വിജയലക്ഷ്മി കൊലപാതകം: അമ്പലപ്പുഴ പൊലീസ് കേസ് ഏറ്റെടുത്തു
Mail This Article
അമ്പലപ്പുഴ∙ കൊല്ലം ആദിനാട് വടക്ക് സ്വദേശി വിജയലക്ഷ്മിയെ (48) അമ്പലപ്പുഴ കരൂരിലെ വീട്ടിൽവച്ചു കൊന്നു കുഴിച്ചിട്ട സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസിന്റെ രേഖകൾ അമ്പലപ്പുഴ പൊലീസിനു കൈമാറി. വിജയലക്ഷ്മിയെ കാണാതായതു സംബന്ധിച്ചാണു കരുനാഗപ്പള്ളി പൊലീസാണ് ആദ്യം കേസെടുത്തത്. തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ പിടികൂടി. കൊലപാതകം നടന്നത് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലായതുകൊണ്ടാണു തുടർന്നുള്ള അന്വേഷണം അമ്പലപ്പുഴ പൊലീസിനു കൈമാറിയത്. തുടർന്ന് അമ്പലപ്പുഴ പൊലീസ് പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്തു.
റിമാൻഡിലുള്ള പ്രതി പുറക്കാട് കരൂർ പുതുവൽ ജയചന്ദ്രനെ (52) കസ്റ്റഡിയിൽ കിട്ടാൻ അമ്പലപ്പുഴ ഇൻസ്പെക്ടർ എം.പ്രതീഷ് കുമാർ അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. കോടതി അപേക്ഷ ഇന്നു പരിഗണിക്കും. കസ്റ്റഡിയിൽ കിട്ടിയ ശേഷം പൊലീസ് വിശദമായ തെളിവെടുപ്പ് നടത്തും. കഴിഞ്ഞ 6നു രാത്രിയാണു ജയചന്ദ്രന്റെ കരൂരിലെ വീട്ടിൽ കൊലപാതകം നടന്നത്. വിജയലക്ഷ്മിയോടുള്ള വിരോധമാണു കാരണം. സംഭവത്തിൽ ജയചന്ദ്രൻ മാത്രമാണോ ഉൾപ്പെട്ടതെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിനു ശേഷം വിജയലക്ഷ്മിയുടെ വസ്ത്രങ്ങൾ ജയചന്ദ്രൻ മറ്റൊരിടത്തേക്കു മാറ്റി. സ്വർണാഭരണങ്ങൾ വിൽക്കുകയും ചെയ്തു. ഇവ കണ്ടെടുത്തിട്ടില്ല. ജയചന്ദ്രന്റെ വീട്ടിലുണ്ടായിരുന്ന ചില വസ്ത്രങ്ങളും ചാക്കും തൊട്ടടുത്തുള്ള പണി തീരാത്ത വീടിനുള്ളിൽ പ്രതി കത്തിച്ചെന്നു പൊലീസ് പറയുന്നു.