വിലയിടിഞ്ഞ് മത്തി; ഒരു കിലോഗ്രാം മത്തിക്ക് മൂന്ന് മാസം മുൻപ് 400 രൂപ, ഇന്നലെ 15 രൂപ !
Mail This Article
തുറവൂർ ∙ കാത്ത് കാത്തിരുന്ന് വള്ളക്കാർക്ക് വലനിറയെ മത്തി ലഭിച്ചപ്പോൾ വിലയില്ലാതായി. ചെല്ലാനം ഹാർബറിൽ നിന്നു മത്സ്യബന്ധനത്തിന് പോയ അർത്തുങ്കൽ മുതൽ പള്ളിത്തോട് വരെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ സങ്കടത്തിലാക്കി മത്തിയുടെ വിലയിടിവ്. മൂന്ന് മാസം മുൻപ് 400 രൂപവരെ വിലയാണ് ഉയർന്നത്. ഇന്നലെ ഒരു കിലോഗ്രാം മത്തിക്ക് 15 രൂപയ്ക്കാണ് ചെല്ലാനം ഹാർബറിൽ നിന്നു മൊത്ത ഏജൻസികൾ എടുത്തത്.
അമിതമായി മത്തി വള്ളക്കാർക്ക് ലഭിക്കുന്നതിനാൽ കുറഞ്ഞ വിലയ്ക്കു മത്തിയെടുക്കാൻ ഇതര സംസ്ഥാനങ്ങളിലെ ഉണക്കിപൊടിക്കുന്ന മീൻതീറ്റ നിർമാണ കമ്പനിയിൽ നിന്നുള്ള കവചിത ലോറികൾ ഒട്ടേറെയാണ് ഹാർബറിൽ നിരയായി കിടക്കുന്നത്. മത്സ്യബന്ധന വള്ളങ്ങൾക്കു സുലഭമായി ലഭിക്കുന്ന മത്തിക്ക് ഹാർബറിൽ കിലോഗ്രാമിനു തുച്ഛമായ വിലയ്ക്കു വിറ്റഴിയുമ്പോൾ പൊതുമാർക്കറ്റുകളിലും മീൻ തട്ടുകടകളിലും കിലോഗ്രാമിനു 100 മുതൽ 150 രൂപവരെ രൂപ വരെ വില ഈടാക്കുന്നതായി ഉപഭോക്താക്കൾ പറയുന്നു.
മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന്റെ നട്ടെല്ലാണ് മത്തി ലഭിക്കുകയെന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഹാർബറിൽ നിന്നും കടലിൽ പോകുന്ന വള്ളങ്ങൾക്കു മത്തി ചാള സുലഭമായി ലഭിക്കുന്നത്. മത്തിയോടപ്പം അയലയും ചെറിയ തോതിൽ ലഭിക്കുന്നുണ്ട്. കടലിൽ നിന്നു പിടിച്ചു കൊണ്ടുവരുന്ന മത്സ്യത്തിനു പലപ്പോഴും വില കുത്തനെ ഇടിയുന്നത് തൊഴിലാളികളെ നിരാശരാക്കുന്നു. മത്തി മാത്രം കുടുതലായി ലഭിക്കുന്നതു കാരണം വള്ളങ്ങൾ ഭൂരിഭാഗവും ഉച്ചയ്ക്കു മുൻപേ പണി നിർത്തുകയാണ്.
ആലപ്പുഴ അർത്തുങ്കൽ മുതൽ കൊച്ചി വരെയുള്ള നൂറുകണക്കിനു വള്ളങ്ങളാണ് ചെല്ലാനം ഹാർബർ കേന്ദ്രീകരിച്ചു മത്സ്യബന്ധനം നടത്തുന്നത്. പൊതു മാർക്കറ്റുകളിലും മറ്റും ഇത്തരത്തിൽ വില വരുമ്പോൾ മത്സ്യത്തിനു ന്യായമായ വില ലഭിക്കുന്ന തരത്തിൽ സർക്കാർ സംവിധാനമാണ് ഹാർബറിൽ ഏർപ്പെടുത്തണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.