 5,000 രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്രദേശത്തെ സംഘടനകളും യുവാക്കളും രാത്രി സമയങ്ങളിൽ മോഷ്ടാവിനു വേണ്ടി ഉറക്കമില്ലാതെ കാത്തിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞു. മാരാരിക്കുളം പ്രദേശത്തെ ത്രിവേണി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളാണ് അന്ന് മാരാരിക്കുളം ക്ഷേത്രത്തിനു സമീപത്തുവച്ച് മോഷ്ടാവിനെ പിടികൂടി മാരാരിക്കുളം പൊലീസിൽ ഏൽപിച്ചത്.
കുറുവ സംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ തമിഴ്നാട്ടിൽനിന്നു ശേഖരിക്കുന്നു
കലവൂർ ∙ ജില്ലയിൽ പലയിടത്തും നടന്ന മോഷണങ്ങൾക്കു പിന്നിൽ കുറുവ സംഘമാണെന്ന സംശയത്തിൽ, പ്രതികളെന്നു കരുതുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് തമിഴ്നാട് പൊലീസിനു കൈമാറി. അവിടെനിന്നു കുറുവ സംഘത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കും. ആലപ്പുഴ ഡിവൈഎസ്പി: മധുബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം കുറുവ കള്ളൻമാരെപ്പറ്റി അന്വേഷിക്കുന്നുണ്ട്. മുൻപ് പത്തനംതിട്ട ജില്ലയിൽ നടന്ന ചില മോഷണങ്ങളിലും കുറുവ സംഘത്തിനു ബന്ധമുണ്ടെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ആ കേസുകളുടെ വിവരങ്ങൾ ശേഖരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
എന്നാൽ, ദൃശ്യങ്ങളിലുള്ളവരുടെ മുഖം വ്യക്തമല്ലാത്തതിനാൽ സ്ഥിരം മോഷ്ടാക്കളുടെ പട്ടികയിലുള്ളവരാണോയെന്നും അറിയില്ല. കഴിഞ്ഞ മാസം 29നാണ് മണ്ണഞ്ചേരിയിൽ കുറുവ സംഘമെന്നു സംശയിക്കുന്നവരുടെ ആദ്യ മോഷണശ്രമം നടന്നത്. നേതാജി ജംക്‌ഷനു സമീപം മണ്ണേഴുത്ത് രേണുകയുടെ വീട് കുത്തിത്തുറന്ന് അകത്തു കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. പിന്നീടു ചേർത്തലയിലും കരീലക്കുളങ്ങരയിലും മോഷണം നടന്നു. വീണ്ടും കഴിഞ്ഞ ദിവസം മണ്ണഞ്ചേരി, ആര്യാട് ഭാഗങ്ങളിൽ. മോഷണം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ലോഡ്ജുകളിലെ താമസക്കാർ, വാടകവീടുകളിൽ കഴിയുന്നവർ തുടങ്ങിയവരുടെ വിവരങ്ങളും ശേഖരിക്കുന്നു. പകൽ ജോലിക്കു പോകാതെ വീടുകളിൽ കഴിയുന്ന ചിലർ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസം റോഡുമുക്കിനു പടിഞ്ഞാറും കോമളപുരത്തുമായി നടന്ന മോഷണങ്ങളിൽ മണ്ണഞ്ചേരി പൊലീസ് 2 കേസുകളെടുത്തു. മോഷണശ്രമം നടന്ന വീടുകളിലെ പലരും പരാതി നൽകാത്തതിനാൽ കേസെടുത്തില്ല. കോമളപുരം സ്പിന്നിങ് മില്ലിനു പടിഞ്ഞാറ് നായിക്യംവെളി അജയകുമാറിന്റെ ഭാര്യ വി.എസ്.ജയന്തിയുടെയും റോഡുമുക്ക് പടിഞ്ഞാറ് മാളിയേക്കൽ കുഞ്ഞുമോന്റെ ഭാര്യ ഇന്ദുവിന്റെയും ആഭരണങ്ങൾ മോഷ്ടിച്ചതിനാണു കേസെടുത്തത്. ഇന്ദുവിന്റെ മൂന്നരപ്പവന്റെ ആഭരണങ്ങൾ നഷ്ടമായി. ജയന്തിയുടെ താലി കോർത്തിരുന്ന മാല മോഷ്ടാക്കൾ കവർന്നെങ്കിലും ഇത് സ്വർണമല്ലായിരുന്നു. താലി തറയിൽ വീണുകിടക്കുന്ന നിലയിൽ പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു. പ്രദേശത്തു തെരുവുനായയെ ചത്ത നിലയിൽ കണ്ടെങ്കിലും മോഷ്ടാക്കൾ ആക്രമിച്ചതാണോയെന്നു വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു.