തവണക്കടവ് – വൈക്കം ജങ്കാർ സർവീസ് വീണ്ടും; ഇരുവശത്തേക്കും ഓരോ മണിക്കൂർ ഇടവിട്ട് സർവീസ്
Mail This Article
പൂച്ചാക്കൽ ∙ തവണക്കടവ് – വൈക്കം ഫെറിയിൽ ജങ്കാർ സർവീസ് ഇന്നലെ വൈകിട്ടു പുനരാരംഭിച്ചു. വൈക്കം നഗരസഭ അധ്യക്ഷ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് ആദ്യ ടിക്കറ്റ് വിൽപന നടത്തി.ഇരു വശത്തേക്കും ഓരോ മണിക്കൂർ ഇടവിട്ട് ഒരു ജങ്കാറാണ് സർവീസ് നടത്തുന്നത്. രാവിലെ 6ന് തവണക്കടവിൽ നിന്നു വൈക്കത്തേക്കാണ് ആദ്യ സർവീസ്. 6.30ന് വൈക്കം – തവണക്കടവ്, 7ന് തവണക്കടവ് – വൈക്കം അങ്ങനെ തുടരും. രാത്രി 9.30ന് വൈക്കത്തു നിന്നു തവണക്കടവിലേക്കാണ് അവസാന സർവീസ്.എറണാകുളം ആസ്ഥാനമായുള്ള സ്വകാര്യ ഏജൻസി ഒരു വർഷത്തേക്ക് 13.92 ലക്ഷം രൂപയ്ക്കാണ് ടെൻഡർ എടുത്തിരിക്കുന്നത്. പള്ളിപ്പുറം പഞ്ചായത്തും വൈക്കം നഗരസഭയും ചേർന്നാണ് ജങ്കാർ സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
മൂന്നു മാസത്തിനു ശേഷമാണ് ജങ്കാർ സർവീസ് പുനരാരംഭിക്കുന്നത്. മുൻപ് നടത്തിയിരുന്നവരുടെ കരാർ കാലാവധി കഴിഞ്ഞതിനാൽ വീണ്ടും ടെൻഡർ ചെയ്തിരുന്നു. ടെൻഡർ നടപടി വൈകിയതും മുൻപ് നടത്തിയിരുന്നപ്പോൾ ലഭിച്ച ലേലത്തുക പിന്നീടുള്ള ടെൻഡറുകളിൽ ലഭിക്കാതെ വന്നതും സർവീസ് വൈകാനിടയാക്കി. ജങ്കാർ ഇല്ലാത്തതിനാൽ ഇതുവഴി പോകേണ്ടവർ തണ്ണീർമുക്കം ബണ്ട് ഉൾപ്പെടെ സമാന്തര വഴികളിലൂടെ കൂടുതൽ ദൂരം യാത്ര ചെയ്യണമായിരുന്നു.