‘മോൻസൻ മാവുങ്കലിന്റെ പുരാവസ്തുവാണു സാറേ, അനങ്ങില്ല’ എന്ന് ഓട്ടോക്കാരൻ; ഒടുവിൽ ‘കാലുപിടുത്തം’
Mail This Article
കാക്കനാട്∙ 30 രൂപയുടെ ഓട്ടത്തിന് 50 രൂപ ചോദിച്ച ഓട്ടോ ഡ്രൈവറോട് ‘യാത്രക്കാരൻ’ നിയമം പറഞ്ഞപ്പോൾ ‘കാശു തന്നിട്ടു പോയി പണി നോക്ക്’ എന്നായിരുന്നു മറുപടി. തർക്കത്തിനൊടുവിൽ യാത്രക്കാരൻ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറാണെന്ന് തിരിച്ചറിഞ്ഞ ഡ്രൈവർ കൈ കൂപ്പി ഒറ്റക്കരച്ചിൽ ‘തെറ്റു പറ്റി സാറേ, ഉപദ്രവിക്കരുത്’. കാക്കിക്കുപ്പായം അഴിച്ചു വച്ചു സാധാരണ യാത്രക്കാരായി ഓട്ടോറിക്ഷയിൽ കയറിയ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ടെത്തിയത് ഓട്ടോ ഡ്രൈവർമാരുടെ വൈവിധ്യ രീതിയിലുള്ള നിയമ ലംഘനങ്ങൾ. കലൂരിൽ നിന്ന് കതൃക്കടവ് വരെ ഓട്ടോയിൽ സഞ്ചരിച്ച ‘യാത്രക്കാരൻ’ യാത്രക്കൊടുവിൽ നിരക്ക് അറിയാൻ മീറ്ററിലേക്ക് നോക്കിയപ്പോൾ ഓട്ടോക്കാരന്റെ പരിഹാസം ‘മോൻസൻ മാവുങ്കലിന്റെ പുരാവസ്തുവാണു സാറേ, അനങ്ങില്ല’. ഇവിടെയും വാഗ്വാദത്തിനു ശേഷം മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഡ്രൈവർ കാലുപിടുത്തം തുടങ്ങി.
5 മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരാണ് യൂണിഫോമില്ലാതെ ഓട്ടോക്കാരിലെ കുഴപ്പക്കാരെ തേടിയിറങ്ങിയത്. പരാതി വ്യാപകമായതോടെയാണ് എൻഫോഴ്സ്മെന്റ് ആർടിഒ കെ.മനോജ് വേഷം മാറിയുള്ള പരിശോധനയ്ക്ക് നിർദേശം നൽകിയത്. ഗുരുതര നിയമ ലംഘനം കണ്ടെത്തിയ 10 ഓട്ടോക്കാർക്കെതിരെ നടപടിയെടുത്തു. ഇവർക്ക് 23,250 രൂപ പിഴ ഈടാക്കി. മീറ്റർ ഇല്ലാത്തതും ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാത്തതും ഇതിലുൾപ്പെടും. ഇൻഷുറൻസ് ഇല്ലാത്തതും ലൈസൻസ് ഇല്ലാത്തവർ ഓടിച്ചതുമായ ഓട്ടോകളും പിടികൂടി. എഎംവിഐമാരായ ദീപു പോൾ, സി.എൻ.ഗുമദേഷ്, ടി.എസ്.സജിത്, അരുൺ പോൾ, ജോബിൻ ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.