പുന്നപ്ര തെക്ക് പഞ്ചായത്ത് പരിധിയിൽ ഒരാഴ്ചയായി ശുദ്ധജലമില്ല; ദുരിതം, പ്രതിഷേധം ശക്തം
Mail This Article
ആലപ്പുഴ ∙ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയായി ശുദ്ധജലം ലഭിക്കാത്തതിനെ തുടർന്ന് പുന്നപ്ര തെക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വഴിച്ചേരി ജലഅതോറിറ്റി ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസിന്റെ നേതൃത്വത്തിൽ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സുലഭ ഷാജി, എൻ.കെ. ബിജു മോൻ, കില ഫാക്കൽറ്റി ആർ.റജിമോൻ, മെംബർമാരായ ഗീതാ ബാബു, ജെ.സിന്ധു എന്നിവരാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പഞ്ചായത്തിന്റെ കാർഷിക മേഖലയായ കിഴക്കൻ മേഖലകളിലെ ഏഴു വാർഡുകളിലും പടിഞ്ഞാറുള്ള രണ്ടു വാർഡുകളിലും കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. ജലഅതോറിറ്റി ഉദ്യോഗസ്ഥരെ പലതവണ വിവരമറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. ശുദ്ധഝല ടാങ്ക് സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് സ്ഥലം കണ്ടെത്തി നൽകിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് ടാങ്ക് സ്ഥാപിക്കാത്തതിനാൽ ഈ സ്ഥലം കാട് കയറി നശിക്കുകയാണെന്നും ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.
രണ്ടു മണിക്കൂറോളമാണ് ജനപ്രതിനിധികൾ ഓഫിസിനു മുന്നിൽ കുത്തിയിരുന്നത്. ഒടുവിൽ നഗരത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് അടച്ച് പഞ്ചായത്തിലെ ജലസംഭരണി നിറച്ച് ശുദ്ധജല വിതരണം ഉറപ്പു വരുത്താമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു. ഇതു നടപ്പായില്ലെങ്കിൽ അടുത്തദിവസം നാട്ടുകാരെക്കൂടി പങ്കെടുപ്പിച്ചു ജലഅതോറിറ്റി ഓഫിസ് ഉപരോധിക്കുമെന്നും ജനപ്രതിനിധികൾ അറിയിച്ചു.