കാട്ടാനകൾക്ക് വേണ്ടി ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് നിർത്തിച്ച് വനംവകുപ്പ്; ദിവസം നഷ്ടം ഒരു ലക്ഷം
Mail This Article
രാജകുമാരി ∙ കാട്ടാനകൾക്ക് വേണ്ടി ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ്ങിന്റെ കടയ്ക്കൽ കത്തിവച്ച വനംവകുപ്പ് മാട്ടുപ്പെട്ടി ജലാശയത്തിലെ സീപ്ലെയ്ൻ പദ്ധതിയെയും എതിർക്കുന്നത് ടൂറിസം വികസനത്തിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. അരിക്കാെമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശയനുസരിച്ചാണ് 2023 ജൂലൈ 14ന് ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിങ് നിരോധിച്ചുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവിറങ്ങിയത്. ആനയിറങ്കൽ മേഖലയിലെ കാട്ടാനകളുടെ സ്വൈരവിഹാരത്തിന് ബോട്ടിങ് വിഘാതം സൃഷ്ടിക്കുന്നുവെന്ന വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവുണ്ടായത്.
ബോട്ടിങ് പുനരാരംഭിക്കുന്നതിൽ കോടതി അന്തിമ തീരുമാനമെടുക്കാത്തതുമൂലം ഹൈഡൽ ടൂറിസം വിഭാഗത്തിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. 8 മാസം മുൻപ് ആനയിറങ്കൽ ജലാശയത്തിലേക്ക് ഫീസ് ഈടാക്കി സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് ഒരു സൊസൈറ്റിക്ക് അനുമതി നൽകി. സമീപ ജില്ലയിലെ ചില ഇടതു നേതാക്കളും കെഎസ്ഇബി മുൻ ഉദ്യോഗസ്ഥരുമാണ് ഈ സൊസൈറ്റിക്ക് പിന്നിലെന്ന് ആരോപണമുണ്ട്. 2023 ഏപ്രിൽ 29ന് അരിക്കാെമ്പനെ മയക്കുവെടിവച്ച് പിടികൂടി കാട് മാറ്റി രണ്ടര മാസം കഴിഞ്ഞാണ് ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് നിരോധിച്ചത്.
അതിനു ശേഷം പല തവണ ഹൈക്കോടതിയുടെ പരിഗണനയിൽ ഈ കേസ് വന്നെങ്കിലും ബോട്ടിങ് പുനരാരംഭിക്കുന്നതിൽ തീരുമാനമായില്ല. ശബ്ദരഹിത ബോട്ടുകളുടെ ഉപയോഗം, ബോട്ട് സവാരിയുടെ ദൂരപരിധി കുറയ്ക്കുക, വാഹന പാർക്കിങ് മറ്റാെരിടത്തേക്ക് മാറ്റുക തുടങ്ങിയ നിർദേശങ്ങളിൽ കോടതി ഹൈഡൽ ടൂറിസം വിഭാഗത്തിന്റെ നിലപാട് തേടിയിരുന്നു. ബോട്ടുകൾ ശബ്ദരഹിതമാക്കുന്നതിൽ ഹൈഡൽ ടൂറിസം വിഭാഗം അനുകൂല നിലപാടാണ് കോടതിയെ അറിയിച്ചത്. ജലാശയത്തിന്റെ 10% സ്ഥലം മാത്രമാണ് നിലവിൽ ബോട്ടിങ്ങിന് ഉപയോഗിക്കുന്നതെന്നും ഹൈഡൽ വിഭാഗത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ദിവസം നഷ്ടം ഒരു ലക്ഷം
2 സ്പീഡ് ബോട്ടുകൾ, ഒരു പൊന്റൂൺ ബോട്ട്, 4 പെഡൽ ബോട്ടുകൾ, 7 കുട്ടവഞ്ചികൾ, 10 കയാക്കിങ് വഞ്ചികൾ എന്നിവയാണ് ആനയിറങ്കലിൽ സർവീസ് നടത്തിയിരുന്നത്. ബോട്ടിങ് നിർത്തിയതോടെ ആനയിറങ്കൽ ജലാശയം സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചെന്ന് ഹൈഡൽ ടൂറിസം അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ സീസണിൽ പ്രതിദിനം 150, അവധി ദിവസങ്ങളിൽ 300 സഞ്ചാരികളാണ് ആനയിറങ്കൽ സന്ദർശിക്കാൻ എത്തുന്നത്. ബോട്ടിങ് ഉണ്ടായിരുന്നപ്പോൾ ഇതിന്റെ നാലിരട്ടി സന്ദർശകരാണ് ആനയിറങ്കലിലേക്ക് വന്നിരുന്നത്. അവധി ദിവസങ്ങളിൽ ഒരു ദിവസം ഒരു ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ പകുതി പോലും ലഭിക്കുന്നില്ല.