പാലമിടുന്നു പ്രതീക്ഷകൾ; ജില്ലയിലെ 5 പാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നു
Mail This Article
കാത്തുകാത്തിരുന്ന വികസന പ്രതീക്ഷകൾ പാലം കയറാനൊരുങ്ങുകയാണ്. ജില്ലയിലെ 5 പാലങ്ങളുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. പെരുമ്പളം ദ്വീപ് നിവാസികളുടെ ദീർഘകാല സ്വപ്നമായിരുന്ന പെരുമ്പളം പാലം നിർമാണം അവസാനഘട്ടത്തിലെത്തി. രണ്ടു ജില്ലകളെ തമ്മിൽ കൂട്ടിയിണക്കുന്ന മാക്കേക്കടവ് – നേരേകടവ് പാലത്തിന്റെ നിർമാണവും പുരോഗമിക്കുന്നു. ആലപ്പുഴ നഗരത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയായി അവതരിപ്പിച്ച ജില്ലാക്കോടതി പാലം നിർമാണത്തിന്റെ പൈലിങ് ജോലി തുടങ്ങി. തൃക്കുന്നപ്പുഴ പാലത്തിന്റെയും പുന്നമട– നെഹ്റു ട്രോഫി പാലത്തിന്റെയും പൈലിങ് ജോലികൾ നടക്കുന്നു.
മുഖം മാറ്റുമോ കോടതിപ്പാലം
ആലപ്പുഴ ∙ നഗരത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയെന്ന പ്രഖ്യാപനത്തോടെ മൂന്നു വർഷം മുൻപ് നിർമാണോദ്ഘാടനം നടന്ന ജില്ലാക്കോടതി പാലം പുനർനിർമാണത്തിന്റെ പൈലിങ് ജോലി തുടങ്ങി. . സ്ഥലമെടുപ്പും, താൽക്കാലിക ബോട്ട് ജെട്ടിയുടെ നിർമാണവും പൂർത്തിയാക്കി. അടിപ്പാതയും മേൽപ്പാലവും ഉൾപ്പെടെയുള്ള പദ്ധതിയുടെ സ്ഥലമെടുപ്പിന് 20.56 കോടിയും പാലം നിർമാണത്തിന് 90 കോടി രൂപയുമാണ് അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി പുതിയ ബോട്ട് ജെട്ടി നിർമിക്കും. രണ്ടു വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യം. നഗരത്തിലെ വാഹന ഗതാഗതം നിയന്ത്രിച്ചാണ് പൈലിങ് ജോലി. .
തൃക്കുന്നപ്പുഴയിൽ പൈലിങ്
മുതുകുളം∙ തൃക്കുന്നപ്പുഴ പാലം പുനർ നിർമാണവുമായി ബന്ധപ്പെട്ട് കിഴക്ക്, പടിഞ്ഞാറ് കരകളിൽ പൈലിങ് പൂർത്തിയായി. മധ്യഭാഗത്തെ പൈലിങ് ഇന്ന് ആരംഭിക്കും. ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ 38 കോടി രൂപ വിനിയോഗിച്ച് മേജർ ഇറിഗേഷൻ വിഭാഗമാണ് പാലത്തിന്റെ പുനർനിർമാണം നടത്തുന്നത്. ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായിട്ടാണ് നിലവിലുള്ള തൃക്കുന്നപ്പുഴ പാലം പൊളിച്ച് പണിയുന്നത്. നിലവിൽ ഉണ്ടായിരുന്ന പാലത്തേക്കാൾ 3.5 മീറ്റർ ഉയരത്തിലാണു പുതിയ പാലം നിർമിക്കുന്നത്.
രണ്ടു വർഷം ലക്ഷ്യമിട്ട് പുന്നമടപ്പാലം
ആലപ്പുഴ ∙ പുന്നമട–നെഹ്റു ട്രോഫി പാലത്തിന്റെ ഒരു പൈലിങ് ജോലി പൂർത്തിയായി. രണ്ടാമത്തെ പൈലിങ് തുടങ്ങി. 2 വർഷം കൊണ്ട് പാലം നിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യം. സെപ്റ്റംബറിൽ പൈലിങ് തുടങ്ങിയെങ്കിലും ശുദ്ധജല പൈപ്പുകളും, വൈദ്യുത തൂണുകളും നീക്കാത്തതു തടസ്സമായി. പൈപ്പ് ലൈൻ മാറ്റിയെങ്കിലും വൈദ്യുത തൂണുകൾ മാറ്റാനുണ്ട്.അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പും പൂർത്തിയായി. 65.62 കോടി രൂപയാണു പദ്ധതിച്ചെലവ്.
മാക്കേക്കടവിൽ കോൺക്രീറ്റിങ്
പൂച്ചാക്കൽ ∙ മാക്കേക്കടവ് – നേരേകടവ് പാലത്തിനായി സ്ഥാപിച്ച സ്പാനുകളുടെ കോൺക്രീറ്റ് തുടങ്ങുന്നു. മാക്കേക്കടവിൽ ആദ്യം സ്ഥാപിച്ച രണ്ടു സ്പാനുകളുടെ കോൺക്രീറ്റാണ് ഉടൻ ചെയ്യുക. ഇതിലൂടെ വേണം മുന്നോട്ടുള്ള നിർമാണ പ്രവർത്തനങ്ങൾ തുടരാൻ. കോൺക്രീറ്റ് ചെയ്യുന്നതിനായി കമ്പി കെട്ടൽ തുടങ്ങിയിട്ടുണ്ട്. നിലവിൽ 4 സ്പാനുകൾ പൂർത്തിയാക്കിയിട്ടുണ്ട്. അഞ്ചാമത്തെ സ്പാനിന്റെ നിർമാണവും അടുത്ത ദിവസം തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. ഇതിനുള്ള ഗർഡറുകൾ ഒരുക്കിയിട്ടുണ്ട്. ആകെ 21 ഗർഡറുകളുടെ കോൺക്രീറ്റ് കഴിഞ്ഞിട്ടുണ്ട്. 4 ഗർഡർ വീതമാണ് ഒരു സ്പാനിൽ വരിക. ആകെ 80 ഗർഡറുകളാണ് കോൺക്രീറ്റ് ചെയ്യേണ്ടത്.
പെരുമ്പളത്ത് അപ്രോച്ച് റോഡ് നിർമാണം
പൂച്ചാക്കൽ ∙ പെരുമ്പളം പാലത്തിന്റെ പാലത്തിന്റെ 85 % നിർമാണം പൂർത്തിയായി. പെരുമ്പളം ദ്വീപിലേക്കുള്ള അപ്രോച്ച് റോഡ് നിർമാണത്തിന്റെ അനുബന്ധ പ്രവൃത്തികൾ തുടങ്ങി.പടിഞ്ഞാറ് അരൂക്കുറ്റി വടുതല ജെട്ടി ഭാഗത്ത് തുടങ്ങുന്ന പാലം കിഴക്ക് പെരുമ്പളം ദ്വീപിലെ പെരുംചിറ കരിയിലാണ് അവസാനിക്കുന്നത്. വടുതല ജെട്ടി ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണം തുടങ്ങിയിട്ട് ഒരു മാസത്തോളമായി. പെരുംചിറകരി ഭാഗത്ത് അപ്രോച്ച് റോഡ് നിർമാണത്തിനുള്ള ഒരുക്കം തുടങ്ങി. ഇവിടം ചതുപ്പും താഴ്ചയും കൂടുതലുള്ള പ്രദേശമായതിനാൽ ആദ്യം സ്ഥലം ഉയർത്തി, ഒരുക്കി, സംരക്ഷിക്കണം. ഇതിനു ശേഷമാണ് അപ്രോച്ച് റോഡ് നിർമാണം തുടങ്ങുക. ഇരു വശങ്ങളിലും ഓരോ മീറ്റർ നടപ്പാതയും കാനയും ഉൾപ്പെടെ 9.5 മീറ്ററാണ് അപ്രോച്ച് റോഡുകളുടെ വീതി.