2018ൽ ആരംഭിച്ച നിർമാണം പൂർത്തിയാകാതെ തുള്ളകുളം പാലം
Mail This Article
ചാരുംമൂട്∙ ചുനക്കര, ഭരണിക്കാവ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോമല്ലൂർ തുള്ളകുളം പാലത്തിന്റെ പുനർനിർമാണം അടിയന്തരമായി പുനരാരംഭിക്കണമെന്ന ആവശ്യം ഉയരുന്നു. 2018ൽ ജില്ലാ പഞ്ചായത്തിന്റെയും ചുനക്കര പഞ്ചായത്തിന്റെയും ആർ.രാജേഷ് എംഎൽഎയുടെയും പ്രാദേശിക വികസന ഫണ്ടുകൾ ഉപയോഗിച്ച് 45 ലക്ഷം രൂപ മുടക്കുമുതൽ പ്രതീക്ഷിച്ചു നിർമാണം ആരംഭിച്ച പാലമാണ് പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടത്. പാലത്തിന് ഇരുവശത്തും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഓട കെട്ടി, ടാർ ചെയ്ത് റോഡ് പണി പൂർത്തീകരിച്ച റോഡ് ഉണ്ട്. ഭരണിക്കാവ് പഞ്ചായത്തിന്റെ ഭാഗത്ത് പാലത്തിലേക്ക് എത്തുവാൻ അപ്രോച്ച് റോഡ് നിർമിക്കേണ്ടി വരും. ടിഎ കനാലിന് കുറുകെയുള്ള ഈ പാലം നിർമാണം പൂർത്തിയായാൽ കെപി റോഡ്, കറ്റാനം എന്നിവിടങ്ങളിലേക്ക് കോമല്ലൂർ നിവാസികൾക്ക് വേഗത്തിൽ എത്താൻ കഴിയും.
തുള്ളകുളം, തെരുവിൽമുക്ക് മുതൽ പടിഞ്ഞാറ് ഭാഗത്തുള്ള മുഴുവൻ പേരും കറ്റാനം ഭാഗത്തേക്ക് ഇതുവഴിയാണ് പോയിരുന്നത്. സ്കൂളുകൾ, കോളജ്, ആരാധനാലയങ്ങൾ, ആശുപത്രികൾ എന്നിവയിലേക്കെല്ലാം വേഗത്തിൽ എത്തുവാൻ കഴിയുന്ന റോഡും പാലവുമാണ് നിർമാണം പൂർത്തിയാകാതെ കിടക്കുന്നത്.പാലം പണി അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് ചുനക്കര തെക്ക് മണ്ഡലം കമ്മിറ്റി റീത്ത് വച്ച് പ്രതിേഷധിച്ചു. ജി.ഹരിപ്രകാശ് ഉദ്ഘാടനം ചെയ്തു. ചുനക്കര തെക്ക് മണ്ഡലം പ്രസിഡന്റ് എസ്.സാദിഖ് അധ്യക്ഷത വഹിച്ചു. പ്രകാശ് ഡി.പിള്ള, ഷീബ മോൾ, സുധീർ ഖാൻ, പ്രസന്നൻ, ശശി തണ്ടാശ്ശേരിൽ, ജി.വിനോദ്, ബിജു ജോർജ്, ജെബി കാരാവള്ളി, വി.എസ്.ഗോപി, രാജു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.