ADVERTISEMENT

തുറവൂർ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിലെ എരമല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് വലിയ കോൺക്രീറ്റ് കട്ട വീണ സംഭവത്തിൽ പൊലീസ് കേസെടുത്തു. 24ന് രാത്രിയായിരുന്നു അപകടം.  കാറോടിച്ചിരുന്ന ഫ്രീലാൻസ് ഫൊട്ടോഗ്രഫർ ചാരുംമൂട് താമരക്കുളം നീതു നിവാസിൽ നിതിൻ എസ്. കുമാർ (26) തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നിതിൻ എറണാകുളത്തു നിന്നു താമരക്കുളത്തേക്കു മടങ്ങുകയായിരുന്നു. എരമല്ലൂർ ജംക്‌ഷനിൽ എത്തിയപ്പോൾ തൊട്ടു മുൻപിലുണ്ടായിരുന്ന  കണ്ടെയ്നർ ലോറിയുടെ മുകൾ ഭാഗം  ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്തെ പാലത്തിലെ  പ്ലാസ്റ്റിക് വലയിൽ ഉടക്കിക്കിടന്ന ഭീമൻ കോൺക്രീറ്റ് കട്ടയിൽ തട്ടി. ഇടിയുടെ ആഘാതത്തിൽ പ്ലാസ്റ്റിക് വല കീറി കോൺക്രീറ്റ് കട്ട പിന്നാലെ വന്ന കാറിന്റെ മുകളിലേക്കു  വീഴുകയായിരുന്നു. 

വീഴ്ചയുടെ ആഘാതത്തിൽ കാറിന്റെ പിൻഭാഗം തകർന്നു.  ഉടൻതന്നെ ഉയരപ്പാത നിർമാണക്കരാർകമ്പനിയുടെ  അധികൃതരുമായി ബന്ധപ്പെട്ടു. നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിൽ കാറുമായി വീട്ടിലേക്കു പോയെന്നും എന്നാൽ പിന്നീട് ബന്ധപ്പെട്ടപ്പോൾ നഷ്ടപരിഹാരം നൽകാൻ തയാറല്ലെന്ന് കമ്പനി അധികൃതർ അറിയിച്ചെന്നും നിതിൻ പറഞ്ഞു. തുടർന്നാണ്  ഇന്നലെ അരൂർ പൊലീസിൽ പരാതി നൽകിയത്.  പൊലീസിന്റെ വീഴ്ചമൂലമാണ് അപകടം ഉണ്ടായതെന്നാണു നിർമാണക്കമ്പനിയുടെ വിശദീകരണം.  വലിയ വാഹനങ്ങൾക്കു പ്രവേശനമില്ലാത്ത റോഡിലാണു കണ്ടെയ്നർ ലോറി പ്ലാസ്റ്റിക് വലയിലിടിച്ച് അപകടമുണ്ടാക്കിയത്.  ഈ വാഹനം തടയാതിരുന്നതു  പൊലീസിന്റെ വീഴ്ചയാണെന്നു നിർമാണക്കമ്പനി അധികൃതർ പറയുന്നു. 

അപകടഭീഷണിയായി കോൺക്രീറ്റ് കട്ടകൾ
അരൂർ മുതൽ തുറവൂർ വരെയുള്ള ഭാഗത്തു തൂണുകൾക്കു മുകളിലൂടെയുള്ള എലിവേറ്റഡ് ഹൈവേയുടെ കോൺക്രീറ്റിങ് നടക്കുന്നുണ്ട്.  കോൺക്രീറ്റിന്റെ അവശിഷ്ടങ്ങൾ റോഡിലേക്കു വീഴാതിരിക്കാൻ തൂണുകൾക്കു താഴെ പ്ലാസ്റ്റിക് വല വിരിച്ചിട്ടുണ്ട്. മുകളിൽ നിന്നു വീഴുന്ന ഇരുമ്പുപൈപ്പുകളും കോൺക്രീറ്റ് അവശിഷ്ടങ്ങളും ഈ വലയിൽ തങ്ങിനിൽക്കുന്നുണ്ട്. കോൺക്രീറ്റ് അവശിഷ്ടങ്ങൾ ചേർന്നു വലിയ കട്ടകളും രൂപപ്പെട്ടിട്ടുണ്ട്. ഈ വല കണ്ടെയ്നർ ലോറി ഇടിച്ചു കീറിയപ്പോഴാണ് കഴിഞ്ഞ ദിവസം കോൺക്രീറ്റ് കട്ട കാറിനു മുകളിലേക്കു വീണത്. വലയ്ക്കിടയിലുടെ നിർമാണ സാമഗ്രികൾ താഴേക്കു പതിച്ച് മുൻപ് ഒട്ടേറെ യാത്രക്കാർക്കു പരുക്കേൽക്കുകയും വാഹനങ്ങൾക്കു കേടുപാട് പറ്റുകയും ചെയ്തിട്ടുണ്ട്. 

English Summary:

In a shocking incident, a moving car was crushed by a falling concrete block at the Aroor-Thuravoor overbridge construction site on the National Highway. The driver, a freelance photographer, miraculously survived the impact. The accident has raised serious concerns about safety protocols at the construction site.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com