മണ്ണാറശാല ക്ഷേത്രത്തിൽ കൃത്രിമ തിരക്കുണ്ടാക്കി മാല മോഷണം; ഇതരസംസ്ഥാനക്കാരായ സ്ത്രീകളുടെ സംഘമെന്നു പൊലീസ്
Mail This Article
ഹരിപ്പാട് ∙ ക്ഷേത്രത്തിൽ കൃത്രിമ തിരക്ക് ഉണ്ടാക്കി വീട്ടമ്മയുടെ നാലര പവന്റെ സ്വർണ മാല അപഹരിച്ചു. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശിനിയായ ലതയുടെ സ്വർണ മാലയാണ് മോഷ്ടിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. ക്ഷേത്രത്തിൽ തൊഴുതു നിൽക്കുന്ന ലതയുടെ സമീപത്ത് ഇതര സംസ്ഥാന സ്വദേശിനികളായ 2 സ്ത്രീകൾ തിരക്ക് ഉണ്ടാക്കുന്നതും മാല പൊട്ടിച്ച് എടുക്കുന്നതും ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നു പൊലീസ് പറഞ്ഞു.
മാല പൊട്ടിച്ചെടുത്തത് വളരെ സമയം കഴിഞ്ഞാണ് വീട്ടമ്മ അറിഞ്ഞത്. തുടർന്ന് ഹരിപ്പാട് പൊലീസിൽ പരാതി നൽകി. ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പൊലീസ് പരിശോധന നടത്തിയെങ്കിലും മോഷണ സംഘത്തെ പിടികൂടാനായില്ല.ബസുകളിലും ആരാധനാലയങ്ങളിലും തിരക്ക് ഉണ്ടാക്കി സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്ന ഇതര സംസ്ഥാനക്കാരായ സ്ത്രീകളുടെ സംഘത്തിൽപ്പെട്ടവരാണു മോഷണം നടത്തിയതെന്നാണു പൊലീസിനു ലഭിച്ച വിവരം.ഒരു മാസം മുൻപ് ഹരിപ്പാട് കെഎസ്ആർടിസി ബസിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച് എടുക്കുന്നതിനിടെ കർണാടക സ്വദേശികളായ രണ്ട് സ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു.