അരൂർ-തുറവൂർ മേഖലയിലെ യാത്രാക്ലേശം: സമാന്തര പാതകൾക്ക് 7 കോടി
Mail This Article
ആലപ്പുഴ ∙ അരൂർ തുറവൂർ ദേശീയപാതയുടെ സമാന്തരമായി നിലവിൽ വാഹനങ്ങൾ പോകുന്ന റോഡുകൾ നവീകരിക്കാൻ ദേശീയപാത അതോറിറ്റി 7 കോടി രൂപ അനുവദിക്കാൻ ധാരണയായെന്നു കെ.സി.വേണുഗോപാൽ എംപി അറിയിച്ചു. ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ-തുറവൂർ മേഖലയിൽ യാത്രാക്ലേശം കുറയ്ക്കാൻ സഹായിക്കുന്ന റോഡുകൾ യോജിപ്പിച്ചുള്ള ട്രാഫിക് സംവിധാനം നടപ്പാക്കാനും കെ.സി.വേണുഗോപാൽ എംപി വിളിച്ചു ചേർത്ത ഉപരിതല ഗതാഗത മന്ത്രാലയ, ദേശീയപാത അതോറിറ്റി, മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം തീരുമാനിച്ചു. സംസ്ഥാന മരാമത്തു വകുപ്പിനാണ് റോഡുകൾ നവീകരിക്കാനുള്ള 7 കോടി രൂപ അനുവദിക്കുക. പദ്ധതി സമർപ്പിക്കുന്ന മുറയ്ക്ക് അതോറിറ്റി അംഗീകാരം നൽകി പണികൾ തുടങ്ങും.
ഇതിനായി മരാമത്ത് സെക്രട്ടറി കെ.ബിജുവിനെ ചുമതലപ്പെടുത്തി. റോഡുകളുടെ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നു വേണുഗോപാൽ നിർദേശിച്ചു. മാസത്തിലൊരിക്കൽ പുരോഗതി മരാമത്ത് സെക്രട്ടറി വിലയിരുത്തും. അരൂർ, തുറവൂർ മേഖലയിൽ ജനസാന്ദ്രത കൂടുതലായതിനാൽ നാട്ടുകാരുടെയും യാത്രികരുടെയും ആശങ്കകൾക്കും പരാതികൾക്കും മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടു. ഉപരിതല ഗതാഗത ജോയിന്റ് സെക്രട്ടറി വിനയകുമാർ, അതോറിറ്റി അംഗം വെങ്കിട്ടരമണ, റീജനൽ ഓഫിസർ മീണ, കലക്ടർ അലക്സ് വർഗീസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.