മലിനജലവും വെള്ളക്കെട്ടും; തീരാതെ ദുരിതയാത്ര
Mail This Article
ചെങ്ങന്നൂർ ∙ മാവേലിക്കര–കോഴഞ്ചേരി റോഡിലെ പേരിശേരി, ചെറിയനാട് മാമ്പള്ളിപ്പടി റെയിൽവേ അടിപ്പാതകളിൽ യാത്രക്കാരുടെ ദുരിതയാത്ര. മുകളിൽ നിന്നു മലിനജലം വീഴുന്നതാണു പേരിശേരിയിലെ പ്രശ്നമെങ്കിൽ ഒഴിയാത്ത വെള്ളക്കെട്ടാണു മാമ്പള്ളിപ്പടിയിലെ ദുരിതം. പേരിശേരി അടിപ്പാതയ്ക്കു ചുവടെ യാത്ര ചെയ്യുന്ന ഇരുചക്രവാഹന യാത്രികരുടെയും ബസ് യാത്രികരുടെയുമൊക്കെ ദേഹത്തു മലിനജലം പതിക്കുകയാണ്. മഴ പെയ്യുമ്പോൾ ഉൾപ്പെടെ ചില സമയത്തു വൻതോതിൽ വെള്ളം ചോരുന്നുണ്ട്.
പ്ലാറ്റ്ഫോമിലേക്കുള്ള ജലവിതരണക്കുഴൽ കടന്നു പോകുന്ന ഭാഗത്താണ് ചോർച്ചയെന്ന് റെയിൽവേ അധികൃതർ പറയുമ്പോഴും പ്രശ്നം പരിഹരിക്കാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. പാത ഇരട്ടിപ്പിക്കലിനു ശേഷം പ്ലാറ്റ്ഫോമിന്റെ നീളം കൂടിയതിനെ തുടർന്നാണ് ചോർച്ച ഉണ്ടായതെന്നും ട്രെയിനുകളിലെ മലിനജലമല്ല വീഴുന്നതെന്നും അധികൃതർ വാദിക്കുന്നു. പാതയിൽ ചുവടെ വെള്ളക്കെട്ടും പൂർണമായി മാറിയിട്ടില്ല. പല തവണ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
റോഡിൽ നിന്നെത്തുന്ന വെള്ളം പാതയുടെ വശങ്ങളിലൂടെ വെള്ളം ഒഴുക്കി വിടാൻ ശ്രമിച്ചെങ്കിലും ഇതു പൂർണമായും വിജയിച്ചിട്ടില്ല. പൂട്ടുകട്ടകൾ മാറ്റി കോൺക്രീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മഴ പെയ്താൽ പിന്നെ ചെറിയനാട് മാമ്പള്ളിപ്പടി അടിപ്പാതയിലൂടെ യാത്ര ദുഷ്കരമാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയില്ലാത്തതിനാൽ അപകടകരമായി യാത്ര ചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാർ. അടിപ്പാതയിലെ കുഴികളിൽ വീണ് ഇരുചക്രവാഹനയാത്രികർ അപകടത്തിൽപെടുന്നതു പതിവാണ്. പ്രശ്നപരിഹാരത്തിനു സംസ്ഥാന സർക്കാരും റെയിൽവേയും ചേർന്ന് നടപടി സ്വീകരിക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം.