സിപിഎം അരൂർ ഏരിയ സമ്മേളനം തുടങ്ങി
Mail This Article
തുറവൂർ∙ സിപിഎം അരൂർ ഏരിയ സമ്മേളനം പട്ടണക്കാട് പൊന്നാംവെളിയിൽ തുടങ്ങി. കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പാർട്ടിയെ തകർക്കാൻ ബിജെപിയും യുഡിഎഫും മാത്രമല്ല ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയ ശക്തികളടക്കം ഒറ്റക്കെട്ടായി അണിനിരന്നിരിക്കുന്ന ഘട്ടത്തിൽ പാർട്ടി അംഗങ്ങൾ ജാഗ്രതയോടെ ഇതിനെതിരെ രംഗത്ത് വരണമെന്ന് അവർ പറഞ്ഞു. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ അതിനെ സഹായിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ഫലത്തിൽ ഇരുകൂട്ടരും സംസ്ഥാനത്തെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.
സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു, ജില്ലാ സെക്രട്ടറി ആർ.നാസർ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.പ്രസാദ്, പി.പി.ചിത്തരഞ്ജൻ എംഎൽഎ, എച്ച്.സലാം എംഎൽഎ, മനു സി.പുളിക്കൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.എം.ആരിഫ്, എൻ.പി.ഷിബു എന്നിവർ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി പി.കെ.സാബു റിപ്പോർട്ട് അവതരിപ്പിച്ചു. മുതിർന്ന പ്രതിനിധി പി.വി.ശശി പതാക ഉയർത്തി. സി.ടി.വാസു രക്തസാക്ഷി പ്രമേയവും സി.ടി.വിനോദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. മുതിർന്ന പാർട്ടി അംഗങ്ങളെയും മൺമറഞ്ഞ പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
13 ലോക്കൽ കമ്മിറ്റികളിൽ നിന്ന് 122 പ്രതിനിധികളും 22 ഏരിയ കമ്മിറ്റി അംഗങ്ങളുമാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഏരിയ സെക്രട്ടറി പി.കെ.സാബു അവതരിപ്പിച്ച റിപ്പോർട്ടിൽ പൊതുചർച്ചയും നടന്നു. ജി.ബാഹുലേയൻ (കൺവീനർ), ദലീമജോജോ എംഎൽഎ, വി.കെ.സൂരജ്, സി.കെ.മോഹനൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ഇന്നു പ്രതിനിധി സമ്മേളനത്തിനു ശേഷം 3.30ന് പട്ടണക്കാട് ഹൈസ്ക്കൂൾ കവലയിൽ നിന്ന് ചുവപ്പു സേനാ മാർച്ചും ബഹുജനറാലിയും നടക്കും. തുടർന്നു പൊന്നാംവെളിയിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പി.കെ.സാബു അധ്യക്ഷനാകും.