ADVERTISEMENT

ആലപ്പുഴ ∙ ഇരുപതു ദിവസം മാത്രം പ്രായമുള്ള പൊന്നോമന അനുഭവിക്കുന്ന കൊടിയ വേദനകളോർക്കുമ്പോൾ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദിനും ഭാര്യ സുറുമിക്കും നെഞ്ചിൽ തീയാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കുഞ്ഞിനു തിരിച്ചറിഞ്ഞ വൈകല്യങ്ങൾ ഏറെയാണ്. ഇനിയും പ്രശ്നങ്ങൾ കണ്ടെത്തുമോ എന്ന ആശങ്കയും അവർക്കുണ്ട്. ചികിത്സയെക്കുറിച്ച് ഓർക്കുമ്പോൾ വാക്കുകൾ കരച്ചിലിൽ മുങ്ങുന്നു.

കുട്ടിയുടെ കണ്ണുകളും വായയും ഇതുവരെ തുറന്നിട്ടില്ല. കരച്ചിൽ പുറത്തു വരുന്നില്ല. കണ്ണുകളും ചെവിയും യഥാസ്ഥാനത്തല്ല. മുഖത്തിനു ശരിയായ രൂപമില്ല. കൈകാലുകൾ വളഞ്ഞിരിക്കുന്നു. ശ്വാസകോശത്തിനു ദ്വാരമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എൻഡോസ്കോപ്പിക്കായി നിവർത്തിക്കിടത്തുമ്പോൾ കുട്ടിയുടെ നാവ് അകത്തേക്കു പോകുന്നു. അതിനാൽ ജനിച്ച ദിവസം മുതൽ കുഞ്ഞിനെ കമിഴ്ത്തിക്കിടത്തിയിരിക്കുകയാണ്.

ചികിത്സകൾ എവിടെ തുടങ്ങണമെന്നു പോലും മാതാപിതാക്കൾക്കു വിദഗ്ധനിർദേശം ലഭിച്ചിട്ടില്ല. നവജാതശിശുക്കൾക്കുള്ള ഇത്തരം ചികിത്സകൾ സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ നടത്താമെങ്കിലും റജിസ്റ്റർ ചെയ്തു കാത്തിരിക്കണം. എറണാകുളത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയുണ്ടെങ്കിലും ലക്ഷങ്ങൾ ചെലവു വരും. സാമ്പത്തിക ബാധ്യതകൾ ഏറെയുള്ള അനീഷിന് അത് ആലോചിക്കാൻ പോലും കഴിയുന്നില്ല.

ഹൃദയ വാൽവ് തകരാർ പരിഹരിക്കുന്നതു മുതലുള്ള ചികിത്സകൾ തുടങ്ങണം. കണ്ണിന്റെയും വായുടെയും ചികിത്സകൾക്കു പീഡിയാട്രിക് സർജനിൽനിന്നു മാർഗനിർദേശം തേടണം. ഹൃദയത്തിന്റെ എക്കോ ടെസ്റ്റ് നടത്താൻ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു സമയം നൽകിയിരിക്കുന്നതു ജനുവരി 3ന്. ഇതു നേരത്തെയാക്കാൻ ശ്രമിക്കുന്നുണ്ട്. പടിപടിയായി ചികിത്സകൾ ചെയ്തു കു‍ഞ്ഞിനെ ജീവിതത്തിലേക്കു കൊണ്ടുവരാൻ കഴിയുമെന്നാണ് അനീഷിന്റെയും സുറുമിയുടെയും പ്രത്യാശ.

പ്രാഥമിക ചികിത്സകൾ തുടങ്ങിയെന്ന് അധികൃതർ
∙ അനീഷ് മുഹമ്മദ്, സുറുമി ദമ്പതികളുടെ നവജാതശിശുവിന്റെ വൈകല്യങ്ങൾ പരിഹരിക്കാൻ മെഡിക്കൽ കോളജ് റീജനൽ ഏർലി ഇന്റൻസീവ് കെയർ സെന്ററിൽ (ആർഇഐസി) പ്രാഥമിക ചികിത്സകൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. വിവിധ തെറപ്പികളിലൂടെ വൈകല്യങ്ങൾക്കു പ്രാഥമിക പരിഹാരത്തിനാണ് ആദ്യഘട്ടത്തിൽ ശ്രമിക്കുന്നത്. ജനിതക പ്രശ്നങ്ങൾ കണ്ടെത്താൻ നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ് ടെസ്റ്റ് (എൻജിഎസ്) നടത്താൻ ആലോചിക്കുന്നതായും അധികൃതർ പറഞ്ഞു.

വൈകല്യം മൂലം ശബ്ദത്തോടെയാണു കുഞ്ഞു ശ്വസിക്കുന്നത്. വായ പൂർണമായും തുറക്കാൻ കഴിയാത്തതിനാൽ മുലപ്പാൽ സ്വയം കുടിക്കാൻ കഴിയുന്നില്ല. ഇവ പരിഹരിക്കാനാണ് ആദ്യശ്രമം. കുഞ്ഞ് ഇപ്പോൾ അമ്മയ്ക്കൊപ്പം വീട്ടിലാണ്. ഭാവിയിൽ ഭക്ഷണം വിഴുങ്ങാൻ കഴിയുന്ന തരത്തിൽ പരിശീലനം ചികത്സയിലൂടെ നൽകും. ഇതിനായി ഒരാഴ്ചയോളം അമ്മയ്ക്കു പരിശീലനം നൽകിയിരുന്നു. അതേസമയം, മുഖവൈകല്യങ്ങൾ പരിഹരിക്കുന്നതിൽ വ്യക്തതയായിട്ടില്ല.

കുട്ടിയുടെ തുടർചികിത്സ സർക്കാർ ഏറ്റെടുക്കണം: കെ.സി.വേണുഗോപാൽ
ആലപ്പുഴ ∙ നവജാത ശിശുവിന്റെ ഗുരുതര വൈകല്യങ്ങൾ യഥാസമയം കണ്ടെത്താത്ത സംഭവത്തിൽ കുട്ടിയുടെ തുടർചികിത്സ പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തെഴുതിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. സ്കാൻ ചെയ്ത സ്ഥാപനവും വനിത, ശിശു ആശുപത്രിയിലെ ഡോക്ടർമാരും പരസ്പരം കുറ്റപ്പെടുത്തി കയ്യൊഴിയുകയാണ്. നിരുത്തരവാദപരമായ സമീപനത്താൽ പാവപ്പെട്ട കുടുംബത്തിന്റെ സ്വപ്നങ്ങളാണു തകർത്തത്. കുട്ടിയുടെ ചികിത്സ താങ്ങാൻ ആ കുടുംബത്തിനു കഴിയില്ല. സംസ്ഥാനത്തു തുടരെ ചികിത്സാ പിഴവുകൾ ഉണ്ടാകുന്നു. പതിവ് അന്വേഷണ രീതി മാറ്റി ഗൗരവമായി അന്വേഷിക്കണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണം: ചെന്നിത്തല
ആലപ്പുഴ ∙ അപൂർവ വൈകല്യങ്ങളുമായി ജനിച്ച കുഞ്ഞിന്റെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കണമെന്നു രമേശ് ചെന്നിത്തല എംഎൽഎ ആവശ്യപ്പെട്ടു. ഇക്കാര്യം ആരോഗ്യ മന്ത്രിയുമായി സംസാരിച്ചു. മുഖ്യമന്ത്രിക്കു കത്തയയ്ക്കുകയും ചെയ്തു. കുഞ്ഞിന്റെ മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. പിഴവുകൾ ആവർത്തിക്കുന്ന ആശുപത്രിയായി വനിത, ശിശു ആശുപത്രി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആശുപത്രി അധികൃതർ പ്രതികരിച്ചില്ലെന്ന് വികസന സമിതിയംഗം
ആലപ്പുഴ ∙ നവജാത ശിശുവിനു കണ്ടെത്തിയ വൈകല്യങ്ങളെപറ്റി ചൊവ്വാഴ്ച ചേർന്ന വനിത ശിശു ആശുപത്രി വികസന സമിതി യോഗത്തിൽ ചോദിച്ചെങ്കിലും അധികൃതർ ഗൗനിച്ചില്ലെന്നു സമിതിയംഗം പ്രസാദ് പൈ.  സമിതി യോഗത്തിലെ മറ്റു നടപടികൾ കഴിഞ്ഞപ്പോൾ മറ്റെന്തെങ്കിലും വിഷയങ്ങൾ പറയാനുണ്ടോ എന്നു കലക്ടർ ചോദിച്ചു. അപ്പോഴാണ് അറിഞ്ഞ വിവരങ്ങൾ അവതരിപ്പിച്ചത്. പക്ഷേ, ആശുപത്രി സൂപ്രണ്ടോ മറ്റുള്ളവരോ പ്രതികരിച്ചില്ലെന്നു പ്രസാദ് പൈ പറഞ്ഞു.

സ്കാനിങ്; ലാബിനു വീഴ്ചയില്ലെന്ന് ഉടമ
ആലപ്പുഴ ∙ ഗുരുതര വൈകല്യങ്ങളുള്ള കുഞ്ഞിനെ ഗർഭാവസ്ഥയിൽ സ്കാൻ ചെയ്തതിൽ ലാബിനു വീഴ്ചയുണ്ടായിട്ടില്ലെന്നു ശങ്കേഴ്സ് ഹെൽത്ത്കെയർ സ്കാൻസ് ആൻഡ് ഡയഗ്നോസ്റ്റിക്സ് സിഇഒയും ലബോറട്ടറി ഡയറക്ടറുമായ ഡോ. ആർ.മണികുമാർ പറഞ്ഞു. ഡോക്ടർ നിർദേശിച്ച പ്രകാരം 2 ഡി അനോമലി സ്കാനിങ്ങാണു നടത്തിയത്. ഈ സ്കാനിങ്ങിൽ എല്ലാ വൈകല്യങ്ങളും കണ്ടെത്താൻ കഴിയണമെന്നില്ല. അതിനു വിശദമായ രക്തപരിശോധനകളോ അമ്നിയോട്ടിക് ദ്രവ പരിശോധനയോ നടത്തണം. 2 ഡി സ്കാനിങ്ങിൽ ദ്രവത്തിന്റെ അളവ് സാധാരണയിലും ഇരട്ടിയാണെന്നു റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള വിദഗ്ധനായ റേഡിയോളജിസ്റ്റാണു ശങ്കേഴ്സിൽ പരിശോധനകൾ നടത്തുന്നതെന്നും മണികുമാർ പറഞ്ഞു.

പൊലീസ് അന്വേഷണം തുടങ്ങി
ആലപ്പുഴ ∙ വനിത, ശിശു ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്ന ആരോപണത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയെടുക്കുമെന്നു ഡിവൈഎസ്പി എം.ആർ.മധു ബാബു പറഞ്ഞു. സൗത്ത് ഇൻസ്പെക്ടർ കെ.ശ്രീജിത്തിൽനിന്നു റിപ്പോർട്ട് വാങ്ങി. ആശുപത്രിയിലെ 2 ഡോക്ടർമാർക്കും 2 സ്വകാര്യ ലാബുകളിലെ 2 ഡോക്ടർമാർക്കും എതിരെ കേസെടുത്തിട്ടുണ്ട്. സുറുമിക്ക് അംനിയോട്ടിക് ദ്രവം കൂടുതലാണെന്നും അതിനാൽ സങ്കീർണതകൾ ഉണ്ടാകുമെന്നും അറിയിച്ചിരുന്നെന്നും വനിത, ശിശു ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ.ദീപ്തി പറഞ്ഞു. ഗർഭത്തിന്റെ തുടക്കം മുതൽ സുറുമി ഇവിടത്തെ ചികിത്സയിലായിരുന്നു. എന്നാൽ, കാര്യങ്ങൾ ഇത്ര സങ്കീർണമാകുമെന്നു കരുതിയില്ലെന്നും സൂപ്രണ്ട് പറഞ്ഞു.

കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് പ്രവർത്തകർ ആലപ്പുഴ ബീച്ച് വനിതാ ശിശു ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചപ്പോൾ. ചിത്രം: മനോരമ.
കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് പ്രവർത്തകർ ആലപ്പുഴ ബീച്ച് വനിതാ ശിശു ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചപ്പോൾ. ചിത്രം: മനോരമ.

ചികിത്സപ്പിഴവ്: പ്രതിഷേധവുമായി വിവിധ സംഘടനകൾ
ആലപ്പുഴ ∙ ഗർഭകാലത്തെ ചികിത്സപ്പിഴവു കാരണം ഗുരുതരാവസ്ഥയിൽ കഴിയുന്ന നവജാത ശിശുവിന്റെ ചികിത്സയും സംരക്ഷണവും സർക്കാർ ഏറ്റെടുക്കണമെന്നും, ചികിത്സപ്പിഴവു വരുത്തിയ ഡോക്ടർമാർക്കെതിരെ അന്വേഷണ വിധേയമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധവുമായെത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വനിതാ ശിശു ആശുപത്രി ഉപരോധിച്ചു. റബർ ഫാക്ടറി ജംക്‌ഷനിൽ നിന്നു പ്രകടനമായാണ് സമരക്കാർ എത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റഹീം വെറ്റക്കാരൻ ഉദ്ഘാടനം ചെയ്തു. 

കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. കലക്ടറുമായും ഡിഎംഒയുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ അടിയന്തിര പരിഹാരം ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് സമരക്കാർക്ക് ഉറപ്പ് നൽകി. പ്രവർത്തകരെ പിന്നീട് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.  വനിതാ ശിശു ആശുപത്രിയിലെ ചികിത്സപ്പിഴവിന്റെ കാരണക്കാരായ ഗൈനക്കോളജിസ്റ്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നു ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് ആവശ്യപ്പെട്ടു. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന മെഡിക്കൽ ലാബുകളുടെ കൊള്ള അവസാനിപ്പിക്കണമെന്നു ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധി്ച് എസ്ഡിപിഐ ആലപ്പുഴ മുനിസിപ്പൽ കമ്മിറ്റി ആശുപത്രിയിലേക്കു മാർച്ച് നടത്തി. 

വീഴ്ചയില്ല: കെജിഎംഒഎ
ആലപ്പുഴ ∙ വനിത, ശിശു ആശുപത്രിയിൽനിന്നു വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ച ഗർഭിണി വൈകല്യമുള്ള കുട്ടിയെ പ്രസവിച്ച സംഭവത്തിൽ ഗർഭിണിയെ ആദ്യം ചികിത്സിച്ച വനിത, ശിശു ആശുപത്രിയിലെ ഡോക്ടർമാർക്കു ചികിത്സയിൽ വീഴ്ചയില്ലെന്നു കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സാബു സുഗതൻ പറഞ്ഞു. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

∙ ഡോക്ടർമാർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവരുടെ മനോവീര്യം കെടുത്തുമെന്ന് കേരള ഗവ.സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ (കെജിഎസ്ഡിഎ).  സങ്കീർണമായ കേസുകൾ ഏറ്റെടുക്കാൻ ഡോക്ടർമാർ മടിക്കുന്ന സാഹചര്യം സൃഷ്ടിക്കാൻ ഇത്തരം ആരോപണങ്ങൾ കാരണമാകുമെന്നു കെജിഎസ്ഡിഎ വക്താവ് ഡോ. സുഞ്ജിത് രവി പറഞ്ഞു. 

വനിതാ ശിശു ആശുപത്രിയിലെ ഡോക്ടർമാർക്ക് പിഴവില്ലെന്ന് ഡിഎംഒയുടെ റിപ്പോർട്ട് ;ലാബിലെ ഡോക്ടർമാർക്കു വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ
തിരുവനന്തപുരം ∙ ആലപ്പുഴ ഗവ. ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിന്റെ വൈകല്യം നേരത്തേ കണ്ടെത്തിയില്ലെന്ന ആരോപണത്തിൽ ഗർഭിണിയെ പരിശോധിച്ച ഗവ. വനിതാ ശിശു ആശുപത്രിയിലെ ഡോക്ടർമാർക്ക് പിഴവു സംഭവിച്ചിട്ടില്ലെന്ന് ഡിഎംഒയുടെ റിപ്പോർട്ട്. സ്വകാര്യ സ്കാനിങ് ലാബിലെ ഡോക്ടർമാർക്കു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സൂചിപ്പിക്കുന്നു. അതേസമയം സ്കാനിങ്ങിലൂടെ ഗർഭസ്ഥ ശിശുവിന്റെ എല്ലാ വൈകല്യങ്ങളും കണ്ടെത്താനാകില്ലെന്ന വാദം ഉയർന്നതോടെ അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. 

അൾട്രാസോണോഗ്രാം പരിശോധനയിൽ ഗർഭസ്ഥ ശിശുവിന്റെ തലയുടെ വലുപ്പത്തിലെ വ്യതിയാനം, വൃക്കകൾ ഇല്ലാത്തത്, കുടലിലും മറ്റുമുള്ള മുഴകൾ തുടങ്ങിയ കുറവുകൾ മാത്രമേ കാണാൻ സാധിക്കുകയുള്ളെന്നും സോഫ്ട് ടിഷ്യൂകളിലെ പ്രശ്നങ്ങൾ തിരിച്ചറിയാൻ സാധിക്കില്ലെന്നുമാണ് ഒരു വിഭാഗം ഡോക്ടർമാരുടെ വാദം. അതിനാലാണു ഹൃദയത്തിലെ സുഷിരം കണ്ടെത്താൻ സാധിക്കാത്തത്. ഇത്തരം വാദഗതികളും ശാസ്ത്രീയ വശങ്ങളും അന്വേഷണസംഘം പരിശോധിക്കും. കൂടാതെ സ്വകാര്യ സ്കാനിങ് സെന്ററിനെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

English Summary:

Organizations in Alappuzha are demanding justice for a newborn baby suffering from alleged medical negligence during pregnancy. The protests call for government-funded treatment, a thorough investigation, and accountability for the medical professionals involved.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com