ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വികസന പദ്ധതികൾ ഇഴയുന്നു; വിഷയം ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ
Mail This Article
ചെങ്ങന്നൂർ ∙ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വികസനത്തിനുള്ള പദ്ധതി ഇഴയുന്നു. വിഷയം ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. വിഷയത്തിൽ റെയിൽവേ മന്ത്രിയുടെ തൃപ്തികരമല്ലാത്ത പ്രതികരണത്തിൽ എംപി നിരാശ പ്രകടിപ്പിച്ചു. അമൃത് ഭാരത് പദ്ധതിയിൽ പ്രധാന സ്റ്റേഷനായി തിരഞ്ഞെടുത്ത ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, കേരളത്തിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും സുപ്രധാന ഗതാഗത കേന്ദ്രമാണ്.
പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രഖ്യാപനം ഉണ്ടായിട്ടും റെയിൽവേ ബോർഡ് അനുമതിയോ കൃത്യമായ പദ്ധതികളോ മുന്നോട്ടു കൊണ്ടുപോയിട്ടില്ല. ആധുനിക യാത്രാസൗകര്യങ്ങൾ, ദിവ്യാംഗർക്കുള്ള പ്രവേശനം, നഗരവുമായുള്ള സുസ്ഥിരമായ സംയോജനം എന്നിവയുൾപ്പെടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ അടിയന്തര ആവശ്യകത ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് ഉയർത്തിക്കാട്ടി. മന്ത്രിയുടെ പ്രതികരണത്തിൽ വ്യക്തത ഇല്ലാതിരുന്നതിനാൽ സ്റ്റേഷൻ വികസനത്തിന് സമയക്രമമോ പ്രവർത്തന പദ്ധതിയോ നൽകുന്നതിൽ പരാജയപ്പെട്ടെന്നും എംപി പറഞ്ഞു.
പദ്ധതി വൈകിപ്പിക്കുന്നതു സർക്കാരിന്റെ അവഗണനയുടെ വ്യക്തമായ ഉദാഹരണമാണെന്നും പറഞ്ഞു. യാത്രക്കാരുടെ സൗകര്യങ്ങൾക്കായി ദക്ഷിണ റെയിൽവേ സോണിന് കീഴിൽ 1383.24 കോടി രൂപ അനുവദിച്ചപ്പോൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ അവഗണിക്കപ്പെടുകയാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഇനിയും കാലതാമസം കൂടാതെ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കി പുനർവികസന പദ്ധതിയുടെ അംഗീകാരവും നടത്തിപ്പും വേഗത്തിലാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് റെയിൽവേ മന്ത്രാലയത്തോട് അഭ്യർഥിച്ചു.