പുതിയ വിത്ത് എത്തി; ചെന്നിത്തല 9 ാം ബ്ലോക്കിൽ വിത തുടങ്ങി
Mail This Article
ചെന്നിത്തല ∙ സർക്കാർ നൽകിയ വിത്ത് കിളിർത്തില്ല, കർഷകർ ഒന്നടങ്കം പ്രതിഷേധിച്ചപ്പോൾ പുതിയ വിത്തെത്തി, ചെന്നിത്തല 9 ാം ബ്ലോക്ക് പാടശേഖരത്തിൽ ഇന്നലെ വിത തുടങ്ങി. ചെന്നിത്തല 9 ാം ബ്ലോക്കിൽ 140 ഏക്കർ വരുന്ന വെട്ടത്തേരി പാടശേഖരത്തിലെ 88 കർഷകർക്കാണ് അഞ്ചര ടൺ കിളിർക്കാത്ത വിത്ത് മൂന്നാഴ്ച മുൻപ് ചെന്നിത്തല കൃഷി ഭവനിൽ നിന്നും സൗജന്യമായി നൽകിയത്.
പാടശേഖര സമിതിയിൽ വിത്തെത്തി കർഷകർ കൊണ്ടുപോയി. കിളിർക്കുന്നതിനായി വിത്ത് കെട്ടി കാത്തിരുന്നിട്ടും ഒരു നെൽമണി പോലും കിളിർത്തില്ല. നിലമൊരുക്കി വിതയ്ക്കാനായി കാത്തിരുന്ന ആശങ്കയിലായി കർഷകർ പരാതിയും പ്രതിഷേധവുമുയർത്തിയതോടെ കൃഷി വകുപ്പ് ഇടപെട്ട് പുതിയ വിത്ത് ഒരാഴ്ച മുൻപെത്തിച്ചു പാടശേഖരസമിതിക്കു നൽകി. വിത ഉദ്ഘാടനം ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികുമാർ നിർവഹിച്ചു. പാടശേഖര സമിതി പ്രസിഡന്റ് പി.ജെ. റോമിയോ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ലീലാമ്മ ഡാനിയേൽ, സെക്രട്ടറി സന്തോഷ് സമിതി, കുരുവിള, അനിൽ വല്ലൂർ, ജോസ് കോതപുരത്ത്, എ.ജി. മാത്യു എന്നിവർ പ്രസംഗിച്ചു.